രൂപീകരണത്തിനുശേഷം, മുമ്പൊരിക്കലുമില്ലാത്തവിധം തകര്‍ന്നടിഞ്ഞൊരുകാലം, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതുപോലെയുണ്ടായിട്ടില്ല. തോല്‍ക്കുമ്പോഴും വോട്ടുകള്‍ വര്‍ധിച്ചൊരുകാലമുണ്ടായിരുന്നു അതിന്. അത് 1959ലായിരുന്നു. ഇപ്പോള്‍ തോല്‍ക്കുമ്പോള്‍ വോട്ടുകള്‍ ഇല്ലാതാവുകയും പാര്‍ട്ടിയുടെ അടിത്തറയാകെ തകരുകയുമാണ് ചെയ്തിരിക്കുന്നത്.

ഈ തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് 2026 സെപ്തംബര്‍ 13 മുതല്‍ 15വരെ നീളുന്നൊരു വിപുലീകൃത സംസ്ഥാന കമ്മറ്റിയോഗം കോഴിക്കോട് നടക്കുന്നത്. മുപ്പത്തിയഞ്ചുവര്‍ഷക്കാലത്തെ അതിദീര്‍ഘമായ ഭരണത്തില്‍നിന്നും പുറന്തള്ളപ്പെട്ടപ്പോള്‍ ഇത്തരത്തിലൊരു നീക്കം ബംഗാളിലുണ്ടായിട്ടില്ല.

ബംഗാളിലെ പരാജയം സംബന്ധിച്ച് പാര്‍ട്ടിയില്‍ യാതൊരുവിധ ചര്‍ച്ചകളോ റിപ്പോര്‍ട്ടിങ്ങോ നടന്നിട്ടില്ലെന്നു ഈയിടെ ജി. സുധാകരന്‍ തന്നെ പറയുകയുണ്ടായിട്ടുണ്ട്. 34 വര്‍ഷം ഭരിച്ച ഒരു സംസ്ഥാനത്ത് അതിന്റെ നിയമസഭയില്‍ ഇന്നൊരംഗം പോലുമില്ലെന്ന യാഥാര്‍ഥ്യം ആരെയെങ്കിലും പ്രയാസപ്പെടുത്തുന്നുണ്ടെന്നുപോലും തോന്നുന്നില്ല.

ത്രിപുരയിലും കാര്യങ്ങള്‍ ഏതാണ്ട് സമാനമാണ്. മറ്റു സംസ്ഥാനങ്ങളിലാകട്ടെ ‘അഖിലേന്ത്യ പാര്‍ട്ടി’ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.

ഏതാണ്ട് ഒമ്പത് പതിറ്റാണ്ടുകള്‍ക്കുമുമ്പ്, 1937 ജൂലായില്‍ കേരളത്തില്‍ ആദ്യമായി കമ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപംകൊണ്ട അതേ കോഴിക്കോടുതന്നെയാണ് ഇത്തരമൊരു പരിശോധനയ്ക്ക് വേദിയാകുന്നത്.

തെറ്റായ പ്രസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ശരിയിലേക്കുള്ള യാത്രയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതെന്ന് അതിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ചാല്‍ മനസ്സിലാകും. ഇന്ത്യയിലെ മറ്റൊരിടത്തും ഇല്ലാത്തരീതിയില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് കെ. ദാമോദരന്‍ നല്‍കുന്ന നല്‍കുന്ന മറുപടി വിഖ്യാതമാണല്ലോ.‘ഇന്ത്യയിലെ മറ്റുഭാഗത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലായിരുന്നു’ എന്നായിരുന്നു മറുപടി.

അതായത് ഇവിടുത്തെ ജനകീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരും അതിന്റെ നേതാക്കളുമായവര്‍ രൂപീകരിച്ച പാര്‍ട്ടിയായതുകൊണ്ടാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇത്രയും ജനകീയമായതെന്നാണ് ദാമോദരന്‍ വിവക്ഷിച്ചത്.

1936 നവംബര്‍ ഏഴിന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ ഹാരി പോളിറ്റ്, രജനിപാംദത്ത്, ബ്രെന്‍ ബ്രാഡ്‌ലി എന്നിവര്‍ ചേര്‍ന്നെഴുതിയ ഐക്യമുന്നണി നയവും കോണ്‍ഗ്രസിനുള്ളില്‍ കമ്യൂണിസ്റ്റുകാര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നായിരുന്നു. നെഹ്‌റുവിന്റെ സാമ്രാജ്യത്വവിരുദ്ധ നയങ്ങളെ പിന്തുണച്ച് കമ്യൂണിസ്റ്റുകാര്‍ മുന്നിട്ടിറങ്ങണമെന്നും ഈ ലേഖനം ആവശ്യപ്പെടുന്നുണ്ട്. ഈ രേഖ അക്കാലത്തെ കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ കണ്ടിരിക്കാനും സാധ്യതയില്ല. അവരാരും അന്ന് കമ്യൂണിസ്റ്റായിട്ടുമില്ല.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ കോണ്‍ഗ്രസാണെന്നു പറയാം. കോണ്‍ഗ്രസില്‍നിന്നും പിളര്‍ന്നുപോയി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചവരാണ് പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായി പിണറായി പാറപ്പുറത്ത് രൂപംകൊള്ളുന്നത്.

ഇങ്ങനെ പാര്‍ട്ടി രൂപംകൊള്ളുന്ന അവസരത്തില്‍ കൃഷ്ണപിള്ള, ഇ.എം.എസ് തുടങ്ങിയ നേതാക്കളത്രയും നേരത്തേ കോണ്‍ഗ്രസിന്റെ കേരളത്തിലെ നേതാക്കളായിരുന്നു. അഖിലേന്ത്യാടിസ്ഥാനത്തില്‍ പക്ഷേ ഇങ്ങനെയല്ല പാര്‍ട്ടി വളര്‍ന്നത്. അതാണ് ദാമോദരനോടുള്ള ചോദ്യത്തിന്റെയും ഉത്തരത്തിന്റേയും സവിശേഷത.

ഇ.എം.എസ് | കൃഷ്ണപിള്ള

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് 1943 മെയ് മുതല്‍ ജൂണ്‍ വരെ ബോംബയില്‍ നടക്കുകയും സമ്മേളനത്തിന്നൊടുവില്‍, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണ്ട എക്കാലത്തേയും മികച്ച സെക്രട്ടറിമാരിലൊരാളെന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ട പി.സി. ജോഷിയെയാണ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

പി.സി. ജോഷി. Photo: Wikipedia

ഇരുപത്തിയെട്ട് വയസ്സായിരുന്നു അന്ന് ജോഷിയുടെ പ്രായം. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല, പുരോഗമന സാഹിത്യപ്രസ്ഥാനങ്ങളടക്കമുള്ള വിവിധ വര്‍ഗബഹുജന സംഘടനകള്‍ വളര്‍ന്നുവരുന്നതിനുള്ള ജോഷിയുടെ മുന്‍കയ്യും ആ അര്‍ഥത്തില്‍തന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1948ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച 31 അംഗ കേന്ദ്ര കമ്മറ്റിയംഗങ്ങളില്‍, പക്ഷേ, ആദ്യത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന പി.സി ജോഷി ഒഴിച്ച് ബാക്കിയെല്ലാവരും തിരഞ്ഞെടുക്കപ്പെട്ടു.

