കുറച്ച് നാള്‍ മുമ്പ് അടുത്ത ബന്ധുവിന്റെ നിക്കാഹ് നടക്കുകയാണ്. എന്റെ കൂടെ ഇരിക്കുന്നത് പത്താം ക്ലാസില്‍ പഠിക്കുന്ന മോളും കുടുംബത്തിലെ തന്നെ സമാന പ്രായമുള്ള മറ്റ് രണ്ട് പെണ്‍ കുട്ടികളും. നിക്കാഹ് പ്രസംഗം തുടങ്ങി. എവിടെയും തൊടാത്ത രീതിയില്‍ വിവാഹത്തിന്റെ മഹത്വമൊക്കെ പ്രസംഗിച്ച് തുടങ്ങിയ മുജാഹിദ് നേതാവ് കൂടിയായ പ്രാസംഗികന്‍ പതുക്കെ വിഷയത്തിലേക്ക് കടന്നു.
‘ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ അനുസരിക്കണം !’ അനുസരണയെന്ന വാചകം കേട്ടതും മുന്നില്‍ ബോംബ് പൊട്ടിയ പോലെ മൂന്ന് പേരും എന്റെ നേര്‍ക്ക് തിരിഞ്ഞു. ‘ഉപ്പാ….. അനുസരണയോ ??? ഒരാള്‍ മറ്റൊരാളെ അനുസരിക്കുകയോ ?? എന്ത് വിവരക്കേടാണ് ഇയാളീ പറയുന്നത് ?……. ‘മോള്‍ ദേഷ്യത്തോടെയും അതിലേറെ അത്ഭുതത്തോടെയും ചോദിച്ചു. മൂന്ന് പേരും ഏറെ പിറുപിറുത്തു.
‘ഖുര്‍ആനിലെവിടെയും ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ ആരും ആരെയും അനുസരിക്കാന്‍ ആവശ്യപ്പെടുന്നില്ല. അനുസരണയെന്നത് അല്ലാഹുവിനോട് ബന്ധപ്പെടുത്തിയാണ് ഉള്ളത്. അല്ലാഹുവിനേയും അല്ലാഹുവിലേക്കുള്ള വഴി കാണിച്ച് തരുന്ന റസൂലിനേയും അനുസരിക്കാനാണ് പറയുന്നത്. ഭാര്യ/ഭര്‍തൃ ബന്ധത്തെ പരസ്പരം വസ്ത്രങ്ങളായിട്ടാണ് ഖുര്‍ആന്‍ വിശദീകരിച്ചത്……’
രണ്ട് മൂന്നു വാചകത്തില്‍ പ്രതികരണമൊതുക്കി ഞാന്‍ പതുക്കെ തടിയെടുത്തു. കുടുംബങ്ങളില്‍ 99% പേരും അഞ്ച് നേരം കൃത്യമായി നിസ്‌കരിക്കുന്ന, മത ചിട്ടകള്‍ പരമാവധി പാലിക്കുന്ന കുടുംബ പശ്ചാത്തലത്തില്‍ വളര്‍ന്നവരാണ് ഇവര്‍.
അടുത്തത് ഇതിന്റെ രണ്ടാം ഭാഗമാണ്. ഞാന്‍ വളരെ അടുത്തിടപഴകുന്ന ഒരു മുസ്‌ലിം കുടുംബം. അതിലെ ഒരു ബ്രാഞ്ചില്‍ പുതിയ തലമുറയില്‍ മൂന്ന് ആണ്‍ കുട്ടികളാണുള്ളത് (ബാക്കിയെല്ലാം പെണ്‍ കുട്ടികള്‍). ജെന്‍സിയില്‍ പെട്ട ഇവര്‍ മൂന്ന് പേരും മതമുപേക്ഷിക്കുകയും പരസ്യമായി തന്നെ അത് പ്രഖ്യാപിക്കുകയും ചെയ്തു.
