രാഷ്ട്രീയപ്പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ തോല്‍ക്കുക എന്നത് അപൂര്‍വ്വമായെങ്കിലും സംഭവിക്കാറുള്ള കാര്യമാണ്. പശ്ചിമ ബംഗാള്‍ നിയമസഭയില്‍ സി.പി.ഐ.എമ്മിന്റെയും ലോക്സഭയില്‍ കോണ്‍ഗ്രസിന്റെയും കാര്യത്തില്‍ ഇത് സംഭവിച്ചിട്ടുണ്ട്. 294 സീറ്റുള്ള പശ്ചിമ ബംഗാള്‍ 33 കൊല്ലം ഭരിച്ച ഇടതുമുന്നണി ഒരു സമയം 254 സീറ്റുകള്‍ വരെ നേടിയിട്ടുണ്ട്; കഴിഞ്ഞ നിയമസഭയില്‍ പൂജ്യമായിരുന്നു അംഗസംഖ്യ. ഇപ്പോള്‍ ഒന്ന്.
ലോക്സഭയിലെ 543 അംഗങ്ങളില്‍ 415 അംഗങ്ങളെ ജയിപ്പിച്ചെടുത്ത കോണ്‍ഗ്രസ് അതിന്റെ പത്തിലൊന്നോളം, 44, സീറ്റിലേക്ക് ചുരുങ്ങിയിട്ടുമുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേരിട്ട തോല്‍വിയെത്തുടര്‍ന്ന് സി.പി.ഐ.എം എന്ന രാഷ്ട്രീയപ്പാര്‍ട്ടി നടത്തുന്ന പരിശോധന പക്ഷെ ഇതുവരെ ഏതെങ്കിലുമൊരു പാര്‍ട്ടിയിലോ സി.പി.ഐ എമ്മിന്റെ തന്നെയോ ചരിത്രത്തില്‍ കാണാത്ത കാര്യമാണ്.
ഉയര്‍ന്ന തലത്തിലുള്ള ഒന്നോ രണ്ടോ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ചുള്ള അവലോകനമെഴുതി വായിച്ചുകഴിഞ്ഞാല്‍ അതവിടെ തീരുകയാണ് പതിവ്. പക്ഷെ നാല് മാസമായിട്ടും സി.പി.ഐ.എമ്മിന്റെ ബ്രാഞ്ച് മുതല്‍ കേന്ദ്രക്കമ്മിറ്റി വരെ ഈ തോല്‍വി ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സി.പി.ഐ.എം ഒരു വിശാല സംസ്ഥാന സമിതിയോഗം കൂടുന്നത്.
ഇതിനകം കേന്ദ്രകമ്മിറ്റിയുടെ ഒരവലോകനം പൊതുസമൂഹത്തിനു ലഭ്യമായിട്ടുണ്ട്. അതില്‍ വന്‍ തകര്‍ച്ച എന്നാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോ എന്ന പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള ചിലരുടെയെങ്കിലും ആശങ്ക പ്രതിഫലിക്കുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര സമിതി അംഗീകരിച്ചിരിക്കുന്നത്.
അതില്‍ സംസ്ഥാന കമ്മിറ്റിയുടേതായി പറയുന്ന ഏറ്റവും പ്രധാനപ്പെട്ടത് എന്ന് എനിക്ക് തോന്നിയ ഭാഗം ഇതാണ്. ‘the reviw adopted by the state commite notes that there are political administrative and organisational issues that have contributed to our defeat,
‘രാഷ്ട്രീയവും ഭരണപരവും സംഘടനാപരവുമായുള്ള കാരണങ്ങള്‍ നമ്മുടെ തോല്‍വിയ്ക്കുള്ള കാരണങ്ങളായി’. റിപ്പോര്‍ട്ട് ഇതില്‍ ഓരോ കാരണവും വിശദമായി പറയുന്നുണ്ട്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് മാത്രം ചെയ്യാവുന്ന സത്യസന്ധതയോടെയാണ് സി.പി.ഐ.എമ്മിന്റെ കേന്ദ്രക്കമ്മിറ്റി കാരണങ്ങള്‍ വിലയിരുത്തിയിരിക്കുന്നത് എന്നത് ആ റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ കാണാം. കാരണങ്ങള്‍ എണ്ണിയെടുക്കുമ്പോള്‍ ഒരു തരത്തിലുമുള്ള വഴുക്കലുമില്ല, അവ്യക്തതയുമില്ല.
