കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഫ്രഞ്ച് താരം ക്രിസ്‌റ്റോഫ് ദുഗാരി. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം തനിക്ക് നേടാനാകുമെന്ന എംബാപ്പെയുടെ പ്രസ്താവനയെയാണ് മുന്‍ താരം വിമര്‍ശിച്ചത്.

എംബാപ്പെയുടെ നടപടി സ്വാര്‍ത്ഥവും കുട്ടിക്കളിയുമാണെന്നായിരുന്നു 1998ലെ ലോകകപ്പ് വിജയി കൂടിയായ ദുഗാരിയുടെ വിമര്‍ശനം.

ക്രിസ്‌റ്റോഫ് ദുഗാരി

ഫ്രഞ്ച് ചാനലായ ആര്‍.എം.സി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്റെ Rothen s’enflamme പോഡ്കാസ്റ്റില്‍ സംസാരിക്കവേയാണ് ദുഗാരി എംബാപ്പെയ്‌ക്കെതിരെ തുറന്നടിച്ചത്.

‘പരസ്യമായി ഇത്തരം വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്കായി അവകാശവാദമുന്നയിക്കുന്നത് തികച്ചും കുട്ടിക്കളിയും പരിതാപകരവുമാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇങ്ങനെ ചോദിച്ചു വാങ്ങുന്നതില്‍ യാതൊരു മഹത്വവുമില്ല,’ ദുഗാരി പറഞ്ഞു.

വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്ക് ഫുട്‌ബോളില്‍ നല്‍കുന്ന അമിത പ്രാധാന്യത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു.

‘ഫുട്‌ബോള്‍ കൂടുതല്‍ സ്വാര്‍ത്ഥത നിറഞ്ഞതായി മാറുംതോറും എനിക്ക് വെറുപ്പ് തോന്നാറുണ്ട്. സ്വന്തം കാര്യം മാത്രം പറയുന്നതിനും വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്കായി പ്രചാരണം നടത്തുന്നതിനും പകരം, ടീമിനെക്കുറിച്ചും കൂട്ടായ വിജയങ്ങളെക്കുറിച്ചും ഒന്നിച്ചു നേടാന്‍ ആഗ്രഹിച്ച കിരീടങ്ങളെക്കുറിച്ചുമാണ് നിങ്ങള്‍ സംസാരിക്കേണ്ടത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലണ്‍ ഡി ഓര്‍ ഷോര്‍ട്ട് ലിസ്റ്റിന് പിന്നാലെ പ്രമുഖ സ്പാനിഷ് പത്രമായ മാര്‍ക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റയല്‍ മഡ്രിഡ് താരം കൂടിയായ എംബാപ്പെ പുരസ്‌കാരം സ്വന്തമാക്കുന്നതിനെ കുറിച്ച് സംസാരിച്ചത്.

‘ഈ വര്‍ഷം ബാലണ്‍ ഡി ഓര്‍ നേടാന്‍ എനിക്ക് സാധിക്കുമെന്ന തോന്നലുണ്ട്. അതുകൊണ്ടാണ് ആ ലക്ഷ്യത്തില്‍ നിന്ന് ഞാന്‍ മാറിനില്‍ക്കാത്തത്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയല്‍ മഡ്രിഡില്‍ കളിക്കുമ്പോള്‍ ആളുകള്‍ സ്വാഭാവികമായും ഈ പുരസ്‌കാരവുമായി നിങ്ങളെ ബന്ധപ്പെടുത്തി സംസാരിക്കും. തെരുവില്‍ വെച്ച് കാണുന്ന നിരവധി ആളുകള്‍ എന്നോട് ബാലണ്‍ ഡി ഓറിനെക്കുറിച്ച് സംസാരിക്കാറുണ്ട്,’ എംബാപ്പെ പറഞ്ഞു.

കിലിയന്‍ എംബാപ്പെ

വോട്ടിങ്ങില്‍ സ്വയം വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിനും എംബാപ്പെ മറുപടി നല്‍കി.

‘ഞാന്‍ എനിക്ക് തന്നെയാണ് വോട്ട് ചെയ്യുക. എന്നാല്‍ മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യുന്നവരെയും ഞാന്‍ ബഹുമാനിക്കുന്നു. പ്രകടനവും മത്സരവും പരിശോധിച്ചാല്‍ ഞാന്‍ ഈ പുരസ്‌കാരം നേടുന്നത് ഒരു അനീതിയോ തട്ടിപ്പോ ആകില്ല,’ താരം വ്യക്തമാക്കി.

ഇത്തവണയും ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധ്യത കല്‍പിക്കുന്ന താരങ്ങളില്‍ പ്രധാനിയാണ് എംബാപ്പെ. ദേശീയ ടീമിനൊപ്പമോ ക്ലബ്ബിനൊപ്പമോ കിരീടങ്ങളൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും ലാ ലിഗയിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലും പുറത്തെടുത്ത വ്യക്തിഗത പ്രകടനമാണ് എംബാപ്പെയെ ഫേവറിറ്റാക്കുന്നത്.

കഴിഞ്ഞ സീസണില്‍ എംബാപ്പെ റയല്‍ മാഡ്രിഡിനായി എല്ലാ മത്സരങ്ങളില്‍ നിന്നുമായി 42 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ലാ ലിഗയില്‍ 25 ഗോളുകളും ചാമ്പ്യന്‍സ് ലീഗില്‍ 15 ഗോളുകളും നേടി രണ്ടിടത്തും ടോപ് സ്‌കോററായി ഫിനിഷ് ചെയ്യാനും താരത്തിന് സാധിച്ചു.

കൂടാതെ, 2026 ഫിഫ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് പത്ത് ഗോളും നാല് അസിസ്റ്റുകളും നേടി ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും എംബാപ്പെ സ്വന്തമാക്കിയിരുന്നു.

 

Content highlight: Former French player Christophe Dugarry has sharply criticized Kylian Mbappé.