സാമ്രാജ്യത്വത്തിന്നെതിരായ പോരാട്ടത്തിന്റെ വായ്ത്തല മടങ്ങിപ്പോയെന്നും ഇന്ത്യയിലെ ബൂര്‍ഷ്വാസിയെ തുറന്നുകാണിക്കുകയും സാമ്രാജ്യത്വവിരുദ്ധമായ സ്വതന്ത്രാമയൊരു നയം രൂപീകരിക്കുകയും ചെയ്യുന്നതിനുപകരം ബൂര്‍ഷ്വാസിയെ പിന്തുടര്‍ന്നുവെന്നായിരുന്നു പി.സി. ജോഷിക്കുനേരെ ഉയര്‍ന്ന ആരോപണങ്ങള്‍.

ഈ നയവ്യതിയാനങ്ങളുടെ ഭാഗമായി നടന്ന തെറ്റുതിരുത്തലിന്റെ ബലിയാടായി ജോഷി പുറത്താക്കപ്പെടുകയും തുടര്‍ന്ന് ബി.ടി. രണദിവെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു.

ബി.ടി. രണദിവെ. Photo: Wikipedia

ബി.ടി. രണദിവയെ സെക്രട്ടറിയാക്കിയശേഷം രൂപീകരിച്ച നയങ്ങളും പാര്‍ട്ടിയെ ജനങ്ങളില്‍നിന്നും ഒറ്റപ്പെടുത്തുകയാണ് ചെയ്തത്. പലയിടത്തും പാര്‍ട്ടി സംഘടനകള്‍ ശിഥിലമായി. ഈ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് അതിശക്തമായ ഉള്‍പ്പാര്‍ട്ടി സമരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ തെലങ്കാന സായുധകലാപം പാര്‍ട്ടിയുടെ ചരിത്രത്തിലെ നിര്‍ണായക സംഭവമായിരുന്നു. ഈ സമരത്തെ ഇന്ത്യന്‍ ഭരണകൂട അതിനിഷ്ഠൂരമായി അടിച്ചമര്‍ത്തി. നാലായിരത്തിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന സംവാദങ്ങള്‍ ശത്രുതാപരമായ നിലയിലേക്ക് പതിക്കുകയുണ്ടായി.

സമരത്തെ എതിര്‍ത്ത വിഭാഗം പരസ്യമായി അത് പത്രങ്ങളോട് സംസാരിക്കുന്ന സ്ഥിതിവരെയെത്തി. 1951 ഒക്ടോബറില്‍ സമരം പിന്‍വലിച്ചതോടെ അതിശക്തമായ എതിര്‍ ചേരികളായി പാര്‍ട്ടി മാറിക്കഴിഞ്ഞിരുന്നു. സമരത്തോട് എതിര്‍പ്പുണ്ടായിരുന്ന വിഭാഗമപ്പടി പില്‍ക്കാലത്ത് സി.പി.ഐയുടെ ഭാഗമായി എന്ന കൗതുകവുമുണ്ട്.

രൂപീകരണം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ അതിശക്തമായ ആശയ വ്യക്തിഗത പോരാട്ടങ്ങള്‍ക്കാണ് പാര്‍ട്ടി വേദിയായതന്നു കാണാം. ഈ ഉള്‍പ്പാര്‍ട്ടി സമരങ്ങള്‍ ഒരു കാലത്തും കെട്ടടങ്ങിയില്ല. മറ്റു പാര്‍ട്ടികളില്‍നിന്നും വ്യത്യസ്തമായി കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉള്‍പ്പാര്‍ട്ടി സമരം ആ പാര്‍ട്ടിയുടെ ആരോഗ്യ വ്യവസ്ഥയുട ഭാഗമായി പാര്‍ട്ടിതന്നെ പരിഗണിക്കുന്നുണ്ട്. ലെനിന്‍, സ്റ്റാലിന്‍, കഗനോവിച്ച്, ലുഷ്വാച്ചി മുതല്‍ ഇന്ത്യയില്‍ ബസവപുന്നയ്യവരെയുള്ളവരുടെ ആഖ്യാനങ്ങള്‍ ഇതുസംബന്ധിച്ചുണ്ട്.

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും ഇത്തരം ആശയപ്പോരാട്ടങ്ങളുടേതോ തെറ്റുതിരുത്തലിന്റേതോ ആയിരുന്നു. ഇത് മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റേയും തുടര്‍ന്ന് ലെനിന്റെയും നേതൃത്വത്തില്‍ രൂപികരിക്കപ്പെട്ട കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലുകളുടെ ചരിത്രത്തിലുടനീളം കാണാവുന്നതാണ്.

മാർക്സും എം​ഗൽസും ഒരു ചിത്രീകരണം

അഖില ലോകാടിസ്ഥാനത്തിലുള്ള കേന്ദ്രം പ്രാവര്‍ത്തികമല്ലെന്ന് കണ്ട് പിന്നീട് അത് അവസാനിപ്പിക്കുന്നതും ഇത്തരം ചര്‍ച്ചകളുടെയും തിരുത്തലുകളുടേയും ഭാഗമാണ്.

ഇന്ത്യയിലും മെക്‌സിക്കോയിലും കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എം.എന്‍. റോയിയെപ്പോലും കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പുറന്തള്ളുന്നതും തെറ്റായ പ്രവണതകളുടെ അടിസ്ഥാനത്തിലായിരുന്നു.

എം.എൻ. റോയ്

തുര്‍ച്ചയായി പാര്‍ട്ടിക്കെതിരെ നടന്ന മീററ്റ് മുതലുള്ള ഗൂഢാലോചനാക്കേസുകളുള്‍പ്പെടെയുള്ള സാമ്രാജ്യത്വ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ആക്രമണം നടക്കുന്ന വേളയില്‍ത്തന്നെയാണ് പാര്‍ട്ടിക്കുള്ളില്‍ അതിശക്തമായ ആശയസമരങ്ങള്‍ക്കും വേദിയാകുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനങ്ങളായ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ നടക്കുന്നതിന് മുമ്പുതന്നെ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുന്നുണ്ട്. അതില്‍ മുഖ്യമായത് 1942ലെ ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ടായിരുന്നു.