പ്രചാരണരംഗത്ത് പാര്‍ട്ടിയുടെ രാഷ്ട്രീയം മുന്‍പോട്ടുവയ്ക്കാനായില്ല. പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം; പി.എം ശ്രീ കൈകാര്യം ചെയ്തത്തിലുണ്ടായ പ്രശ്നം, യോഗി ആദിത്യനാഥിന്റെ പ്രസംഗം ഒരു മന്ത്രി തന്നെ വായിച്ചത്, വെള്ളാപ്പള്ളിയ്ക്ക് സമയത്തും കാലത്തും വേണ്ട രീതിയില്‍ മറുപടി കൊടുക്കാതിരുന്നത് എന്നിവയൊക്കെ രാഷ്ട്രീയ കാരണങ്ങള്‍ പറയുമ്പോള്‍ പാര്‍ട്ടി എണ്ണിയെണ്ണി പറയുന്നുണ്ട്.
പക്ഷെ പാര്‍ട്ടി അവിടെ പറയാതെ പോകുന്ന ഒരു കാര്യമുണ്ട് . പ്രചാരണ രംഗത്തു പാര്‍ട്ടി അതിന്റെ നയങ്ങള്‍ പിന്തുടര്‍ന്നില്ല എന്നുമാത്രമല്ല പിന്തുടര്‍ന്ന പല കാര്യങ്ങളും പാര്‍ട്ടി നയങ്ങള്‍ക്ക് എതിരുമായിരുന്നു. ഇതെങ്ങിനെ സംഭവിച്ചു എന്ന കാര്യത്തില്‍ അന്വേഷണമോ ആത്മപരിശോധനയോ നടത്തിയതായി കാണുന്നില്ല.
ഉദാഹരണത്തിന്, എങ്ങിനെയാണ് യോഗി ആദിത്യനാഥിന്റെ പ്രസംഗം സംസ്ഥാനമന്ത്രിയും സെക്രട്ടേറിയറ്റംഗവുമായ ഒരാളിന്റെ കൈയില്‍ എത്തുക? എങ്ങിനെയാണ് സി.പി.ഐ.എം അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഒരു സംവിധാനം അതിനു വേദിയൊരുക്കുക? അതെങ്ങിനെ സംഭവിക്കുന്നു? എന്ത് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് അയ്യപ്പ സംഗമത്തിന് പാര്‍ട്ടി അനുമതി നല്‍കിയത്, നേതാക്കളൊക്കെ അവിടെ പോയത്?
വെള്ളാപ്പള്ളി ഇതിനുമുന്‍പും പച്ചവര്‍ഗീയ വര്‍ത്തമാനം പറഞ്ഞിട്ടുണ്ട്. അന്ന് അതിരൂക്ഷമായി പാര്‍ട്ടി പ്രതികരിച്ചിട്ടുമുണ്ട്. എങ്ങിനെയാണ് ആ പ്രതികരണം ഉണ്ടാകാതെ പോയത്? എന്താണ് അതിനു കാരണം? നായാടി മുതല്‍ നസ്രാണി വരെ എന്ന് അയാള്‍ ഈ നാട്ടിലൂടെ വംശീയത പറഞ്ഞുനടന്നപ്പോള്‍ അത് മുസ്‌ലിം ലീഗിനെ ഉന്നം വച്ചാണ് എന്ന ന്യായീകരണം എങ്ങിനെ ഉണ്ടായി? അതെന്തു രാഷ്ട്രീയമാണ്?
പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം എന്ന് പാര്‍ട്ടി സമ്മതിക്കുന്നു. അത് പാര്‍ട്ടിയുടെ ഇന്നുവരെയുള്ള ശീലത്തിന് വിരുദ്ധമാണ്. അതെങ്ങിനെ സംഭവിച്ചു?