കേരളത്തിലെ അറിയപ്പെടുന്ന മത പണ്ഡിതരുള്ള കുടുംബമാണ്. സ്വാഭാവികമായും കുടുംബത്തിനകത്ത് വലിയ വിഷയമായി. ഇവരുടെ ‘സംശയങ്ങള്‍’ തീര്‍ക്കാന്‍ പണ്ഡിതരടക്കം പലരുമായും സംസാരിച്ചു. പക്ഷേ അവര്‍ അവരുടെ ബോധ്യത്തില്‍ ഉറച്ച് നിന്നു. ഞാനുമായി വളരെ നല്ല ബന്ധത്തിലായിരുന്ന ഇവരുമായി ഈ വിഷയം സംസാരിക്കാനവസരം വന്നപ്പോള്‍ വളരെ വിശദമായി തന്നെ കാര്യങ്ങള്‍ സംസാരിച്ചതാണ്. സമത്വം പോലുള്ള അടിസ്ഥാന മൂല്യങ്ങളില്‍ മുസ്‌ലിം സമൂഹം പിന്തുടര്‍ന്ന് പോരുന്ന കാപട്യവും അതിന് കാരണമെന്ന് അവര്‍ കരുതിയ പ്രമാണങ്ങളുമായിരുന്നു അവരുടെ വിയോജിപ്പിന്റെ കാതല്‍.
ഇനിയും ഒരുപാടൊരുപാട് ഉദാഹരണങ്ങള്‍ എനിക്ക് തന്നെ ഇത് പോലുള്ളവ ചൂണ്ടിക്കാണിക്കാനുണ്ട്. ലീഗിന്റെ/സമസ്തയുടെ ഒരു ജില്ലയിലെ ഏറ്റവും പ്രമുഖനായ നേതാവിന്റെ മകന്‍ തൊട്ട് സാധാരണക്കാരനായ സലഫിസ്റ്റിന്റെ മക്കള്‍ വരെയുള്ള നിരവധി പേര്‍. സുന്നി/മുജാഹിദ്/ജമാഅത്ത്/ലീഗ്/മറ്റുള്ള പശ്ചാത്തലത്തില്‍ വളര്‍ന്ന് പൂര്‍ണമായി മതമുപേക്ഷിച്ചവരുടെ കഥകള്‍ കേരളത്തിലെ പല കുടുംബങ്ങളിലും കോളിളക്കം സൃഷ്ടിക്കുന്നുണ്ട്.
വലിയൊരു വിഭാഗം നിലപാടുകള്‍ ഒളിച്ച് വെച്ച് സൈ്വര്യ ജീവിതം നശിപ്പിക്കാതെ മുന്നോട്ട് പോവുന്നു. ഇവരിലധികം പേരും ഒരു പാട് ഇസ്‌ലാമിനെ പറ്റി പഠിച്ചിട്ടൊന്നുമല്ല വിട്ട് പോവുന്നത്. ആ അര്‍ത്ഥത്തില്‍ ഞാന്‍ സംസാരിച്ചവരും സോഷ്യല്‍ മീഡിയയില്‍ നിരീക്ഷച്ചുവരുമൊന്നും ഗഹനമായ ചിന്തകളോ ആശയങ്ങളോ അധികം മുന്നോട്ട് വെക്കുന്നില്ല.
പക്ഷേ രണ്ട് കാര്യം വളരെ പ്രസക്തമാണ്. ഒന്ന്, അവരുടെ ചിന്തകളും ആശയങ്ങളും രൂപപ്പെടുത്തുന്നത് കേവല കുടുംബ പശ്ചാത്തലങ്ങളോ മദ്രസാ വിദ്യാഭ്യാസമോ അല്ല, വിരല്‍ തുമ്പിലുള്ള വിശാലവും വൈവിധ്യവുമായ അവരുടേതായ ലോകമാണ്. അവരുടെ മുന്നിലെത്തുന്നത് മദ്രസയിലും മറ്റ് മത വേദികളിലും കേള്‍ക്കുന്ന ഏകശിലാ രൂപത്തിലുള്ള ഇസ്‌ലാമിക പാഠങ്ങളല്ല, മതത്തിന്റെയും മത നിഷേധത്തിന്റെയും മത വിമര്‍ശനങ്ങളുടേയും നൂറായിരം വക ദേദങ്ങളാണ്.