ക്വിറ്റിന്ത്യാസമരം ഇന്ത്യന്‍ രാഷ്ട്രീയത്തെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചും നിര്‍ണായകമായിരുന്നു. ഫാസിസത്തെ തോല്‍പ്പിക്കാന്‍ വേണ്ടിയുള്ള നിര്‍ണായക സമരത്തില്‍ സോവിയറ്റ് റഷ്യയുടെ ഭാഗമായി നില്‍ക്കുന്ന ബ്രിട്ടനെ പിന്തുണക്കണമെന്ന ശരിയായ കാഴ്ച്ചപ്പാട് അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.

ക്വിറ്റിന്ത്യാസമരത്തോടുള്ള സമീപനത്തെത്തുടര്‍ന്ന് ബോംബെയിലെ ആദ്യകാല പാര്‍ട്ടി ആസ്ഥാനം ജനങ്ങള്‍ ആക്രമിക്കുന്നിടത്തേക്കുവരെ കാര്യങ്ങള്‍ വഷളാകുന്നുണ്ട്. ഈ കാലഘട്ടത്തില്‍ കേരളത്തിലെ നേതൃത്വത്തെയും പ്രവര്‍ത്തകരെയും ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം പറഞ്ഞു ബോധ്യപ്പെടുത്തിയത് കൃഷ്ണപിള്ളയായിരുന്നു.

കൃഷ്ണപിള്ള

സോവിയറ്റ് യൂണിയനെ നാസികള്‍ ആക്രമിച്ചതോടെ യുദ്ധത്തിന്റെ ഗതിയില്‍ മാറ്റം വന്നതായും അതൊരു ജനകീയ യുദ്ധമായി മാറിയതായും കണക്കാക്കണമെന്ന രേഖ, അക്കാലത്ത് ദിയോളി തടങ്കല്‍പ്പാളയത്തില്‍ തടവുകാരായിരുന്ന ബി.ടി. രണദിവെ ഉള്‍പ്പെടെയുള്ളവരാണ് ജയിലില്‍നിന്നും പാര്‍ട്ടി പൊളിറ്റ് ബ്യൂറോക്ക് അയയ്ക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇത് ജയില്‍രേഖ എന്നാണ് അറിയപ്പെടുന്നത്.

ഇത്തരമൊരു സമീപനത്തിന് പാര്‍ട്ടി വലിയ വിലകൊടുക്കേണ്ടിവന്നതായി പിന്നീട് വിലയിരുത്തപ്പെടുന്നുണ്ട്.

‘ജനകീയ യുദ്ധം എന്ന രാഷ്ട്രീയ നയം പൊതുവില്‍ ശരിയായിരുന്നുവെങ്കിലും സാര്‍വദേശീയ രംഗത്തെ വൈരുദ്ധ്യത്തെ ദേശീയതലത്തിലെ വൈരുദ്ധ്യവുമായി പൊരുത്തപ്പെടുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതായി വിലയിരുത്തപ്പെടുകയുണ്ടായി.

സാര്‍വദേശീയ രംഗത്ത് ഫാസിസത്തിനെതിരായ സമരമാണ് മുഖ്യ വൈരുദ്ധ്യം എന്നിരിക്കിലും ദേശീയ തലത്തില്‍ ഇന്ത്യയിലെ ജനങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്വവും തമ്മിലുള്ള വൈരുദ്ധ്യമായിരുന്നു ആധിപത്യം വഹിച്ചിരുന്നത്.

അതിനാല്‍ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെ എതിര്‍ത്തതും യുദ്ധയജ്ഞത്തെ അപകടപ്പെടുത്തും എന്ന വാദമുയര്‍ത്തി ബഹുജന സമരങ്ങള്‍ ഒഴിവാക്കിയ നയം സ്വീകരിച്ചതും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുള്ള തെറ്റായിരുന്നുവെന്നും അതിനു കനത്ത വില കൊടുക്കേണ്ടതായും പാര്‍ട്ടി പിന്നീട് വിലയിരുത്തുന്നുണ്ട്’ (ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം 1920-64 പേജ് 143)

ഉള്‍പ്പാര്‍ട്ടി സമരങ്ങള്‍ പക്ഷേ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിന്നേയും തുടര്‍ന്നുകൊണ്ടേയിരുന്നു. ഇത്തരത്തിലൊരു നിര്‍ണായക ഘട്ടത്തിലാണ്, പാര്‍ട്ടിയുടെ ചരിത്രത്തിലെ നിര്‍ണായകമായ 1951ലെ നയപ്രഖ്യാപന രേഖയ്ക്ക് ആധാരമായ സമ്മേളനം ഒക്ടോബറില്‍ കല്‍ക്കത്തിയില്‍ നടക്കുന്നത്.

അതിന് മുമ്പ് തന്നെ ജനറല്‍ സെക്രട്ടറിയുടെ പോരായ്മയും ഇടത് അതിസാഹസികമായ പങ്കുമൊക്കെ ഉന്നയിക്കപ്പെട്ടു. ഇത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട ബി.ടി. രണദിവയെ മാറ്റുന്നതിലേക്കും സി. രാജേശ്വരറാവുവിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതിലേക്കും എത്തിക്കുന്നത് 1951ലെ സമ്മേളനമാണ്. അതും ഒരു തെറ്റുതിരുത്തല്‍ നയത്തിന്റെ ഭാഗമായിരുന്നു.

സി. രാജേശ്വരറാവു

അക്കാലത്ത് നയം നടപ്പിലാക്കുന്ന സെക്രട്ടറിയെ, ചിലപ്പോള്‍ സെക്രട്ടറിയേറ്റിനെ അതുമല്ലെങ്കില്‍ കമ്മറ്റിയെ തന്നെ മാറ്റിയും സമവായമായി വിരുദ്ധാഭിപ്രായങ്ങളെ പ്രതിനിധീകരിക്കുന്നവരെ കമ്മറ്റികളില്‍ ഉള്‍പ്പെടുത്തിയുമായിരുന്നു ഇത്തരത്തില്‍ നടപടികള്‍ കൈക്കൊണ്ടിരുന്നത്.

നിരന്തരം തുടര്‍ന്നുകൊണ്ടിരുന്ന സംഘടനാപരവും ആശയപരവും പ്രായോഗികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ ചര്‍ച്ചകള്‍ക്കായി പിറ്റേവര്‍ഷം 1952ല്‍ കല്‍ക്കത്തയില്‍, കോഴിക്കോട് ഇപ്പോള്‍ നടക്കാനിരിക്കുന്ന സമ്മേളനം പോലെ ഒരു അഖിലേന്ത്യാ പ്ലീനം ചേരുകയും കുറേയേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നുണ്ട്.

