ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള നിര്‍ണായക നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരവും ഡൊമസ്റ്റിക് ലെജന്‍ഡുമായ വസീം ജാഫര്‍. നിലവിലെ നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ഫോം ആശങ്കയുണര്‍ത്തുന്നതാണെന്നും ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വസീം ജാഫര്‍

ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. നായകസ്ഥാനത്തേക്കാള്‍ ഗെയ്ക്‌വാദിന്റെ ബാറ്റിങ് ഫോമാണ് ആശങ്കയുണര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഋതുരാജ് ഗെയ്ക്വാദ്. Photo: Chennai Super Kings/ x.com

2026 സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 28.08 ശരാശരിയിലും 123.44 സ്ട്രൈക്ക് റേറ്റിലും 337 റണ്‍സ് മാത്രമാണ് ഗെയ്ക്‌വാദിന് നേടാനായത്.

‘ഇതൊരു കടുപ്പമേറിയ തീരുമാനമായിരിക്കും. ഗെയ്ക്‌വാദിന്റെ ബാറ്റിങ് ഫോം മികച്ചതായിരുന്നില്ല. അതേസമയം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മോശമായിരുന്നു എന്ന് പറയാനുമാകില്ല; കളിക്കാരുടെ പരിക്കും ലഭ്യതക്കുറവും ടീമിനെ ബാധിച്ചിരുന്നു.

എങ്കിലും ബാറ്റിങ് ഫോം ഒരു ആശങ്ക തന്നെയാണ്. ക്യാപ്റ്റന്‍സിയേക്കാള്‍ അദ്ദേഹം അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് എന്റെ അഭിപ്രായം. ആധുനിക ട്വന്റി-20 ക്രിക്കറ്റ് മാറുന്ന ശൈലിക്ക് അനുസരിച്ചല്ല നിലവില്‍ അദ്ദേഹം ബാറ്റ് ചെയ്യുന്നത്,’ വസീം ജാഫര്‍ പറഞ്ഞു.

ഭാവിയില്‍ സഞ്ജു സാംസണ്‍ സി.എസ്.കെയുടെ നായകനായേക്കാം എന്നും, ഗെയ്ക്‌വാദിനെ മാറ്റാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ അതില്‍ തെറ്റുപറയാനാകില്ലെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

സഞ്ജു സാംസൺ. Photo: Chennai Super Kings/ x.com

‘സഞ്ജു സാംസണിന് സി.എസ്.കെയുടെ ക്യാപ്റ്റനാകാന്‍ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഇതില്‍ സി.എസ്.കെ മാനേജ്‌മെന്റാണ് തീരുമാനമെടുക്കേണ്ടത്.

ഇനി ഗെയ്ക്‌വാദിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ അവര്‍ തീരുമാനിച്ചാല്‍ പോലും അതൊരു മോശം തീരുമാനമായിരിക്കില്ല. കാരണം ഐ.പി.എല്‍ എന്നത് റിസള്‍ട്ടുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ലീഗാണ്, അവിടെ ചില സമയങ്ങളില്‍ വികാരങ്ങള്‍ മാറ്റിവെക്കേണ്ടി വരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024 മുതല്‍ സി.എസ്.കെയെ 33 മത്സരങ്ങളില്‍ നയിച്ച ഗെയ്ക്‌വാദിന് 14 മത്സരങ്ങളില്‍ മാത്രമാണ് വിജയം നേടാനായത്. 19 മത്സരത്തില്‍ തോല്‍വിയറിഞ്ഞു. 2024 മുതല്‍ സി.എസ്.കെയ്ക്ക് പ്ലേഓഫില്‍ കടക്കാനും സാധിച്ചിട്ടില്ല.

അതേസമയം, സഞ്ജു സാംസണാകട്ടെ രാജസ്ഥാന്‍ റോയല്‍സില്‍ ലെജന്‍ഡ് ക്യാപ്റ്റന്‍ സ്റ്റാറ്റസ് സ്വന്തമാക്കിയാണ് ടീം വിട്ടത്. ഏറ്റവുമധികം മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ച നായകന്‍, ഏറ്റവുമധികം വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ തുടങ്ങി നിരവധി നേട്ടങ്ങള്‍ താരം സ്വന്തം പേരില്‍ കുറിച്ചിരുന്നു. 2008ന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ആദ്യമായി ഫൈനല്‍ കളിച്ചതും സഞ്ജുവിന് കീഴിലായിരുന്നു.

 

Content Highlight: Wasim Jaffer says that if Chennai Super Kings decide to appoint Sanju as captain, they certainly cannot be faulted.