രണ്ട്, ഇങ്ങനെ തുറന്ന മനസ്സോടെ, സ്വതന്ത്ര ചിന്തയുടെ പിന്‍ബലത്തില്‍ അവര്‍ കണ്ടെത്തുന്ന മത ബോധ്യങ്ങളും/നിഷേധങ്ങളുമാണ് അവര്‍ സ്വീകരിക്കുന്നത്. അവരുടെ ബുദ്ധിക്കും യുക്തിക്കും നിരക്കാത്തത് അവര്‍ സ്വീകരിക്കുകയില്ല. സമത്വവും സ്വതന്ത്ര ചിന്തയുമാണ് അവരുടെ മത, രാഷ്ട്രീയ ബോധ്യങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ മറ്റെന്തിനേക്കാളും സ്വാധീനിക്കുന്ന ഘടകങ്ങള്‍. ഇതിനോട് യോജിക്കുന്ന മത, രാഷ്ട്രീയ ആശയങ്ങള്‍ക്കേ അവരെ സ്വാധീനിക്കാന്‍ കഴിയൂ. ലോകത്തുടനീളം നടക്കുന്ന ജെന്‍സി പോരാട്ടങ്ങള്‍ നല്‍കുന്ന സൂചന അതാണ്.
കാന്തപുരം തൊട്ട് ജമാഅത്തെ ഇസ്‌ലാമി വരെയുള്ളവര്‍ രൂപപ്പെടുത്തിയെടുക്കുന്ന കേരളത്തിലെ മുഖ്യധാരാ ഇസ്‌ലാമിലെ പുതിയ ചര്‍ച്ചകളും വെല്ലുവിളികളും ഈ സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍. പൗരോഹിത്യം ഇല്ലെന്ന് പുറമേക്ക് പറയുമ്പോഴും പൗരോഹിത്യ അച്ചില്‍ തന്നെയാണ് ഇവിടെയുള്ള ഇസ്‌ലാമിക സംഘടനകളും സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത്, ആണ്‍കോയ്മയാണ് അതിന്റെ മുഖമുദ്ര.
അപവാദങ്ങള്‍ അപവാദങ്ങള്‍ മാത്രമാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ അതിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിനെ സജീവവും ജൈവികവുമാക്കി നിലനിര്‍ത്തിയിരുന്ന കാലികമായ പുനര്‍ വായനകളും വ്യാഖ്യാനങ്ങളും ഇവിടെയില്ല. എന്ന് മാത്രമല്ല ചരിത്ര പരമായി ഇവിടെ മുസ്‌ലിം സമൂഹത്തില്‍ നില നിന്നിരുന്ന കൂടുതല്‍ ജൈവികമായിരുന്ന ഇസ്‌ലാമിനെ തച്ചുടച്ച് കുടുസ്സായ ജീര്‍ണാത്മക ഇസ്ലാമിലേക്ക് നയിക്കാനാണ് സംഘടനകള്‍ ഏറെക്കുറെ ഒറ്റക്കെട്ടായി തന്നെ ശ്രമിക്കുന്നത്, ശ്രദ്ധേയമായ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഇതിനെ തടയാന്‍ പര്യാപ്തവുമല്ല.
സാമാന്യ യുക്തിയോടോ അടിസ്ഥാന മാനവിക മൂല്യങ്ങളോടോ ഒരു നിലക്കും പൊരുത്തപ്പെടാത്ത പലതും മതത്തിന്റെ ലേബലില്‍ പ്രചരിപ്പിക്കപ്പെടുന്നു.
രണ്ട് ഉദാഹരണങ്ങള്‍ മാത്രം പറയാം. ഒന്ന്, കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക സംഘടനയായ സമസ്ത സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന അവരുടെ നൂറ് വര്‍ഷത്തോളം പഴക്കമുള്ള പ്രമേയം ഇത് വരെ ഔദ്യോഗികമായി തിരുത്തിയിട്ടില്ല. പതിനായിരക്കണക്കിന് പെണ്‍ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ സമസ്ത നേരിട്ട് നടത്തുമ്പോഴും ഔദ്യോഗികമായി തിരുത്താത്തത് കാലികമായ തിരുത്തലുകള്‍ക്ക് തുടക്കമിട്ടാല്‍ തങ്ങളുടെ പൌരോഹിത്യ സംവിധാനങ്ങളുടെ അടിത്തറ ഇല്ലാതാവുമെന്ന (ശരിയായ) പേടി കൊണ്ടാണ്.