അണികള്‍ക്ക് പരസ്യമായി അഭിപ്രായം പറയാന്‍ അവകാശമില്ലാത്തതുകൊണ്ട് അവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് നേതൃത്വം ചെവികൊടുത്താല്‍ അത് പാര്‍ട്ടിയെ പുഷ്ടിപ്പെടുത്തുമെന്നൊക്കെ ഈ പ്ലീനം മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളാണ്.

ഇങ്ങനെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന തെറ്റുതിരുത്തലുകള്‍ രേഖകളില്‍ ഒതുങ്ങകയും പുതിയ തെറ്റുകള്‍ ആവിര്‍ഭവിക്കുകയും അതിന്റെ പിറകെപോവുകയെന്ന ഭാരിച്ച ഉത്തരവാദിത്വം, ഒളിവിലും തെളിവിലുമുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമായി മാറുന്നുണ്ട്.

1948 മുതല്‍ കൈക്കൊണ്ട ഇത്തരം നടപടികള്‍ക്കൊണ്ടൊന്നും പക്ഷേ പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിവിധ അധികാരകേന്ദ്രങ്ങള്‍ രൂപംകൊള്ളുകയും ചെയ്തുവെന്ന വിലയിരുത്തലുകളുള്‍പ്പെടെ ഉണ്ടായതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേക പ്രതിനിധിസംഘം മോസ്‌കോയില്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും അതിന്റെ നേതാവ് സ്റ്റാലിനെ കാണാനും തീരുമാനിക്കുന്നത്.

സ്റ്റാലിൻ

സി. രാജേശ്വരറാവു, എം. ബസവപുന്നയ്യ, അജയ്കുമാര്‍ ഘോഷ്, എസ്.എ. ഡാങ്കെ എന്നിവര്‍ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ നടത്തിയ കൂടിക്കാഴ്ചയുടെയും ചര്‍ച്ചകളുടെയും ഒടുവില്‍, ഇന്ത്യയിലെ മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രയോഗിക്കേണ്ട അടവുകളും തന്ത്രങ്ങളും തീരുമാനിക്കേണ്ടത് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ തന്നെയാണെന്നും, ചില വ്യക്തതകള്‍ നല്‍കുന്നതിനപ്പുറം തങ്ങള്‍ക്ക് അതില്‍ മറ്റ് പങ്കൊന്നുമില്ലെന്നും വെളിവാക്കപ്പെട്ടു.

അതിനുശേഷം രൂപീകരിക്കപ്പെട്ട പരിപാടികളും നയങ്ങളും പൊതുവില്‍ സ്വീകരിക്കപ്പെട്ട സാഹചര്യത്തിലാണ് 1953ല്‍ മധുരയില്‍ മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്. പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ താത്കാലികമായി അടങ്ങിയെങ്കിലും 1956ല്‍ പാലക്കാട് ചേര്‍ന്ന സമ്മേളനത്തോടെ കോണ്‍ഗ്രസില്‍, ജന്മിത്വം സാമ്രാജ്യത്വം സംബന്ധിച്ച വിഷയങ്ങളില്‍ സമവായത്തിലെത്താത്തതിനെത്തുടര്‍ന്ന് ബദല്‍ പ്രമേയം അവതരിപ്പിക്കുന്ന നിലയിലേക്കും ഭരണവര്‍ഗമായ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന തരത്തിലേക്കും കാര്യങ്ങള്‍ വളര്‍ന്നു.

പാര്‍ട്ടി വളരുകയും ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും അതിന് നിയമസഭകളില്‍ പ്രതിനിധികളുണ്ടാവുകയും കേരളത്തില്‍ പാര്‍ട്ടി അധികാരത്തില്‍വരികയും ചെയ്യുന്നതും ഇതേ ഘട്ടത്തില്‍ തന്നെയാണ്.

ജവഹര്‍ലാലിന്റെ നയങ്ങളെ അന്താരാഷ്ട്രതലത്തില്‍ ചൈനയും സോവിയറ്റ് യൂണിയനും അംഗീകരിച്ചതോടെ, ഇവിടെ ദേശീയ ബൂര്‍ഷ്വാസിയോടുള്ള സമരത്തിന്റെ കുന്തമുനയ്ക്ക് സാരമായ പരിക്കേല്‍ക്കുന്ന അവസ്ഥയാണ് പാര്‍ട്ടി അറുപതുകളില്‍ നേരിട്ടത്. ഇത്തരത്തില്‍ വളര്‍ന്നുവരുന്ന വലതുപക്ഷ സമീപനങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്നതിന്റെ ഭാഗമായാണ് 1958ല്‍ അമൃത്സറില്‍ പാര്‍ട്ടിയുടെ അസാധാരണ കോണ്‍ഗ്രസ് ചേരുന്നത്.

ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കം, സോവിയറ്റ് യൂണിയനില്‍ ചേര്‍ന്ന എണ്‍പത്തിയൊന്നു പാര്‍ട്ടികളുടെ മോസ്‌കോ പ്രഖ്യാപനമുള്‍പ്പെടെയുള്ള സാര്‍വദേശീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും ഭിന്നതകള്‍ ഉടലെടുത്തു. ഈ പശ്ചാത്തലത്തില്‍ 1961 ഏപ്രിലില്‍ വിജയവാഡയില്‍നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ യോജിച്ച പ്രമേയം പോലും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല.

മൂന്ന് രേഖകളാണ് ഇതില്‍ അവതരിപ്പിക്കപ്പെട്ടത്. പലവിധ തര്‍ക്കങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ് നടപടികള്‍ പലതവണ നിര്‍ത്തിവെക്കേണ്ടിവന്നു. തുടര്‍ന്ന് സി.പി.ഐ.എമ്മിന്റെ രൂപീകരണത്തിലേക്ക് നയിച്ച ദേശീയ കൗണ്‍സിലില്‍നിന്നും 32 ഇറങ്ങിപ്പോയ സംഭവങ്ങള്‍ നടക്കുന്നതും.

ഇവിടെയും കോണ്‍ഗ്രസ് സര്‍ക്കാരുകളോടുള്ള സമീപനം മുതല്‍ സോവിയറ്റ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയങ്ങള്‍ സംബന്ധിച്ചുമുള്ള ഭിന്നതകള്‍ തന്നെയായിരുന്നു കാരണങ്ങള്‍.

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. രക്തസാക്ഷിത്വം കൊണ്ടും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടും വളര്‍ത്തിയെത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മാര്‍ക്‌സിസം ലെനിനിസം ഉയര്‍ത്തിപ്പിടിച്ച് ശക്തിപ്പെടുത്തേണ്ട കടമകളെ സംബന്ധിച്ചുമുള്ള പ്രസ്താവനകളും മറ്റും ഉണ്ടായെങ്കിലും ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ക്കൊടുവില്‍ പാര്‍ട്ടി പിളരുകയും 1964ല്‍ സി.പി.ഐ,എം രൂപീകരിക്കപ്പെടുകയുമായിരുന്നു.

