ന്യൂദൽഹി: ദേശീയ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയെയും അന്താരാഷ്ട്ര കൂട്ടായ്മകളിലെ ഇന്ത്യയുടെ പങ്കാളിത്തത്തെയും ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ പി. ചിദംബരം.
സമീപകാലത്തായി നടന്ന ബ്രിക്‌സ് യോഗങ്ങൾ കൊണ്ട് ഇന്ത്യയ്ക്ക് പ്രകടമായ യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. എന്നാൽ, നയതന്ത്രത്തെ കോൺഗ്രസ് ലാഭനഷ്ടക്കണക്കുകൾ മാത്രമുള്ള കച്ചവട ഇടപാടായി ചുരുക്കുകയാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026-ലെ ബ്രിക്‌സ് ഉച്ചകോടിയുടെ ഒരുക്കങ്ങൾ ദൽഹിയിൽ പുരോഗമിക്കുന്നതിനിടെയാണ് ചിദംബരത്തിന്റെ രൂക്ഷവിമർശനം. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കേന്ദ്ര നയതന്ത്ര സമീപനങ്ങൾക്കെതിരെ രംഗത്തെത്തിയത്.
‘എത്ര പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമാണ് സമ്മേളനത്തിന് എത്തുന്നതെന്ന് എനിക്കറിയില്ല. എന്നാൽ കഴിഞ്ഞ രണ്ടോ മൂന്നോ ബ്രിക്‌സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് വ്യക്തമായ നേട്ടങ്ങളോ ഫലങ്ങളോ ഉണ്ടായതായി കരുതുന്നില്ല. നാം ബ്രിക്‌സിന്റെയും എസ്.സി.ഒയുടെയും ജി20-യുടെയും ക്വാഡിന്റെയുമെല്ലാം ഭാഗമാണ്. ഇതുകൊണ്ടൊക്കെ നമുക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്? മുൻകാലങ്ങളിൽ ബ്രിക്‌സ് കൂട്ടായ്മകൾ ചില നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും സമീപകാലത്തായി അത്തരം യാതൊരു ഗുണവും ഇന്ത്യയ്ക്ക് ലഭിക്കുന്നതായി കാണുന്നില്ല.’അദ്ദേഹം പറഞ്ഞു.
ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പി വക്താവ് നളിൻ കോഹ്‌ലി പ്രതികരിച്ചത്. ലോകനേതാക്കൾ പങ്കെടുക്കുന്നതും ഉഭയകക്ഷി ചർച്ചകൾ നടക്കാനിരിക്കുന്നതുമായ ഒരു വലിയ അന്താരാഷ്ട്ര സമ്മേളനത്തിന് രാജ്യം ആതിഥേയത്വം വഹിക്കുമ്പോൾ ഇത്തരം പ്രതികരണങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കോൺഗ്രസ് പാർട്ടി നയതന്ത്രത്തെ വെറുമൊരു കച്ചവട ഇടപാടായാണ് കാണുന്നത്. ഞാൻ നിങ്ങൾക്ക് എന്ത് നൽകി, നിങ്ങൾ എനിക്ക് എന്ത് തരും എന്ന സമീപനമാണോ നയതന്ത്ര ബന്ധങ്ങൾക്കുള്ളത്? എന്ത് നേട്ടമാണ് അവർ അന്വേഷിക്കുന്നത്? 1947 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്ഥാനെ ഷാം എൽ-ഷെയ്ഖിൽ വെച്ച് ഭീകരതയുടെ ഇരയായി ചിത്രീകരിച്ച ചരിത്രമാണ് കോൺഗ്രസിന്റേത്.’ എന്ന് അദ്ദേഹം പറഞ്ഞു.
വിമർശനങ്ങൾക്കിടയിലും ഉച്ചകോടിക്കായുള്ള ഒരുക്കങ്ങൾ തലസ്ഥാനത്ത് വേഗത്തിൽ പൂർത്തിയായി വരികയാണ്. ഭാരത് മണ്ഡപവും നഗരത്തിലെ പ്രധാന സഞ്ചാരപാതകളും ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിലയിരുത്തി. നഗരസൗന്ദര്യവത്ക്കരണവും കർശന സുരക്ഷാ ക്രമീകരണങ്ങളുമാണ് ദൽഹിയിൽ ഒരുക്കിയിരിക്കുന്നത്. ‘റെസിലിയൻസ്, ഇന്നൊവേഷൻ, കോ-ഓപ്പറേഷൻ, സസ്റ്റൈനബിലിറ്റി’ എന്ന പ്രമേയത്തിൽ നാലാം തവണയാണ് ഇന്ത്യ ബ്രിക്‌സ് അധ്യക്ഷപദവി അലങ്കരിക്കുന്നത്.
Content Highlight:What has India gained from the BRICS Summit? P. Chidambaram asks; BJP says diplomacy is not a business deal.