സ്ത്രീകളുടെ പള്ളി പ്രവേശനത്തിന്റെ കാര്യത്തിലും സമാനമാണ് നിലപാട്. നൂറ് കണക്കിന് സമസ്ത പള്ളികളില്‍ സ്ത്രീകള്‍ക്ക് കയറി നിസ്‌കരിക്കാനുള്ള സൗകര്യമുണ്ടെങ്കിലും ‘യാത്രക്കാരായ സ്ത്രീകള്‍ക്ക്’ മാത്രമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. പെണ്ണുങ്ങള്‍ക്ക് പള്ളി വേണ്ട എന്ന പഴയ തിട്ടൂരം തിരുത്താനുള്ള മടിയാണ് ഇങ്ങനെ വളഞ്ഞ വഴിക്ക് പെണ്ണുങ്ങളെ പള്ളിയില്‍ കയറ്റാന്‍ കാരണം.
സമസ്തയില്‍ നിന്നും വളരെ വ്യത്യസ്തമായ ആശയാടിത്തറയും നിലപാടും അവകാശപ്പെടുന്ന ജമാഅത്തിന്റെ കാര്യമെടുത്താലും ഈ വൈരുധ്യം കാണാനാവും. ജമാഅത്ത് വേദികളിലും നേതൃത്വത്തിലും സ്ത്രീ പ്രാതിനിധ്യം ഉണ്ടെങ്കിലും അതിനെ ശക്തിയുക്തം എതിര്‍ത്തിരുന്ന സ്ഥാപകനായിരുന്ന മൗദൂദിയുടെ നിലപാടുകള്‍ ഔദ്യോഗികമായി തള്ളിയിട്ടില്ല (മത രാഷ്ട്ര വാദം പോലുള്ള മൗദൂദിയുടെ മറ്റ് നിലപാടുകളോടും സംഘടന തുടരുന്ന നയം ഈ ഒളിച്ച് കളി തന്നെ)
‘സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ നാശം’ എന്ന കാന്തപുരത്തിന്റെ അറു വഷളന്‍ പ്രസ്താവനയും ബന്ധപ്പെട്ട വിവാദവും ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. കാന്തപുരം ആദ്യമായല്ല ഇത് പോലുള്ള പ്രസ്താവനകള്‍ നടത്തുന്നത്. ഭാര്യമാരുടെ ആര്‍ത്തവ സമയത്ത് ഭര്‍ത്താക്കന്‍മാര്‍ക്ക് ലൈംഗികാവശ്യം പൂര്‍ത്തീകരിക്കാമെന്നതായിരുന്നു മൂപ്പര് ബഹുഭാര്യതത്തിനായി കണ്ട് പിടിച്ചൊരു ന്യായം!
പക്ഷേ ഇപ്പോഴത്തെ പ്രസ്താവനയുടെ സാഹചര്യം പ്രസക്തമാണ്. നബിദിനാഘോഷവുമായി ബന്ധപ്പെട്ട സര്‍ക്കുലറാണ് വിവാദത്തിന് തുടക്കമിടുന്നത്. പാര്‍ട്ടിക്കകത്തുള്ളവര്‍ക്കായി നല്‍കിയെന്ന് പറയുന്ന സര്‍ക്കുലര്‍ പക്ഷേ പൊതു സമൂഹത്തിന് കൃത്യമായി കിട്ടിയിട്ടുണ്ട്/നല്‍കിയിട്ടുണ്ട്. ഇതാകട്ടെ, ഓണാഘോഷങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ സജീവ പങ്കാളിത്തം ചര്‍ച്ചയായ/വിവാദമായ അവസരത്തിലുമാണ്.