ഇങ്ങനെ രൂപീകരിച്ച സി.പി.ഐ.എമ്മിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറി ആന്ധയില്‍നിന്നുള്ള പി. സുന്ദരയ്യയായിരുന്നു.

പി. സുന്ദരയ്യ

സി.പി.ഐ.എമ്മിന്റെ രൂപീകരണത്തോടെ തിരുത്തല്‍വാദത്തിന്നെതിരായ സമരങ്ങള്‍ പാര്‍ട്ടിയില്‍ ശക്തിപ്പെടുകയും ഉള്‍പ്പാര്‍ട്ടി സമരങ്ങള്‍ മൂര്‍ച്ഛിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യായശാസ്ത്രപരമായ വിഷയങ്ങള്‍ മാത്രം ചര്‍ച്ചചെയ്യാനാണ് സി.പി.ഐ.എമ്മിന്റെ ആദ്യത്തെ പ്ലീനം 1968 ഏപ്രിലില്‍ പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ ചേരുന്നത്. ഇവിടേയും വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടില്ല.

1968ല്‍ കൊച്ചിയില്‍ എട്ടാം കോണ്‍ഗ്രസ് നടന്നു. കേരളത്തിലും ബംഗാളിലും അധികാരത്തില്‍ വരുന്നതോടെ വലതുപക്ഷ ആരോപണങ്ങള്‍ വീണ്ടും തലപൊക്കുകയുണ്ടായി.

പാര്‍ലമെന്ററി മാര്‍ഗത്തിന്നെതിരായ ഈ സമരമാണ് പില്‍ക്കാലത്ത് നക്‌സലൈറ്റ് മൂവ്‌മെന്റിനും തുടര്‍ന്ന് സി.പി.ഐ (എം.എല്‍) രൂപീകരണത്തിലേക്ക് കനു സന്യാല്‍, ചാരു മജുംദാര്‍ മുതല്‍ ഇങ്ങ് കേരളത്തിലെ വര്‍ഗ്ഗീസ് മുതല്‍പേര്‍ എത്തിപ്പെടുന്നത്. ഇതിനും സുദീര്‍ഘമായ ആശയസമരങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു.

ചാരു മജുംദാര്‍ | കനു സന്യാല്‍

1972ലെ മധുര കോണ്‍ഗ്രസിനുശേഷമുണ്ടായ സവിശേഷമായ രാഷ്ട്രീയസാഹചര്യം ഇന്ദിരയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച രാഷ്ട്രീയ അടിയന്തിരാവസ്ഥയായിരുന്നു. അതിനെത്തുടര്‍ന്ന് പത്താം കോണ്‍ഗ്രസ് ചേരുന്നത് 1978ല്‍ പഞ്ചാബിലെ ജലന്ധറിലാണ്. ഇതിനിടയില്‍ സംഘടനാപരവും ആശയപരവുമായ അഭിപ്രായഭിന്നതകളാല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സുന്ദരയ്യ രാജിവെക്കുകയും ഇ.എം.എസ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരികയുംചെയ്യുന്നത്.

ഇ.എം.എസ്

ഈ കോണ്‍ഗ്രസാണ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സ്‌പെഷ്യല്‍ പ്ലീനം ചേരാനുള്ള തീരുമാനമെടുക്കുന്നത്. അങ്ങനെയാണ് പശ്ചിമബംഗാളിലെ സാല്‍ക്കിയയില്‍ 1978 ഡിസംബറില്‍ സ്‌പെഷല്‍ പ്ലീനം നടക്കുന്നത്. ഇതിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ ജ്യോതിബസുവായിരുന്നു.

മറ്റെല്ലാ കാര്യങ്ങളിലും മുന്നേറിയ പാര്‍ട്ടി സംഘടനാ കാര്യത്തില്‍ മുന്നേറിയില്ലെന്നും ജനകീയ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുമ്പോള്‍ അംഗങ്ങളുടെ ഗുണനിലവാരം പ്രശ്‌നം തന്നെയാണെന്നും അതിനാല്‍ അടിത്തറ വികസിപ്പിക്കുന്നതോടൊപ്പം അവരുടെ ബോധവും ഉയര്‍ത്താനുള്ള ശ്രമവും കൂട്ടത്തിലുണ്ടാകണമെന്നും മാര്‍ക്‌സിസം-ലെനിനിസം നിരന്തരം പഠിച്ച് സ്വയം സജ്ജരാകാനും മുന്നേറാനും പാര്‍ട്ടി നേതാക്കളേയും അണികളേയും പ്ലീനം ആഹ്വാനം ചെയ്യുന്നുണ്ട്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ 1982 ല്‍ വിജയവാഡയില്‍ നടന്ന പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസാകുമ്പോഴേക്കും പാര്‍ട്ടിയുടെ വളര്‍ച്ച എടുത്തുപറയുകയും ഇന്ത്യയിലെ ജനങ്ങളാകെ ശ്രദ്ധിക്കുന്ന പാര്‍ട്ടിയായി മാറാന്‍ കഴിഞ്ഞ കാര്യവും രാഷ്ട്രീയ സംഘടനാറിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ഉയര്‍ന്നുവന്ന പ്രധാന രാഷ്ട്രീയ സംഭവമായി സി.പി.ഐ.എം വിലയിരുത്തുന്നത് രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ നടത്തുന്ന വിഘടന പ്രവര്‍ത്തനങ്ങളും അതിനോടെതിരിട്ടുനില്‍ക്കുന്ന ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ചുമുള്ള ഉത്കണ്ഠകളാണ്.

ഈ ഉത്കണ്ഠകള്‍ ഏറ്റവും ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിട്ടുണ്ട്. സി.പി.ഐ.എം ശക്തിപ്പെടുന്ന വേളയില്‍ ഉയര്‍ന്നുവന്ന ഹിന്ദുത്വവര്‍ഗീയത തൊഴിലാളി സംഘടനളെ തളര്‍ത്തുകയും രാജ്യത്താകമാനം വര്‍ഗീയചേരിതിരുവുകള്‍ക്ക് സാക്ഷ്യംവഹിക്കുകയും ചെയ്തു. ഈ കാലയളവില്‍ത്തന്നെയാണ് ആഗോളവത്കരണ നയങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിക്കുന്നതും.

