മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മലയാളത്തിന്റെ മമ്മൂട്ടിയും ക്ലാസിക് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് പദയാത്ര. ഒന്നിച്ചപ്പോഴെല്ലാം മലയാളസിനിമക്ക് അഭിമാനിക്കാനാകുന്ന സിനിമകള്‍ സമ്മാനിച്ച ക്ലാസിക് കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ഫെബ്രുവരിയില്‍ ഷൂട്ട് പൂര്‍ത്തിയായ ചിത്രത്തെക്കുറിച്ച് വലിയ അപ്‌ഡേറ്റുകളൊന്നും പുറത്തുവിട്ടിട്ടില്ലായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നോ അതിലെ എല്ലാ ഘടകങ്ങളും പദയാത്രയിലുണ്ടെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. വയനാട്ടിലെ ആദിവാസി ഊരിലെത്തുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രം പറയുന്നത്.

മമ്മൂട്ടിയാണ് ഡോക്ടറായി വേഷമിടുന്നത്. വലിയ ട്വിസ്റ്റുകളും ബഹളങ്ങളുമില്ലാത്ത സാധാരണ ആര്‍ട്ട് ഹൗസ് സിനിമയായിട്ടാണ് അടൂര്‍ പദയാത്ര ഒരുക്കിയത്. ആദിവാസി ഊരിലെ സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ഡോക്ടറെ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥയെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.

33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും കൈകോര്‍ക്കുന്നത്. 1993ല്‍ പുറത്തിറങ്ങിയ വിധേയനിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ വിധേയന്‍ സ്വന്തമാക്കിയിട്ടുണ്ട്. കരിയറില്‍ ഒന്നിച്ച് ചെയ്ത മൂന്ന് സിനിമകള്‍ മോളിവുഡ് ഇന്‍ഡസ്ട്രിയിലേക്ക് 10 നാഷണല്‍ അവാര്‍ഡുകളാണ് കൊണ്ടുവന്നിട്ടുള്ളത്. ആ ലിസ്റ്റിലെ അടുത്ത എന്‍ട്രിയായി പദയാത്ര മാറുമോ എന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്.

ചലച്ചിത്രമേളകള്‍ ലക്ഷ്യം വെച്ച് ഒരുങ്ങിയ ചിത്രമാകും പദയാത്രയെന്ന് പലരും അഭിപ്രായപ്പെടുന്നു. ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഐ.എഫ്.എഫ്.കെ എന്നിവിടങ്ങളില്‍ ചിത്രം പ്രീമിയര്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഭിനയജീവിതത്തില്‍ ഒരുപാട് പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ കാരണമായ അടൂരിന് മമ്മൂട്ടി നല്‍കുന്ന ഗുരുദക്ഷിണയാണ് പദയാത്ര.

വളരെ കുറച്ച് കഥാപാത്രങ്ങളാണ് പദയാത്രയിലുള്ളത്. ശ്രീകുമാര്‍, ഗ്രേസ് ആന്റണി, ഇന്ദ്രന്‍സ്, ജഗദീഷ്, സന്തോഷ് കീഴാറ്റൂര്‍,മധുപാല്‍, അലന്‍സിയര്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഭ്രമയുഗത്തിന് ക്യാമറ ചലിപ്പിച്ച ഷഹ്നാദ് ജലാലും കിഷ്‌കിന്ധാ കാണ്ഡത്തിന് സംഗീതമൊരുക്കിയ മുജീബ് മജീദ് എന്നിവര്‍ പദയാത്രയുടെ അണിയറയിലുണ്ട്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Padayathra movie trailer out now