തട്ടമിട്ടതും ഇടാത്തതുമായ മുസ്‌ലിം പെണ്‍കുട്ടികള്‍ ഡാന്‍സ് കളിക്കുന്ന ദൃശ്യങ്ങള്‍ ദേശീയ തലത്തില്‍ വരെ വലിയ ചര്‍ച്ചയായ സന്ദര്‍ഭത്തിലാണ് ഇങ്ങനെയൊരു സര്‍ക്കുലറും ബന്ധപ്പെട്ട വിവാദങ്ങളും വരുന്നത് തന്നെ.
സര്‍ക്കുലറും ശേഷം നടത്തിയ വിവാദ പ്രസ്താവനയും മണിക്കൂറുകള്‍ കൊണ്ട് തന്നെ വലിയ ചര്‍ച്ചയായി. ചില മുജാഹിദ് വിഭാഗങ്ങള്‍ ഒഴികെയുള്ള മുസ്‌ലിം സംഘടനകള്‍ തന്ത്രപരമായ മൗനം പാലിച്ചു (ഈ മുജാഹിദ് വിഭാഗങ്ങള്‍ ശക്തമായി തന്നെ പ്രതികരിച്ചു). മുസ്‌ലിങ്ങളിലെ പകുതിയെ പുറത്തിറങ്ങിയാല്‍ നാശം വിതക്കാന്‍ ശേഷിയുള്ള ആളുകളായി ചിത്രീകരിച്ച് കൊണ്ടുള്ള വാക്കുകളിലെ ഇസ്‌ലാം വിരുദ്ധതയും സ്ത്രീ വിരുദ്ധയുമൊന്നും കാണാന്‍ ഇവര്‍ക്കായില്ല.
തന്ത്രപരമായ മൗനം വഴി കാന്തപുരത്തിന് പിന്തുണ നല്‍കിയ ജമാഅത്തും പോഷക സംഘടനകളും പിന്നീട് ഒരു ചാനല്‍ അവതാരികയുടെ മണ്ടത്തരവും വിവരക്കേടും കച്ചിത്തിരുമ്പായെടുത്ത് ഈ വിവാദത്തിലെ ‘ഇസ്ലാമോഫോബിയ’ ക്കെതിരില്‍ ആഞ്ഞടിച്ചുകൊണ്ട് തങ്ങളുടെ സാന്നിധ്യം അറിയിച്ചു. ഫലത്തില്‍ നാമ മാത്ര എതിര്‍പ്പുകള്‍ മാത്രം കിട്ടിയ കാന്തപുരം കൂടുതല്‍ അത്മവിശ്വാസത്തോടെ നിലപാട് ആവര്‍ത്തിച്ചു.

എ.പി വിഭാഗവുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന സി.പി.ഐ.എം ഉള്‍പ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കാന്തപുരത്തെ എതിര്‍ത്തെങ്കിലും മുഖ്യമന്ത്രി വി.ഡി സതീശനാണ് അപ്രതീക്ഷിതമായി ഈ കുമിള പൊട്ടിക്കുന്നത്. പ്രസ്താവനയെ എതിര്‍ത്ത മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിക പ്രമാണങ്ങളും ചരിത്രവും ഉപയോഗിച്ച് നാലേ നാല് ഉദാഹരണങ്ങളിലൂടെ സതീശന്‍ ഈ വാദത്തെ തകര്‍ത്ത് തരിപ്പണമാക്കി.
അതിലൂടെ രാജ ഭരണം, വ്യാപാരം, രാഷ്ട്രീയം, യുദ്ധം എന്നിങ്ങനെ നാല് മേഖലകളിലായി അടിസ്ഥാന ഇസ്‌ലാമിക പ്രമാണങ്ങളില്‍ തന്നെ പരാമര്‍ശിക്കപ്പെട്ട നാല് സുപ്രധാന സ്ത്രീകളുടെ പേരുകള്‍ സതീശന്‍ ഉദ്ധരിച്ചു.