ട്രേഡ് യൂണിയനുകളില്‍ അംഗത്വം കുറയുന്നതടക്കമുള്ള സംഭവവികാസങ്ങളെക്കുറിച്ച് അക്കാലത്ത് സി.ഐ.ടി.യു ഉത്കണ്ഠകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്കണ്ഠകള്‍ സത്യമാണെന്നു തെളിയിക്കുന്നതാണ പില്‍ക്കാല ഇന്ത്യന്‍ രാഷ്ട്രീയചരിത്രം പോലും. ഈയൊരു ദേശീയ പശ്ചാത്തലത്തില്‍ അതില്‍നിന്നും വേറിട്ടൊരു നില സി.പി.ഐഎമ്മിനും ഉണ്ടായില്ലെന്നതാണ് വസ്തുത.

‘കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയുടെ പതിമൂന്നാം കോണ്‍ഗ്രസിന്റെ സമാപനത്തോടനുബന്ധിച്ച് 1989ലെ പുതുവത്സരദിനത്തില്‍ തിരുവനന്തപുരത്ത് ഒരു വമ്പിച്ച പ്രകടനം നടക്കുകയുണ്ടായി. ഇത്ര വലിയ ഒരു ജനസഞ്ചയത്തിന് ഇതിന് മുമ്പൊരിക്കലും കേരളം സാക്ഷ്യം വഹിച്ചിട്ടില്ല.

കോണ്‍ഗ്രസില്‍ പങ്കെടുത്ത മൂന്ന് ഡസനില്‍പരം വിദേശപ്രതിനിധികളടക്കം എല്ലാവരെയും ആ റാലി അദ്ഭുതപരതന്ത്രരാക്കി. കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ സി.പി.ഐ.എം ആര്‍ജിച്ച സ്‌നേഹാദരങ്ങളുടെ ഒരു സൂചകം കൂടിയായി രുന്നു ആ പടുകൂറ്റന്‍ പ്രകടനം.’

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവം വളര്‍ച്ച എന്ന ഇ.എം.എസിന്റെ പുസ്തകം ആരംഭിക്കുന്നത് ഈ വാചകത്തോടെയാണ്. പില്‍ക്കാലത്ത് സി.പി.ഐ.എമ്മിന്റെ പുതുനിര നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, പി. രാമചന്ദ്രന്‍ സുനില്‍ മൊയ്തു ഉള്‍പ്പെടെയുള്ളവര്‍ ഈ സമ്മേളനത്തോടെയാണ് ദേശീയശ്രദ്ധയിലേക്ക് വരുന്നതും.

സീതാറാം യെച്ചൂരി | പ്രകാശ് കാരാട്ട്

പാര്‍ട്ടി കേന്ദ്രത്തെ സഹായിക്കുന്നതിനായി ഒരു സെന്‍ട്രല്‍ സെക്രട്ടറിയറ്റിന് രൂപം നല്‍കുന്നതും ഇതേ കോണ്‍ഗ്രസില്‍വെച്ചായിരുന്നു.

സാര്‍വദേശീയ തലത്തില്‍ ലോകമാകെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന ചിന്തകള്‍ക്കുമേറ്റ തിരിച്ചടിയുടെ കാലത്താണ്, മദ്രാസില്‍ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടല്‍ മുതല്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിലും, സാമ്രാജ്യത്വ ആഗോളവത്കരണത്തിന് തുടക്കംകുറിച്ച നാളുകള്‍ക്കുശേഷവുമാണ് 1992 ജനുവരിയില്‍ മദ്രാസില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.

1989ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അധികാരക്കുത്തക തകരുകയും. വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള ജനതാദളിനെ പുറത്തുനിന്നും പിന്തുണയ്ക്കുന്ന സവിശേഷ സാഹചര്യവും ഈ കാലത്തുതന്നെയാണ് ഉയര്‍ന്നുവരുന്നത്.

വി.പി. സിങ്. Photo: Wikipedia

ബി.ജെ.പിയും അവരെ പിന്തുണച്ചിരുന്നു. വര്‍ഗീയതയിലൂടെയും രാമജന്മഭൂമി വിഷയം ഉയര്‍ത്തിയും ജനങ്ങളുടെ അരക്ഷിതാവസ്ഥയെ ഹിന്ദുത്വരാഷ്ട്രീയത്തിന് പിന്നില്‍ അണിനിരത്തുന്നതില്‍ ബി.ജെ.പി വിജയിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയായിരുന്നു.

ഈ ബഹുവിധ പ്രശ്‌നങ്ങള്‍ക്കിടയിലും മാര്‍ക്‌സിസം-ലെനിനിസം ഉയര്‍ത്തിപ്പിടിക്കാനും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിലും ജനകീയ ജനാധിപത്യ വിപ്ലവം വളര്‍ത്തിയെടുക്കേണ്ട പ്രാധാന്യത്തെപ്പറ്റിയും തുടരേണ്ട സമരത്തെക്കുറിച്ചും തന്നെയാണ് സി.പി.ഐ.എം ചിന്തിച്ചതെന്നു മനസ്സിലാകും.

ചില വിഷയങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ഭാഗാമായി പാര്‍ട്ടി പരിപാടിയില്‍ ഭേദഗതി വരുത്തുന്നതിനായി ഒരു കമ്മീഷനെ സി.സി നിയമിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുന്നുണ്ട്. എന്നാല്‍ ഇ.എം.എസിന്റെ മരണം വരെ അത്തരത്തിലൊരു കമ്മീഷന്‍ രൂപീകരിക്കപ്പെടുകയോ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്തിരുന്നില്ല.

പാര്‍ട്ടി പരിപാടി പരിഷ്‌ക്കരിക്കുന്നതിലേക്ക് നയിച്ചതും നേരത്തേ പറ്റിയൊരു തെറ്റിന്റെ ഭാഗമായിരുന്നു. 2000 ഒക്ടോബറില്‍ തിരുവനന്തപുരത്തു ചേര്‍ന്ന പ്രത്യേക സമ്മേളനം പാര്‍ട്ടി പരിപാടിയുടെ ഭാഗമായി വരുത്തിയ ഭേദഗതികളില്‍ സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണപങ്കാളിത്തം എന്ന വിഷയത്തില്‍ ‘വസ്തുനിഷ്ഠ സാഹചര്യം അനുസരിച്ച്’ എന്ന വാചകം കൂട്ടിച്ചേര്‍ക്കാനും തീരുമാനിക്കുന്നുണ്ട്.

ഇത് സി.പി.ഐ.എമ്മിന്റെ നയത്തില്‍ വന്നിട്ടുള്ള മൗലികമായ മാറ്റത്തെയാണ് കുറിക്കുന്നത്. അധികാരത്തിലേറാനുള്ള കുറുക്കുവഴികളെസംബന്ധിച്ച് നേരത്തേ ഉത്കണ്ഠപ്പെട്ട പാര്‍ട്ടി തന്നെ കിട്ടാവുന്നിടങ്ങളിലൊക്കെ അധികാരത്തില്‍ പങ്കാളികളാകണമെന്ന തരത്തിലേക്ക് പാര്‍ട്ടി കേന്ദ്ര കമ്മറ്റിയിലും അതിനനുസൃതമായി പ്രതിനിധികളിലും വളര്‍ന്നുവന്ന നയവ്യതിയാത്തെയാണ് കുറിക്കുന്നത്.

