ഭാഷാ വ്യത്യാസമില്ലാതെ ബിഗ് ബജറ്റ് സിനിമകള്‍ കൂട്ടത്തോടെ ഫ്‌ളോപ്പായ വര്‍ഷമാണ് 2026. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം ഇങ്ങനെ കാശ് പൊടിച്ച് ചിത്രീകരിച്ച സിനിമകളെല്ലാം പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ സര്‍ദാര്‍ 2ന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് ഒരുക്കുന്ന സിനിമകളെല്ലാം തിരിച്ചടി നേരിടുന്നതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. അഞ്ഞൂറും അറുന്നൂറും കോടി ചെലവാക്കി എന്നതിനെക്കാള്‍ പ്രേക്ഷകരുമായി കണക്ടാകുന്ന സിനിമകള്‍ ഒരുക്കാന്‍ പറ്റാത്തതാണ് നിര്‍മാതാക്കള്‍ നേരിടുന്ന തിരിച്ചടി. ഇപ്പോഴിതാ അത്തരമൊരു പാന്‍ ഇന്ത്യന്‍ സിനിമയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

അനൗണ്‍സ്‌മെന്റ് മുതല്‍ പലരുടെയും ശ്രദ്ധയാകര്‍ഷിച്ച തെലുങ്ക് ചിത്രം പാരഡൈസ് കഴിഞ്ഞദിവസം നടത്തിയ പ്രസ്മീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സാധാരണ ഒരു പാന്‍ ഇന്ത്യന്‍ സിനിമയുമായി സംബന്ധിച്ച ഇത്തരം പ്രസ് മീറ്റുകളില്‍ അണിയറപ്രവര്‍ത്തകര്‍ വലിയ എനര്‍ജെറ്റിക്കാകാറുണ്ട്. എന്നാല്‍ പാരഡൈസിന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. നായകന്‍ നാനി, സംവിധായകന്‍ ശ്രീകാന്ത് ഒഡേല, നിര്‍മാതാവ് സുധാകര്‍ ചെറുകുരി എന്നിവര്‍ അധികം ബഹളമുണ്ടാക്കിയിരുന്നില്ല.
പാന്‍ ഇന്ത്യനായിട്ടല്ല, തെലുങ്ക് മാര്‍ക്കറ്റാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും പാരഡൈസിന് ട്രെയ്‌ലറുണ്ടാകില്ലെന്നും നായകന്‍ നാനി അറിയിച്ചു. അഞ്ച് ഭാഷയില്‍ ടീസര്‍ പുറത്തുവിട്ട്, എട്ട് ഭാഷയില്‍ റിലീസ് ചെയ്യുമെന്നറിയിച്ച പാരഡൈസിന്റെ അണിയറപ്രവര്‍ത്തകര്‍ ഇത്തരമൊരു നീക്കം നടത്തിയത് പലരിലും സംശയമുണ്ടാക്കിയിരിക്കുകയാണ്.

ഈ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം രണ്ട് വട്ടം റിലീസ് മാറ്റിവെച്ചിരുന്നു. സെപ്റ്റംബര്‍ 24 ആണ് നിലവിലെ റിലീസ് ഡേറ്റ്. എന്നാല്‍ റിലീസിന് രണ്ടാഴ്ച ബാക്കിയുള്ളപ്പോഴും പാരഡൈസിന്റെ ഷൂട്ട് പൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അനിശ്ചിതമായി നീണ്ടുപോകുന്ന ഷൂട്ട് സംവിധായകനും നിര്‍മാതാവിനുമിടയില്‍ പ്രശ്‌നമുണ്ടാക്കിയെന്നും പറഞ്ഞ സമയത്ത് ചിത്രം പൂര്‍ത്തിയാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ രാപ്പകലില്ലാതെ പ്രയത്‌നിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് പാരഡൈസ് ഒരുങ്ങുന്നത്. ചിത്രത്തില്‍ നാനിയുടെ ഗെറ്റപ്പടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇതിന് മുമ്പ് ഇത്തരമൊരു പ്രതിസന്ധിയുണ്ടായിരുന്നത് പുഷ്പ 2ന് ആയിരുന്നു. രണ്ട് വര്‍ഷത്തോളം ഷൂട്ട് നീണ്ടുപോയതും റിലീസിന് ഒരാഴ്ച ബാക്കിയുള്ളപ്പോള്‍ പാച്ച് വര്‍ക്ക് ഷൂട്ട് ചെയ്തതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ടോക്‌സിക്കിന് ശേഷം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫ്‌ളോപ്പായി പാരഡൈസ് മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
Content Highlight: Discussions about Paradise movie press meet viral in social media
