ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കാന്‍ താന്‍ അര്‍ഹനെന്ന് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ ഈ വ്യക്തിഗത പുരസ്‌കാരം അസാധാരണമായ പ്രകടനം പുറത്തെടുക്കുന്ന താരങ്ങള്‍ക്ക് നല്‍കണമെന്നും, ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഭരിച്ച കാലഘട്ടത്തെയാണ് താന്‍ മാതൃകയാക്കുന്നതെന്നും താരം പറഞ്ഞു.
ബാലണ്‍ ഡി ഓറിന്റെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഫ്രഞ്ച് സൂപ്പര്‍ താരം പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പിക്കുപ്പെടുന്നവരില്‍ പ്രധാനിയാണ്. ദേശീയ ടീമിനൊപ്പമോ ക്ലബ്ബിനൊപ്പമോ കിരീടങ്ങളൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും ലാ ലിഗയിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലും പുറത്തെടുത്ത വ്യക്തിഗത പ്രകടനമാണ് എംബാപ്പെയെ ഫേവറിറ്റാക്കുന്നത്.

കിലിയന്‍ എംബാപ്പെ
ഹാരി കെയ്ന്‍, ലാമിന്‍ യമാല്‍, ക്വിച്ച ക്വാരത്‌ഷെലിയ, ഒസ്മാനെ ഡെംബലെ, ലയണല്‍ മെസി എന്നിവരില്‍ നിന്നും വലിയ മത്സരം താരം പ്രതീക്ഷീക്കുന്നുമുണ്ട്.
‘ഈ വര്‍ഷം ബാലണ്‍ ഡി ഓര്‍ നേടാന്‍ എനിക്ക് കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബാലണ്‍ ഡി ഓര്‍ എന്നത് യഥാര്‍ത്ഥത്തില്‍ അസാധാരണനായ ഒരു കളിക്കാരന് നല്‍കേണ്ട ഒന്നാണെന്നാണ് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്. തീര്‍ച്ചയായും ടീമിന്റെ പങ്കും പ്രധാനപ്പെട്ടതാണ്, ഫുട്‌ബോള്‍ ഒരു ടീം ഗെയിം തന്നെയാണ്. പക്ഷേ ഇതൊരു വ്യക്തിഗത പുരസ്‌കാരമാണ്.

കിലിയന്‍ എംബാപ്പെ
ബാലണ്‍ ഡി ഓറിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മെസ്സിയുടെയും റൊണാള്‍ഡോയുടെയും കാലഘട്ടത്തില്‍ നിന്നുള്ളതാണ്. അത് ഒരിക്കലും സാധാരണക്കാരായ കളിക്കാര്‍ക്ക് നല്‍കിയിട്ടില്ല, മറിച്ച് അസാധാരണമായ കാര്യങ്ങള്‍ ചെയ്തവര്‍ക്കാണ് നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം ഞാന്‍ കാര്യങ്ങള്‍ വ്യത്യസ്തമായാണ് ചെയ്തതെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് എനിക്ക് ഇത് നേടാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നത്,’ താരം പറഞ്ഞു.

കഴിഞ്ഞ സീസണില്‍ എംബാപ്പെ റയല്‍ മാഡ്രിഡിനായി എല്ലാ മത്സരങ്ങളില്‍ നിന്നുമായി 42 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ലാ ലിഗയില്‍ 25 ഗോളുകളും ചാമ്പ്യന്‍സ് ലീഗില്‍ 15 ഗോളുകളും നേടി രണ്ടിടത്തും ടോപ് സ്‌കോററായി ഫിനിഷ് ചെയ്യാനും താരത്തിന് സാധിച്ചു.
കൂടാതെ, 2026 ഫിഫ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് പത്ത് ഗോളും നാല് അസിസ്റ്റുകളും നേടി ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും എംബാപ്പെ സ്വന്തമാക്കിയിരുന്നു.
Content Highlight: Kylian Mbappe says he can win the Ballon d’Or this time