2002ല്‍ ഹൈദരബാദില്‍ നടന്ന പതിനേഴാം കോണ്‍ഗ്രസിന്റെ സംഘടന എന്ന ഭാഗത്തും തെറ്റുതിരുത്തല്‍ സംബന്ധിച്ച് അടിയന്തിര കര്‍ത്തവ്യമായി ഏറ്റെടുക്കണമെന്ന ഭാഗം വരുന്നുണ്ട്. ഇതില്‍ പ്രധാനം പാര്‍ലമെന്ററിസവും വര്‍ഗബഹുജന സംഘടനകള്‍, നേതാക്കള്‍ക്കുണ്ടാകുന്ന ദുസ്വാധീനങ്ങള്‍. ഇതൊന്നും നയപരമായ കാര്യങ്ങളിലല്ല. എന്താണ് തെറ്റുകളെന്നു പക്ഷേ ഉള്‍പ്പാര്‍ട്ടി രേഖകളില്‍ മാത്രം ഒതുങ്ങിയിരിക്കാം.

തുടര്‍ന്നുവന്ന പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നയവ്യതിയാനങ്ങള്‍ സംബന്ധിച്ചോ മറ്റോ കാര്യമായ അഭിപ്രായഭിന്നതകള്‍ ഉടലെടുക്കുന്നില്ല. എന്നാല്‍ ഈയൊരു പൊതു പശ്ചാത്തലത്തില്‍നിന്നും വിഭിന്നമായി കേരള പാര്‍ട്ടിയില്‍ അതിശക്തമായ ഭിന്നതകള്‍ ഉടലെടുത്തു.

ആശയസമരത്തില്‍ തുടങ്ങി സി.ഐ.ടി.യു പാര്‍ട്ടി വിഭാഗീയതയില്‍ ആരംഭിച്ച തര്‍ക്കങ്ങള്‍ പരിണിതപ്രജ്ഞരായ സി. കണ്ണന്‍, എംഎം. ലോറന്‍സ്, രവീന്ദ്രനാഥ് തുടങ്ങിയവരെ സംസ്ഥാന നേതൃത്വത്തില്‍നിന്നും പുറത്താക്കുന്നത്. ഇവരില്‍ പലരും പാര്‍ട്ടി കേന്ദ്ര കമ്മറ്റിയംഗങ്ങള്‍കൂടിയായിരുന്നു.

ഈ വിഭാഗീയത പിന്നീട് വ്യക്തിവൈരാഗ്യത്തിലേക്കും കൂട്ടായ പുറത്താക്കലുകളിലേക്കും നടപടികളിലേക്കും നയിക്കുകയായിരുന്നു. പാര്‍ട്ടി പിടിച്ചെടുക്കുന്നതിലൂടെ അധികാരം കൈക്കലാക്കുകയെന്നതായിരുന്നു പിന്നീടുള്ള ലക്ഷ്യം.

ഈ സാഹചര്യങ്ങളാണ് 2008 മാര്‍ച്ച് മാസത്തില്‍ കോയമ്പത്തൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത പൊളിറ്റ് ബ്യൂറോ അംഗവും പുന്നപ്ര-വയലാര്‍ സമരസേനാനിയുായ വി.എസ്. അച്യുതാനന്ദനെ പിന്നീട് ഒഴിവാക്കുന്നലേക്കുവരെ നയിച്ചത്. വി.എസിനോടൊപ്പം പിണറായി വിജയനെതിരെയും നടപടിയുണ്ടായെങ്കിലും പിണറായിയെ പിന്നീട് പൊളിറ്റ് ബ്യൂറോവില്‍ ഉള്‍പ്പെടുത്തി.

വി.എസ് അച്യുതാനന്ദൻ

വി.എസിനെ മരണം വരെ കേന്ദ്ര കമ്മറ്റിയില്‍ നിലനിര്‍ത്തുകയായിരുന്നു. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ വി.എസിന് പി.ബിയിലേക്ക് തിരിച്ചുവരാനുള്ള സൗകര്യമൊരുക്കുമെന്നു കരുതിയെങ്കിലും മരണംവരെ അത് നടക്കാത്തതില്‍ അവസാനംവരെ വി.എസ്. ഖിന്നനായിരുന്നു.

തിരുവനന്തപുരം സമ്മേളനങ്ങളില്‍ വി.എസ് അച്യുതാനന്ദനെതിരെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നടപ്പിലാക്കണമെന്നുള്ള തരത്തിലുള്ള ചര്‍ച്ചകള്‍വരെ നടക്കുകയും ഇത്തരം ചര്‍ച്ചകള്‍ ചിരിയോടെ പ്രോത്സാഹിപ്പിക്കുകയായിരുന്നു സമ്മേളന പ്രസീഡിയമെന്നും, പിന്നീട് പിരപ്പന്‍കോട് മുരളി തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.

ഇതിന്റെ തുടര്‍ച്ചയായി, 2001-2005വരെ കേരളത്തിലെ പ്രതിപക്ഷനേതാവായി നിര്‍ണായക ഇടപെടലുകള്‍ നടത്തിയ വി.എസ്സിനെ 2006ലെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന് കേരളത്തിലെ പാര്‍ട്ടി തീരുമാനിക്കുന്നത്. അപ്പോഴേക്കും തനിക്കിഷ്ടമുള്ളവരെ പലവിധത്തിലും സ്വാധീനിച്ച് കൂടെനിര്‍ത്തിയിരുന്നു പിണറായി വിജയന്‍.

pinarayi vijayan

പിണറായി വിജയന്‍

മന്ത്രിസ്ഥാനമുള്‍പ്പെടെയുള്ള പലവിധ പദവികളും പാര്‍ട്ടി പദവികളും ഇത്തരത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടതായി, പില്‍ക്കാലത്ത് പിണറായി മന്ത്രിസഭയില്‍ അംഗങ്ങളായ പല യുവതുര്‍ക്കികള്‍ക്കും കിട്ടിയ സ്ഥാനമാനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വി.എസിനെ മത്സരിപ്പിക്കരുതെന്നു തീരുമാനിക്കുന്നതിന് കാരണമായി പറഞ്ഞത്, വി.എസ്. വികസനവിരോധിയാണെന്നും ഇത് കേരളത്തിലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നല്‍കുമെന്നുമായിരുന്നു.