സി.പി.ഐ.എം ബി.ജെ.പി യുമായി ഒരു ഡീലുണ്ടാക്കിയതായി പ്രതിപക്ഷം വന്‍തോതില്‍ പ്രചാരണം അഴിച്ചിട്ടതായി പാര്‍ട്ടി പറയുന്നു.
അത് സത്യമാണ്. നാട്ടുകാര്‍ ആ പ്രചാരണം കണ്ടതാണ്. പക്ഷെ ഇമ്മാതിരി പ്രചാരണം ഇതിനുമുന്‍പും നടന്നപ്പോഴും നാട്ടുകാര്‍ അത് കണ്ടിരുന്നു. പക്ഷെ അവരത് അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ ആ പ്രചാരണത്തിന് അവര്‍ വോട്ടു ചെയ്തു. ആ വിശ്വാസം നഷ്ടപ്പെടാന്‍ എന്താണ് കാരണം എന്ന് പാര്‍ട്ടി അന്വേഷിക്കുന്നതായി കാണുന്നില്ല.
കഴിഞ്ഞ ഒരു വര്‍ഷമായി അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ശ്രീമാന്‍ വി ഡി സതീശന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത് തങ്ങളാണ് യഥാര്‍ത്ഥ ഇടതുപക്ഷം എന്നും തങ്ങള്‍ മത നിരപേക്ഷതയില്‍ വെള്ളം ചേര്‍ക്കില്ല എന്നുമാണ്. എങ്ങിനെയാണ് ഇടതുപക്ഷത്തിന് ഇക്കാലമത്രയും സ്വീകാര്യതയുണ്ടാക്കിയ രാഷ്ട്രീയ നിലപാടുകള്‍ കോണ്‍ഗ്രസും യു.ഡി.എഫും സ്വന്തമാക്കിയത്, അത് കാണിച്ചു വോട്ടു പിടിച്ചത്? എന്തുകൊണ്ടാണ് മനുഷ്യര്‍ ആ മുദ്രാവാക്യങ്ങളില്‍ വിശ്വാസമര്‍പ്പിച്ചത്, അതില്‍ ശരിയുടെ അംശങ്ങളുണ്ട് എന്നവര്‍ക്ക് തോന്നിയത്? എന്തുകൊണ്ടാണ് മനുഷ്യരില്‍ വിശ്വാസമുണ്ടാക്കുംവിധം ആ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കാന്‍ എല്‍. ഡി.എഫിന് കഴിയാതെ പോയത്? എന്തായിരുന്നു ആ ദൗര്‍ബല്യം?
ഈ സംഭവങ്ങളിലെ പാറ്റേണ്‍ സൂക്ഷിച്ചു നോക്കിയാല്‍ പാര്‍ട്ടി അതിന്റെ മത നിരപേക്ഷ രാഷ്ട്രീയത്തില്‍ വെള്ളം ചേര്‍ത്തു എന്നല്ലേ മനസിലാവുക? 2024-ലെ ലോക് സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി നേരിടാന്‍ ഇതാണ് വഴി എന്ന തീരുമാനത്തില്‍ എങ്ങിനെയെത്തി എന്ന് പാര്‍ട്ടി കണ്ടുപിടിക്കേണ്ടതില്ലേ? അതിനുത്തരവാദികളായവര്‍ അക്കാര്യം തുറന്നു പറയേണ്ടതില്ലേ? പ്രതിസന്ധി മറികടക്കാനുള്ള വഴികള്‍ തേടുമ്പോള്‍ അടിസ്ഥാന രാഷ്ട്രീയം മറന്നുപോകാത്ത ആളുകള്‍ നേതൃതലത്തില്‍ വേണമെന്ന കാര്യുത്തില്‍ പാര്‍ട്ടിയ്ക്ക് ഒരു നിര്‍ബന്ധം ഉണ്ടാകേണ്ടതില്ലേ?
