സമീപകാലത്ത് വലിച്ചുവാരി കാമിയോ ചെയ്ത ഒരു മുന്‍നിര സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. പണ്ടൊക്കെ മോഹന്‍ലാല്‍ ഒരു സിനിമയില്‍ അതിഥിവേഷം ചെയ്യുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് ആവേശമായിരുന്നു. സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ ക്ലൈമാക്‌സില്‍ വന്ന് സ്‌കോര്‍ ചെയ്തതും മനു അങ്കിളില്‍ മോഹന്‍ലാലായി തന്നെ വേഷമിട്ടതുമെല്ലാം ഐക്കോണിക്കാണ്.

Photo: The Hindu

എന്നാല്‍ ഇന്ന് കണ്ണില്‍ കാണുന്ന സിനിമകളിലെല്ലാം ഗസ്റ്റ് റോള്‍ ചെയ്ത് കാമിയോയുടെ ഇംപാക്ട് കളഞ്ഞിരിക്കുകയാണ്. 2025 മുതലിങ്ങോട്ട് ആറ് സിനിമകളിലാണ് മോഹന്‍ലാല്‍ ഗസ്റ്റ് റോളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാ സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു എന്ന് എടുത്തുപറയണം.

ഏറ്റവുമൊടുവില്‍ ചെയ്ത ഹയ്‌വാന്റെ ബോക്‌സ് ഓഫീസ് റിസല്‍ട്ടും വ്യത്യസ്തമല്ല. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കോമ്പോയിലൊരുങ്ങിയ ഒപ്പത്തിന്റെ ഹിന്ദി റീമേക്കാണ് ഹയ്‌വാന്‍. സെയ്ഫ് അലി ഖാന് നായകനായെത്തുന്ന ചിത്രത്തില്‍ പോസ്റ്റ് ക്രെഡിറ്റ് സീനിലായിരുന്നു ജയരാമന്റെ എന്‍ട്രി. സമീപകാലത്ത് ചെയ്ത റീമേക്കുകളെല്ലാം ബോക്‌സ് ഓഫീസില്‍ പടക്കങ്ങളാക്കിയ പ്രിദയദര്‍ശന്‍ ഇത്തവണയും സ്ഥിരത നിലനിര്‍ത്തി.

മലയാളത്തിലും പുറത്തുമായി മോഹന്‍ലാല്‍ ചെയ്ത കാമിയോ ആ സിനിമകള്‍ക്ക് ഒരു ഇംപാക്ടും ഉണ്ടാക്കിയിട്ടില്ല. തുടര്‍ച്ചയായി രണ്ട് 200 കോടി സിനിമകള്‍ ചെയ്ത് തിരിച്ചുവരവ് നടത്തി നിന്ന സമയത്തായിരുന്നു തെലുങ്ക് ചിത്രം കണ്ണപ്പ റിലീസ് ചെയ്തത്. മൂന്ന് മണിക്കൂര്‍ സിനിമ മൊത്തം പരാജയമായിരുന്നെങ്കിലും ഏറ്റവുമധികം ട്രോള്‍ ലഭിച്ചത് അഞ്ച് മിനിറ്റ് മാത്രം സ്‌ക്രീനിലെത്തിയ കിരാതയായിരുന്നു.

കണ്ണപ്പയോടെ കാമിയോ ശാപം അവസാനിച്ചെന്നായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍ കരുതിയത്. എന്നാല്‍ അതിനെക്കാള്‍ വീര്യം കൂടിയ ഒന്നായിരുന്നു ഭ ഭ ബയിലെ ഗില്ലി ബാല. ‘ദില്ലി വാലയല്ല, ഗില്ലി ബാല’. ‘റിയല്‍ ഒ.ജി, വൈല്‍ഡ് ഫയര്‍, തലമുറകളുടെ നായകന്‍, ഇമ്മോര്‍ട്ടല്‍’ എന്നീ ടൈറ്റിലുകളെല്ലാം നല്‍കി മോഹന്‍ലാല്‍ എന്ന പ്രതിഭയെ വെറും ട്രോള്‍ മെറ്റീരിയലാക്കിയ ചിത്രമായിരുന്നു ഭ ഭ ബ. ദിലീപിന്റെ എട്ടാമത്തെ കംബാക്കില്‍ മോഹന്‍ലാലും മീം പേജുകളുടെ ഇരയായി മാറി.

പുതിയ വര്‍ഷത്തില്‍ പ്രതീക്ഷയുള്ള സിനിമകള്‍ക്കൊപ്പം ഒന്നുരണ്ട് സിനിമകളിലെ കാമിയോയും ലാല്‍ ഫാന്‍സിന്റെ ഇടയില്‍ ചര്‍ച്ചയായിരുന്നു. എക്സ്റ്റന്‍ഡഡ് കാമിയോ ചെയ്ത പേട്രിയറ്റ് നിലംതൊടാതെ പരാജയപ്പെട്ടു. ദൃശ്യം 3യിലൂടെ മൂന്നാമത്തെ 200 കോടി നേടിയെങ്കിലും ഒ.ടി.ടിയില്‍ ജോര്‍ജുകുട്ടിയുടെ അതിബുദ്ധിയെ ട്രോളന്മാര്‍ വെറുതെവിട്ടില്ല. ദൃശ്യം 3യുടെ അലയൊലികള്‍ അടങ്ങുന്നതിന് മുന്നേ ബാക്ക് ടു ബാക്കായി രണ്ട് കാമിയോയും ലഭിച്ചു.

മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ തുടക്കത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പിന്നാലെ വന്ന ഖലീഫയില്‍ വന്‍ ഹൈപ്പില്‍ കൊണ്ടുവന്ന അഹമ്മദ് അലിയും ലുക്ക് കാരണം ട്രോള്‍ മെറ്റീരിയലായി മാറി. സാന്റാ ക്ലോസിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് വൈശാഖും കൂട്ടരും മോഹന്‍ലാലിനെ അവതരിപ്പിച്ചത്.

കാമിയോ ശാപം തീരാന്‍ അടുത്തമാസം ജയിലര്‍ 2 റിലീസാകണമെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. ആദ്യഭാഗത്തില്‍ വെറും അഞ്ച് മിനിറ്റ് കൊണ്ട് ലൈഫ്‌ടൈം എക്‌സ്പീരിയന്‍സ് സമ്മാനിച്ച മാത്യു രണ്ടാം വരവില്‍ നിരാശനാക്കില്ലെന്നാണ് കരുതുന്നത്. കത്തനാരോടുകൂടി കാമിയോ ചെയ്യുന്നത് നിര്‍ത്തണമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

Content Highlight: Movies of Mohanlal’s cameo became flop