വി.എസ്. അച്യുതാനന്ദനെ മത്സരിപ്പിക്കേണ്ടെന്ന സംസ്ഥാന പാര്‍ട്ടി തീരുമാനത്തിന്നെതിരെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നതാണ് പിന്നീട് കാണുന്നത്. കേരളത്തിലെ പാര്‍ട്ടിയുടെ ഒമ്പത് ജില്ലാ കമ്മറ്റികള്‍ ഇതിനെതിരെ പ്രമേയങ്ങളിലൂടെ കേന്ദ്ര കമ്മറ്റിയോട് വി.എസിനെ മത്സരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായിരുന്നു ഇത്തരം രീതികള്‍.

അവസാനം പാര്‍ട്ടി തീരുമാനങ്ങള്‍ക്കുമേല്‍ ജനങ്ങളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വി.എസ് മലമ്പുഴയില്‍ മത്സരിച്ചു ജയിച്ചു. മുഖ്യമന്ത്രിയുമായി. ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ ആഭ്യന്തരവകുപ്പ് എടുത്തുമാറ്റിയും പേഴ്‌സണല്‍ സ്റ്റാഫില്‍ ചാരന്‍മാരെ തിരുകിയും പാര്‍ട്ടി സബ് കമ്മറ്റികളെ രൂപീകരിച്ചും ഭരണത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ നിരന്തരമായ ഇടപെടലുകള്‍ നടന്നു.

കോവളം കൊട്ടാരം മുതല്‍ മൂന്നാര്‍ ഒഴിപ്പിക്കല്‍ വരെയുള്ള അക്കാലത്തെ സംഭവവികാസങ്ങള്‍ക്ക് ഇന്നത്തെ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധമുണ്ടെന്നു കാണാം.

പാര്‍ട്ടിക്കുള്ളിലെ ആശയസമരത്തിന്റെ മറ്റൊരുഫലമായിരുന്നു ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനും അനേകം ആളുകളും പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചത്. ടി.പി. ചന്ദ്രശേഖരനെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് അത് സി.പി.ഐ.എമ്മിനെ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.

 T.P. Chandrasekhar murder case is serious; accused cannot be granted bail: Supreme Court

ടി.പി. ചന്ദ്രശേഖരൻ

ചന്ദ്രശേഖരന്റെ കൊലപാതകത്തിന് മുമ്പ് കോഴിക്കോട് നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി റോമന്‍ കൊളോസിയമായിരുന്നു. കോഴിക്കോട്ട് പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നു പറഞ്ഞ് മറ്റൊരു ചെങ്കൊടി ഉയരരുതെന്നുമുള്ള പാര്‍ട്ടി കല്‍പ്പന, ഒരു ഫാസിസ്റ്റ് പാര്‍ട്ടിയുടേതാണെന്നും അതിന്റെ സെക്രട്ടറിയാണ് അതിനെ ഫാസിസ്റ്റാക്കിയതെന്നും ടി.പി. ചന്ദ്രശേഖരന്‍ തിരിച്ചടിക്കുകയും ഒഞ്ചിയത്താകെ ചെങ്കൊടി ഉയര്‍ത്തിയുമാണ് ഇതിനോട് പ്രതികരിച്ചത്.

പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കൃത്യം ഒരു മാസത്തിനകം ചന്ദ്രശേഖരന്റെ ജീവിതയാത്രയും കമ്യൂണിസ്റ്റ് ജീവിതവും വള്ളിക്കാട് തെരുവില്‍ സി.പി.ഐ.എം അവസാനിപ്പിച്ചു. ‘റോമന്‍ ചക്രവര്‍ത്തി വെസ്പാസിയന്‍ എ.ഡി. 72ല്‍ കൊളോസിയത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി 9000 ഉഗ്രന്‍ വന്യമൃഗങ്ങളെ കൊന്ന് ചോരയൊഴുക്കിയായിരുന്നുവെന്നും ഏപ്രില്‍ ഒമ്പതിന് കോഴിക്കോട് അവസാനിച്ച ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ വിജയം ആഘോഷിക്കാന്‍ തീര്‍ച്ചയായും ഒരു നരബലി നിര്‍ബന്ധമായിരുന്നു’ വെന്നും വിഖ്യാത പത്രപ്രവര്‍ത്തകന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എഴുതുന്നുണ്ട്.

ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ നേരിടുന്നതില്‍ പാര്‍ട്ടി തീര്‍ത്തും പരാജയപ്പെട്ടു. കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ കൊന്നത് സഖാവ് അഴിക്കോടന്‍ രാഘവന്റെ കൊലപാതകവുമായി താരതമ്യം ചെയ്യപ്പെട്ടു. ചന്ദ്രശേഖരന്റെ കൊലപാതകം തെറ്റായിപ്പോയിയെന്നു കേന്ദ്ര കമ്മറ്റിക്ക് പറയേണ്ടിവന്നു. ഈ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെവരെ വെക്കേണ്ടിവന്നെങ്കിലും തുടര്‍ന്ന് വടകരയിലും കേരളത്തിലുടനീളവും സി.പി.ഐ.എം പതനത്തിലേക്ക് നീങ്ങുകയായിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കകാലത്ത് പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായി തുടങ്ങിയ അഭിപ്രായ ഭിന്നതകള്‍, പാര്‍ട്ടി അധികാരത്തിലെത്തിയതോടെ മറ്റുതരത്തിലേക്ക് മാറുകയായിരുന്നു.

നിരന്തരമുള്ള തെറ്റുതിരുത്തല്‍ രേഖകളില്‍, പാര്‍ട്ടി നല്‍കിയ മുന്നറിയിപ്പുകള്‍ അധികാരവും അത് സംബന്ധിച്ച സുഖസൗകര്യങ്ങളും പാര്‍ട്ടി നേതൃത്വത്തെ കീഴ്‌പ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു. ഇത്തരം വിഷയങ്ങള്‍ തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ഇന്നും വേട്ടയാടുന്നതെന്ന സമകാലിക സംഭവങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നുമുണ്ട്.

അതിസങ്കീര്‍ണമായ ഈയൊരു പശ്ചാത്തലത്തില്‍വേണം കോഴിക്കോട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മറ്റിയെ വിലയിരുത്താന്‍.

സാല്‍ക്കിയ പ്ലീനം കല്‍ക്കത്താ പ്ലീനം പാലക്കാട് പ്ലീനം, ഇതിനു പുറമെ 1996ല്‍ നടന്നതുള്‍പ്പെടെയുള്ള മൂന്നു തെറ്റുതിരുത്തല്‍ രേഖയും ഇത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടുണ്ട്. ഇതിന്റെ ഏറ്റവും അവസാനത്തേതാണ് കോഴിക്കോട് നടക്കാനിരിക്കുന്ന വിപുലീകൃത സംസ്ഥാന കമ്മറ്റി.

 

Content Highlight: Bibith K.K. writes against the backdrop of the CPIM’s extended state committee meeting in Kozhikode.