The focus of our campaign develeopment and welfare without putting politics to the for was not effective മുഖ്യപ്രചരണായുധമായി നടത്തിയ പ്രചാരണം പക്ഷെ രാഷ്ട്രീയത്തെ മുന്‍പില്‍ നിര്‍ത്തിയില്ല. അത് ഫലപ്രദവുമായില്ല.’ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് രാഷ്ട്രീയം മുന്‍നിര്‍ത്തിയല്ല, ഭരണപരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നു പറയുന്നത് എന്നോര്‍ക്കണം. അതിലെ സത്യസന്ധത മാനിക്കുന്നു; പക്ഷെ അതെങ്ങിനെ സംഭവിക്കുന്നു?
രാഷ്ട്രീയത്തിന്റെ ഉല്പന്നമാണ് അധികാരം, മറിച്ചല്ല എന്ന കാര്യം പാര്‍ട്ടി മറന്നു എന്നതല്ലേ വസ്തുത? അതെന്തുകൊണ്ട് സംഭവിച്ചു?
അതുകൂടി അന്വേഷിക്കേണ്ടേ?
സംഘടനാപരമായി വന്ന വീഴ്ചകളും പാര്‍ട്ടി എണ്ണിയെടുക്കുന്നുണ്ട്. അതില്‍ നേതാക്കന്മാരുടെ അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം…ഒക്കെയുണ്ട്. ഒരു വാചകം കൂടിയുണ്ട്: മാധ്യമങ്ങളും പ്രതിപക്ഷവും ഇതിനെ പൊലിപ്പിച്ചു പൊതുസ്വഭാവമാണെന്ന മട്ടില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉപയോഗിച്ചു.
മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും പെരുപ്പിച്ചുപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള വീഴ്ച തങ്ങളുടെ ഭാഗത്തുനിന്നുണ്ടായി എന്നൊരു പാര്‍ട്ടി ഏറ്റുപറയുന്നത് ആദ്യമായിരിക്കും.
തെരഞ്ഞെടുപ്പിനുശേഷം സി.പി.എമ്മിന്റെ സംഘടനാപരമായി താഴെത്തട്ടിലുള്ള ധാരാളം ആളുകളോട് ഞാന്‍ സംസാരിച്ചിരുന്നു.
അതില്‍നിന്നു എനിക്ക് ബോധ്യം വന്ന കാര്യം പാര്‍ട്ടി എണ്ണിപ്പറയുന്ന ഈ വീഴ്ചകള്‍ ഉയര്‍ന്ന നേതൃതലത്തില്‍ മാത്രമല്ല, താഴെത്തട്ടില്‍വരെയുണ്ട്. താഴെത്തട്ടില്‍ അത് ധാരാളമുണ്ട്. പാര്‍ട്ടി സഖാക്കളെ നിഷ്‌ക്രിയരാക്കാന്‍ പോരുന്ന വിധത്തില്‍ അത് പടര്‍ന്നിട്ടുണ്ട്.
കമ്യൂണിസ്റ്റുകള്‍ പറയുന്നതിനനുസരിച്ചു പാര്‍ട്ടി അമ്മയാണ്: തെറ്റുകള്‍ തിരുത്തുന്ന അമ്മ. എന്തുകൊണ്ടാണ് പാര്‍ട്ടി സഖാക്കള്‍ തെറ്റുചെയ്തുകൊണ്ടിരുന്നപ്പോള്‍ പാര്‍ട്ടി രീതികളില്‍നിന്നും ഭിന്നമായി പാര്‍ട്ടി ഇടപെടാതിരുന്നത്? പാര്‍ട്ടിയെ അതില്‍നിന്നും തടഞ്ഞത്എന്ത് കാര്യമാണ്? രേഖ ഒന്നും പറയുന്നതായി കാണുന്നില്ല.