ഖുര്‍ആനിലെ അതി ശക്തമായ ഉദാഹരണങ്ങള്‍ മാത്രമല്ല, പ്രവാചക ചരിത്രത്തിലും യുദ്ധത്തിലും കച്ചവടത്തിലും ഉള്‍പ്പെടെ എല്ലാ മേഖലയിലും സജീവ പങ്കാളിത്തം വഹിച്ച നിരവധി സ്ത്രീകളുണ്ട്, മാത്രമല്ല ഇവരെല്ലാം ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും തലയെടുപ്പുള്ളവരും പ്രവാചകനുമായി ഏറ്റവും അടുത്തവരുമായിരുന്നു.
ഒരു മുസ്‌ലിം സംഘടനക്കോ നേതാവിനോ തള്ളിക്കളയാനാവാത്ത വിധം ശക്തമായ തെളിവുകള്‍ ബുഖാരി, മുസ്‌ലിം പോലുള്ള ഹദീസ് ശേഖരങ്ങളില്‍ ഇതിനായി കാണാനും സാധിക്കും. അതിന്റെ ഏറ്റവും ചെറിയ രൂപമാണ് സതീശന്‍ പറഞ്ഞത്. പുതിയ കാലഘട്ടത്തിന്റെയും തലമുറയുടേയും ചിന്തകളും ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ആളായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സതീശന്‍ ആ വിശ്വാസ്യതയെ സാധൂകരിക്കുന്ന ഇങ്ങനെയൊരു നിലപാടെടുത്തത് സ്വാഭാവികം. പിന്നീട് കൂടുതല്‍ ആധികാരികമായും വിശദമായും പ്രമാണങ്ങളെ ഉദ്ധരിച്ച് പ്രമുഖ പണ്ഡിതനായ പാളയം ഇമാം സുഹൈബ് മൗലവി ഇക്കാര്യങ്ങള്‍ക്ക് അടിവരയിട്ടു.

രണ്ട് കാര്യങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്. ഇസ്‌ലാമിക പ്രമാണങ്ങളിലോ ചരിത്രത്തിലോ പ്രാഥമിക ധാരണയെങ്കിലുമുള്ള ആര്‍ക്കും എളുപ്പത്തില്‍ പൊളിക്കാവുന്നത്ര ദുര്‍ബലമായ വാദങ്ങളാണ് കാന്തപുരം ഉന്നയിച്ചത്. അത് കാന്തപുരത്തിനും അറിയാത്തത് കൊണ്ടല്ല, മറിച്ച് ഈ ദുര്‍ബല വാദങ്ങളുടെ പുറത്ത് മാത്രമേ തങ്ങളുടെ പൗരോഹിത്യ സംവിധാനങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന തിരിച്ചറിവുള്ളത് കൊണ്ടാണ് ഇത് വീണ്ടും വീണ്ടും പറയുന്നത്.
രണ്ടാമത്തെ കാര്യം ഇതര മുസ്‌ലിം സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായ മൗനവും പിന്തുണയുമെല്ലാം ഈ ദുര്‍ബല സംവിധാനങ്ങളുടെ നില നില്‍പിനെ പറ്റിയുള്ള ബേജാറില്‍ നിന്ന് വരുന്നതാണ്. സതീശനെ കടന്നാക്രമിച്ച് കൊണ്ടുള്ള സമസ്ത പത്രത്തിന്റെ മുഖപ്രസംഗം ഇതിനേറ്റവും മികച്ച ഉദാഹരണമാണ്. അത് മാത്രമല്ല, ജമാഅത്തില്‍ നിന്ന് ആരെങ്കിലും എതിര്‍ക്കാനുള്ള സാധ്യത മുന്‍കൂട്ടിയാണ് എ.പി വിഭാഗം നേതാവും കാന്തപുരത്തിന്റെ മകനുമായ അസ്ഹരി മൗദൂദിയുടെ കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് ഭീഷണിപ്പെടുത്തിയത്.
ഇങ്ങനെ ഒരു വശത്ത് ഈ പൗരോഹിത്യ ഡിനോസര്‍ സംഘടനകളും അവരുടെ നേതാക്കളും മറു വശത്ത് ലോകം വിരല്‍തുമ്പിലേറ്റിയ എ.ഐ യുഗത്തിലെ ജെന്‍ സി/ആല്‍ഫ യുമാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍. ഇവര്‍ രണ്ട് അറ്റങ്ങളിലായാണ് നില കൊള്ളുന്നത്.
