ഉർവശിയുടെ ഏറ്റവും പുതിയ ചിത്രമായ ആശ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞദിവസം ആശയുടെ ട്രെയിലർ ലോഞ്ചിനിടെ ജോജുവിനെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. റിപ്പോർട്ടർ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു നടി.

ഉർവശി. Photo. Screen Grab/ Yoiutube
ജോജു ജോർജിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നതെന്നും, കഥാപാത്രത്തിനായി സ്വന്തം ശരീരംപോലും പരിഗണിക്കാതെ റിസ്ക് എടുത്ത് പെർഫോം ചെയ്യുന്ന നടനാണ് ജോജുവെന്നും ഉർവശി പറയുന്നു.
‘ജോജുവുമായിട്ട് ഞാൻ ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. അഭിനയം വളരെ നാച്ചുറലാവണം എന്ന് ആഗ്രഹിച്ച് പെർഫോം ചെയ്യുന്ന ഒരു ആർട്ടിസ്റ്റാണ് ജോജുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിനോടൊപ്പം തന്നെ അഭിനയം അത്രയും ഇമോഷണലായി എടുക്കുന്ന ഒരാൾ കൂടിയാണ്. ഒരു സീനിൽ ഒന്നും നോക്കാതെ സകല റിസ്കും എടുത്തു ചെയ്യുന്ന നടനാണ് ജോജു.
അത്യാവശ്യം തടിയും പൊക്കവുമൊക്കെയുള്ള ആളാണ് പുള്ളി, പക്ഷെ ഫൈറ്റ് സീനുകളിലും ഉന്തും തള്ളുമൊക്കെയുള്ള സീനുകളിലും എപ്പോഴും ജോജു തന്നെയാവും താഴെ വീഴുന്നത്. സ്വന്തം ശരീരം പോലും നോക്കാതെയാണ് പുള്ളി പണിയെടുക്കുന്നത് എന്ന് തന്നെ വേണം പറയാൻ,’ നടി പറഞ്ഞു.
ആശയിൽ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സിനിമയുടെ കഥാഗതിയിൽ നിർണായക സ്ഥാനമാണുള്ളതെന്നും, ആ കഥാപാത്രത്തിന്റെ വരവോടെയാണ് സിനിമയിലെ പ്രധാന കഥ ആരംഭിക്കുന്നതെന്നും ഉർവശി വ്യക്തമാക്കി.

ആശ. ജോജു ജോർജ്. Photo. IMBd/ Facebook
ആശയിൽ അത്രയും സ്ട്രെയിൻ എടുത്ത് ചെയ്യുന്ന ഒരു റോളാണ് ജോജുവിന്റേത്. കാരണം ജോജുവിന്റെ കഥാപാത്രം എൻട്രി ആവുമ്പോഴാണ് സിനിമയിലെ പ്രധാന കഥ തന്നെ ആരംഭിക്കുന്നത്. ആശയുടെ ജീവിതത്തിലേക്ക് ജോജുവിന്റെ കഥാപാത്രം എത്തുമ്പോൾ അയാൾ കാരണം ഉണ്ടാവുന്ന പ്രശ്നങ്ങളും, അത് ആ സ്ത്രീ എങ്ങനെ നേരിടുന്നു എന്നതുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം,’ ഉർവശി പറഞ്ഞു.
ഐശ്വര്യ ലക്ഷ്മിയും വിജയരാഘവനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