തിരുവനന്തപുരത്തു മാതൃഭൂമിയുടെ ക ഫെസ്റ്റിവലില്‍ സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാഷും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഉള്ള ഒരു സെഷന്‍ ഞാന്‍ മോഡറേറ്റ് ചെയ്തിരുന്നു. അന്ന് ഞാന്‍ മാഷിനോട് രണ്ടു കാര്യങ്ങള്‍ ചോദിച്ചിരുന്നു. ഒന്ന് എന്തുകൊണ്ടാണ് ശബരിമല ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുക്കാതിരുന്നത്? അദ്ദേഹം കുറ്റം ചെയ്തു എന്നതുകൊണ്ടല്ല, അക്കാര്യം കോടതി തീരുമാനിക്കണം; ഇത്തരം സുപ്രധാന പദവിയില്‍ പാര്‍ട്ടി നിയോഗിച്ച ആള്‍ അയാളുടെ ജോലി ചെയ്തില്ല എന്ന കാര്യം കൊണ്ടുതന്നെ അയാള്‍ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകേണ്ടതല്ലേ? എനിക്ക് തൃപ്തികരമായ ഒരുത്തരവും കിട്ടിയില്ല.
രണ്ടാമതായി, പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിന്റെ കാര്യം നാട്ടുകാരുടെ മുന്‍പില്‍ അവതരിപ്പിച്ചു കൂടെ എന്ന് ഞാന്‍ ചോദിച്ചു.
അതിനുതന്നെയാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ തീരുമാനം എന്നദ്ദേഹം പറഞ്ഞു; പക്ഷെ കമ്മിറ്റി അനങ്ങിയില്ല. തെരഞ്ഞെടുപ്പില്‍ കണ്ണൂരെ കാര്യം ഇതിനുമുന്പില്ലാത്തവിധം അവതാളത്തിലായി.
ഈ രണ്ടു കാര്യങ്ങളും കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പത്മകുമാറിനെതിരെ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര നേതൃത്വം സംസ്ഥാനനേതൃത്വത്തോട് സൂചിപ്പിച്ചതായി പോലും റിപ്പോര്‍ട്ട് പറയുന്നു.
എന്നെപ്പോലെ വഴിയേ പോകുന്നവര്‍ക്കും പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിനും ഒരുപോലെ മനസിലായ കാര്യം എങ്ങിനെയാണ് സംസ്ഥാന നേതൃത്വത്തിന് മനസിലാകാതെ പോയത്? അതെന്തുകൊണ്ട് സംഭവിച്ചു? കേന്ദ്രനേതൃത്വത്തെ മറികടക്കാനുള്ള എന്താവശ്യമായിരുന്നു കേരളത്തിലെ പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്നത്? അക്കാര്യം പാര്‍ട്ടി ആലോചിക്കേണ്ടതില്ലേ?
തോല്‍വിയുടെ കാരണങ്ങള്‍ ലിസ്റ്റ് ചെയ്താല്‍ മാത്രം പോരല്ലോ; എന്തുകൊണ്ട് ആ കാരണങ്ങള്‍ സംഭവിച്ചു എന്നുകൂടെ അന്വേഷിക്കാനും അതിനുള്ള പ്രതിവിധി കണ്ടെത്താനും അതുകൂടി നാട്ടുകാരോടും പാര്‍ട്ടിക്കാരോടും പറയാനും സി പി എമ്മിന് ഉത്തരവാദിത്തമുണ്ടെന്നു ഞാന്‍ കരുതുന്നു.
എങ്കില്‍ മാത്രമേ അവലോകനം പൂര്‍ത്തിയാകൂ. അതിനുള്ള സത്യസന്ധത കൂടി പാര്‍ട്ടി കാണിക്കണം അല്ലെങ്കില്‍ ഇരുട്ടുകൊണ്ടു ഓട്ടയടയ്ക്കുന്ന പരിപാടിയാകും അതെന്നു ഞാന്‍ ഭയപ്പെടുന്നു.
രാഷ്ട്രീയപരമായും സംഘനാപരമായും അങ്ങേയറ്റം ദുര്ബലാവസ്ഥയിലാണ് പാര്‍ട്ടി എന്ന ബോധ്യം മുകള്‍ത്തട്ടില്‍ മുതല്‍ താഴെവരെയുണ്ട്.