മുസ്‌ലിം പെണ്‍കുട്ടികള്‍ ഒരു പക്ഷേ ഇന്ന് കേരളത്തിലെ ഏറ്റവും വിസിബിലിറ്റിയുള്ള ഒരു വിഭാഗമാണ്. മെഡിക്കല്‍ കോളേജ് തൊട്ട് ബസ് സ്റ്റാന്‍ഡ് വരെയുള്ള എല്ലായിടത്തും ഏറ്റവും ശക്തമായ സാന്നിധ്യം അവരുടേതാണ്. ഏതാനും വര്‍ഷം മുമ്പ് വരെ സങ്കല്‍പിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ ആണുങ്ങള്‍ കുത്തകയാക്കി വെച്ച ഇടങ്ങളില്‍ അവര്‍ എത്തിത്തുടങ്ങി, പ്രത്യേകിച്ചും മലബാറിലെ മുസ്‌ലിം പെണ്‍ കുട്ടികള്‍.

നാട്ടിന്‍ പുറത്ത് ബിഗ് സ്‌ക്രീനില്‍ ലോകകപ്പിന് ആര്‍ത്ത് വിളിക്കുന്നവരില്‍ അവര്‍ മുന്‍പന്തിയിലായിരുന്നു. മലബാറില്‍ ഇപ്പോള്‍ തരംഗമായി മാറി കൊണ്ടിരിക്കുന്ന ഫോര്‍ വീല്‍ ജീപ്പുകളുടെ വണ്ടിപ്പൂട്ട് മല്‍സരത്തില്‍ ഒരുമ്മയും മോളും ചേര്‍ന്ന് റെക്കോഡിട്ടത് ഈയടുത്താണ് (രണ്ട് പതിറ്റാണ്ടിനപ്പുറം ഞാന്‍ വീട്ടിലെ ഒരു പെണ്ണിനെ ഡ്രൈവിംഗ് പഠിപ്പിക്കുമ്പോള്‍ ‘മ്മേ…. പെണ്ണ് വണ്ടിയോട്ടുന്നു…’ എന്ന് അല്‍ഭുതത്തോടെ പറഞ്ഞ് നോക്കി നിന്നവരുടെ മുഖം എനിക്കോര്‍മയുണ്ട്. അതിന്റെ തൊട്ടടുത്ത വയലില്‍ ഈയടുത്ത് വണ്ടിപ്പൂട്ട് മല്‍സരം നടന്നപ്പോള്‍ വൈറലായ പല ദൃശ്യങ്ങളും പെണ്ണുങ്ങളുടേതായിരുന്നു). സ്പോര്‍ട്‌സ്, കല, രാഷ്ട്രീയം, വ്യാപാരം …. ഒന്നിലും അവരുടെ സാന്നിധ്യം കുറവല്ല.
നിരവധി കാരണങ്ങള്‍ ഈ മാറ്റത്തിന് കാരണമായിട്ടുണ്ടാവാം. ഗള്‍ഫ് പണം നല്‍കിയ ഇന്‍വെസ്റ്റ്‌മെന്റ് (പ്രത്യേകിച്ചും വിദ്യാഭ്യാസ മേഖലയില്‍), തദ്ദേശ തെരഞ്ഞെടുപ്പുകളിലെ സംവരണം, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികള്‍, പിന്നെ ആഗോളവല്‍ക്കരണവും ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവയും സാധ്യമാക്കിയ കൂടുതല്‍ വികേന്ദീകൃതവും ജനാധിപത്യപരവുമായ വിവര സാങ്കേതിക വിപ്ലവം, അങ്ങനെ ഒരുപാടൊരുപാട്. ശ്രദ്ധേയമായ കാര്യം ഇങ്ങനെയുള്ള ഒരുപാട് ഘടകങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാവാന്‍ മുസ്‌ലിം പെണ്ണുങ്ങള്‍ക്ക് സാധിച്ചു എന്നതാണ്.
