വനിതാ ഏഷ്യാ കപ്പിന്റെ കിരീടപ്പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ശ്രീലങ്ക മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യയെ നേരിടും.

പരാജയമറിയാതെയാണ് ഇരുവരും ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായി മുന്നേറിയ ഇന്ത്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചാണ് തുടര്‍ച്ചയായ പത്താം ഫൈനലിന് യോഗ്യത നേടിയത്.

മറുവശത്ത് ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായി സെമിയിലെത്തിയ ശ്രീലങ്കയ്ക്ക് ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരെയാണ് സെമിയില്‍ നേരിടാനുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമിയില്‍ നാല് വിക്കറ്റിനായിരന്നു ചമാരിയുടെയും സംഘത്തിന്റെയും വിജയം.

കഴിഞ്ഞ ഫൈനലില്‍ സ്വന്തമാക്കിയ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങുന്ന മരതകദ്വീപിന്റെ മാണിക്യങ്ങളും നഷ്ടപ്പെട്ട സാമ്രാജ്യം വീണ്ടെടുക്കാനൊരുങ്ങുന്ന ഇന്ത്യയും തമ്മിലുള്ള മത്സരം ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ പോരാട്ടമാകുമെന്നതില്‍ സംശയമില്ല.

അഞ്ച് തവണ രണ്ടാം സ്ഥാനക്കാരാകേണ്ടി വന്നതിന്റെ എല്ലാ നിരാശയും അവസാനിപ്പിച്ചാണ് ശ്രീലങ്ക 2024 വനിതാ ഏഷ്യാ കപ്പില്‍ മുത്തമിട്ടത്. പരാജയപ്പെടുത്തിയതാകട്ടെ ഇന്ത്യയെയും.

ദാംബുള്ളയിലെ റാണ്‍ഗിരി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സ്വന്തം ജനതയെ സാക്ഷിയാക്കിയാണ് ചമാരി അത്തപ്പത്തുവെന്ന ഇതിഹാസം ഇന്ത്യയെ വീഴ്ത്തി ലങ്കയെ കിരീടത്തിലേക്ക് നയിച്ചത്.

സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം ഹര്‍ഷിത സമരവിക്രമയുടെയും ചമാരി അത്തപ്പത്തുവിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ ലങ്ക മറികടക്കുകയായിരുന്നു.

വനിതാ ഏഷ്യാ കപ്പിന്റെ ഫൈനലുകള്‍ പരിശോധിക്കുമ്പോള്‍ ശ്രീലങ്കയ്ക്ക് മേല്‍ ഇന്ത്യയ്ക്ക് ശക്തമായ മേധാവിത്വമുണ്ട്. ഇതുവരെ നടന്ന ഒമ്പത് ഏഷ്യാ കപ്പുകളില്‍ ഇന്ത്യ ഒമ്പത് തവണയും ശ്രീലങ്ക ആറ് തവണയും ഫൈനല്‍ കളിച്ചിട്ടുണ്ട്. ആറ് തവണയും ഇന്ത്യ തന്നെയായിരുന്നു കിരീടപ്പോരില്‍ ശ്രീലങ്കയുടെ എതിരാളികള്‍.

ഏഷ്യാ കപ്പിന്റെ കഴിഞ്ഞ എഡിഷന്‍ ഒഴികെയുള്ള എല്ലാ ഫൈനലുകളിലും ഇന്ത്യയാണ് വിജയം സ്വന്തമാക്കിയതും.

2022ലെ കിരീടവുമായി ഇന്ത്യ

കേവലം ശ്രീലങ്കയ്‌ക്കെതിരെ മാത്രമല്ല, ടൂര്‍ണമെന്റിലൊന്നാകെ ഇന്ത്യയുടെ സമഗ്രാധിപത്യത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. വനിതാ ഏഷ്യാ കപ്പ് ചരിത്രത്തിലെ പത്താം ഫൈനല്‍ നാളെ നടക്കുമ്പോള്‍ ഈ പത്ത് ഫൈനലിലും കളിച്ച ഒരേ ഒരു ടീമായാണ് ഇന്ത്യ സ്വന്തം ചരിത്രം തിരുത്തുന്നത്.

വനിതാ ഏഷ്യാ കപ്പ് ഫൈനലുകള്‍

(വര്‍ഷം ജേതാക്കള്‍ രണ്ടാം സ്ഥാനക്കാര്‍ എന്നീ ക്രമത്തില്‍)

2004 – ഇന്ത്യ – ശ്രീലങ്ക (ഏകദിനം)

2005-06 – ഇന്ത്യ – ശ്രീലങ്ക (ഏകദിനം)

2006 – ഇന്ത്യ – ശ്രീലങ്ക (ഏകദിനം)

2008 – ഇന്ത്യ – ശ്രീലങ്ക (ഏകദിനം)

2012 – ഇന്ത്യ – പാകിസ്ഥാന്‍ (ടി-20)

2016 – ഇന്ത്യ – പാകിസ്ഥാന്‍ (ടി-20)

2018 – ബംഗ്ലാദേശ് – ഇന്ത്യ (ടി-20)

2022 – ഇന്ത്യ – ശ്രീലങ്ക (ടി-20)

2024 – ശ്രീലങ്ക – ഇന്ത്യ (ടി-20)

ഇപ്പോള്‍ 2026ലും ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ തങ്ങളുടെ എട്ടാം കിരീടം നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

Content highlight: Women’s Asia Cup 2026: India vs Sri Lanka Final