കൂട്ടായ നേതൃത്വം എന്ന പരമപ്രധാനമായ സംഘടനാതത്വം സി പി എം മറന്നുപോയി എന്ന് പുറത്തുനിന്നുനോക്കുമ്പോള്‍ ഞാന്‍ പറയും. അതാണ് എല്ലാ ഭ്രംശങ്ങളുടെയും തുടക്കമെന്നും.
***
കേരളത്തില്‍ സി പി എമ്മിന്റെ ചരമക്കുറിപ്പെഴുതാന്‍ ആളുകള്‍ തിരക്കുകൂട്ടുകയാണ്. ഒരു സി പി എമ്മുകാരന്‍ ഉറക്കെ മൂക്കുചീറ്റിയാല്‍ അടുത്ത പ്രാവശ്യം മൂന്നുസീറ്റാകും എന്ന് പറയാന്‍ നിരീക്ഷക സിംഹങ്ങള്‍ മത്സരിക്കുകയാണ്.
എന്നെ സംബന്ധിച്ചിടത്തോളം കേരള രാഷ്ട്രീയത്തില്‍ സി പി എമ്മിന്റെ തിരിച്ചുവരവ് ആ പാര്‍ട്ടിയ്ക്ക് തീരുമാനിക്കാവുന്നതാണ്. ഏറ്റവും സാധാരണക്കാരായ മനുഷ്യരുടേതാണ് ആ പാര്‍ട്ടി. അവര്‍ക്ക് ആ പാര്‍ട്ടിയെ ആവശ്യമുണ്ട്.
ഒരു കാര്യം നേതൃത്വത്തിലിരിക്കുന്നവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
വോട്ടവകാശമടക്കമുള്ള സിവില്‍ അവകാശങ്ങള്‍ക്കുവേണ്ടി കറുത്ത വര്‍ഗ്ഗക്കാര്‍ ചിക്കാഗോയില്‍ നടത്തിയ പടുകൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് നടത്തിയ അതിഗംഭീരമായ ഒരു പ്രസംഗമുണ്ട്. (അതിലാണ് എനിക്കൊരു സ്വപ്നമുണ്ട് എന്ന തലമുറകളെ പ്രചോദിപ്പിക്കുന്ന വാചകങ്ങള്‍)
അതിലദ്ദേഹം അന്യായമായ അമേരിക്കന്‍ വ്യവസ്ഥയുടെ കാവലാളുകള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
‘And those who hope that the Negro needed to blow offts eam and will now be content will hav–e a rude awakening if the nation returns to business as usual.’ (നീഗ്രോകള്‍ അവരുടെ രോഷം പ്രകടിപ്പിച്ചു തൃപ്തരാകും എന്ന് വിചാരിക്കുന്നവര്‍ക്കു രാജ്യം അതിന്റെ പതിവുകളിലേക്കു മടങ്ങിയാല്‍ ഞെട്ടിക്കുന്ന അനുഭവം ഉണ്ടാകും.)
അതിനെ ഈ സന്ദര്‍ഭത്തിലേക്കു പരിഭാഷപ്പെടുത്തിയാല്‍ ഏകദേശം ഇങ്ങനെയിരിക്കും:
പാര്‍ട്ടിയില്‍ എല്ലാം ഭദ്രമാണ്; കുറച്ചുപേര്‍ എന്തൊക്കെയോ വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നുണ്ട് എന്നുമാത്രം എന്ന് പാര്‍ട്ടി നേതൃത്വം കരുതിയാല്‍ അതിന്റെ ഫലം ഗുണകരമായിരിക്കില്ല. They will hav–e a rude awakening. അവര്‍ക്കതു താങ്ങാന്‍ പറ്റിയെന്നു വരില്ല; നാടിനും. രണ്ടുനൂറ്റാണ്ടുകൊണ്ട് കേരളമുണ്ടാക്കിയ എല്ലാ നന്മകളുടെയും കൂടി ഉല്പന്നമാണ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം; ആ നന്മകളുടെ ഗ്യാരന്റിയും ഇടതുപക്ഷ രാഷ്രീയം തന്നെ.
അതുകൊണ്ടാണ് ഇതൊരു സി പി എം പാര്‍ട്ടിക്കാര്യം മാത്രമല്ലാതായിത്തീരുന്നത്.