പെണ്ണുങ്ങളുടെ വമ്പിച്ച മുന്നേറ്റത്തില്‍ പകച്ച് നില്‍ക്കുകയാണ് പൗരോഹിത്യ നേതൃത്വവും അവരുടെ സംവിധാനങ്ങളും. അവര്‍ക്കിയാം അവരുടെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുകയാണെന്ന്. സമുദായത്തിനും പൊതു സമൂഹത്തിനും ഭീഷണിയാവുന്ന രീതിയില്‍ സമുദായത്തിലെ ആണുങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്ന മയക്കുമരുന്ന്, ക്രിമിനല്‍വല്‍ക്കരണം അര്‍ഹിക്കുന്ന രീതിയില്‍ ഓഡിറ്റ് ചെയ്യപ്പെടുന്നില്ല.
പക്ഷേ തീര്‍ത്തും വ്യക്തി പരവും സ്വകാര്യവുമാവേണ്ട പെണ്ണുങ്ങളുടെ വസ്ത്രധാരണവും ആഘോഷങ്ങളിലെ പങ്കാളിത്തങ്ങളുമെല്ലാം നിരന്തരമായി ഓഡിറ്റ് ചെയ്യപ്പെടുകയും വിമര്‍ശന വിധേയമാവുകയും ചെയ്യുന്നു. ‘ഞങ്ങള്‍ വിശ്വാസികളായവരോട് മാത്രമാണ് പറയുന്നതെന്ന’ വ്യാജേന സോഷ്യല്‍ മീഡിയ പോലുള്ള പബ്ലിക് പ്ലാറ്റ്‌ഫോമുകളില്‍ മുസ്‌ലിം പെണ്ണുങ്ങളെ സംഘടിതമായി അധിക്ഷേപിക്കുന്നു. കൗതുകകരമായ കാര്യം ഇവര്‍ ഓരോ കാലത്ത് പല രീതിയില്‍ എതിര്‍ത്തതോ നിരുത്സാഹപ്പെടുത്തിയതോ ആയ എല്ലാ സംവിധാനങ്ങളും ഇങ്ങനെ പെണ്ണുങ്ങളെ വേട്ടയാടാനായി ഇവര്‍ ഉപയോഗിക്കുന്നുണ്ടെന്നതാണ്.
ഇവര്‍ തമ്മില്‍ ഒരു നിശബ്ദ പോരാട്ടം നടക്കുന്നുണ്ട്. അതിനിടയില്‍ ചോര കുടിക്കാന്‍ കാത്ത് നില്‍ക്കുന്നവര്‍ തൊട്ടടുത്തുണ്ട്. ഇടക്കിടെ ഇങ്ങനെ ഭവിവാദങ്ങള്‍’ ഉണ്ടാവുമ്പോഴാണ് മറ്റുള്ളവര്‍ ഇത് ശ്രദ്ധിക്കുന്നതെങ്കിലും ഓരോ മുസ്‌ലിം കുടുംബത്തിലും നാട്ടിലും കൂടിയും കുറഞ്ഞതുമായ തോതില്‍ ഈ പോരാട്ടം നടക്കുന്നുണ്ട്.
ഇന്‍സ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഇതിന്റെ നേര്‍ ചിത്രം കാണാം. വിദ്യാഭ്യാസം, പാട്ട്, ഡാന്‍സ്, പൊതു ഇടങ്ങള്‍, തുറന്ന സഞ്ചാരം…. മുസ്‌ലിം പെണ്ണുങ്ങള്‍ ഇങ്ങനെ തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടതും നഷ്ടപ്പെട്ടതുമായതെല്ലാം ഒന്നൊന്നായി തിരിച്ച് പിടിക്കുകയാണ്. മെഡിക്കല്‍ കോളേജുകളും വണ്ടിപ്പൂട്ട് വേദികളും ഓണാഘോഷങ്ങളുമെല്ലാം കാണിച്ച് തരുന്നത് അതാണ്. കാന്തപുരത്തിന്റെ പ്രസ്താവനകളും ബന്ധപ്പെട്ട വിവാദങ്ങളും കാണിക്കുന്നത് ഈ പോരാട്ടത്തിന്റെ ഭാവി സൂചകങ്ങളാണ്.
