സ്‌നേഹലത റെഡ്ഢി : ചരിത്രം ഒരു രാജ്യത്തിന്റെ ഭൂപടത്തില്‍ എഴുതപ്പെടാതെ, ചിലപ്പോള്‍ ഒരു മനുഷ്യന്റെ ശരീരത്തില്‍ എഴുതപ്പെടുന്നു
Opinion
സ്‌നേഹലത റെഡ്ഢി : ചരിത്രം ഒരു രാജ്യത്തിന്റെ ഭൂപടത്തില്‍ എഴുതപ്പെടാതെ, ചിലപ്പോള്‍ ഒരു മനുഷ്യന്റെ ശരീരത്തില്‍ എഴുതപ്പെടുന്നു
ശ്രീജ നെയ്യാറ്റിന്‍കര
Friday, 21st August 2026, 11:13 am
ഇന്ദിരാ ഗാന്ധി ചരിത്രത്തില്‍ മഹത്തായ നേട്ടങ്ങളുള്ള പെണ്‍ നേതാവാണ്, അതില്‍ സംശയങ്ങളൊന്നുമില്ല. പക്ഷേ ഒരു രാജ്യത്തെ രക്ഷിക്കാനെന്ന പേരില്‍ പൗരാവകാശങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, ആ രാജ്യത്തിന്റെ ഒരു കലാകാരിയുടെ പോലും സ്വതന്ത്രമായി ശ്വസിക്കാനുള്ള അവകാശത്തെ കവര്‍ന്നെടുത്ത് അവരെ തടവറയിലിട്ട് പീഡിപ്പിച്ച് കൊന്നുകളഞ്ഞ കൊടും അനീതിയുടെ പേര് കൂടെയാണ് ഇന്ദിരാ ഗാന്ധി.

ചരിത്രം ചിലപ്പോള്‍ ഒരു രാജ്യത്തിന്റെ ഭൂപടത്തില്‍ എഴുതപ്പെടാറില്ല. അത് ഒരു മനുഷ്യന്റെ ശരീരത്തില്‍ എഴുതപ്പെടുന്നു. അത്തരമൊരു ചരിത്രമാണ് സ്‌നേഹലത റെഡ്ഢി

DYFI സംസ്ഥാന സമ്മേളന വേദിയില്‍ ‘മിസ ‘ അരങ്ങേറി. ‘ചിന്നു ചിലങ്ക ‘എന്ന കലാകാരി സ്നേഹലത റെഡ്ഡിയായി തകര്‍ത്താടി.

പക്ഷേ മസ്തിഷ്‌കത്തിന്റെ സ്ഥാനത്ത് ലിംഗവുമായി ജീവിക്കുന്ന ഒരു വിഭാഗം അവിടെ സ്‌നേഹ ലത റെഡ്ഢിയെ കണ്ടില്ല പകരം ചിന്നു ചിലങ്കയുടെ ശരീരം കണ്ടു. അവര്‍ സദാചാര വിചാരണ നടത്തി. എന്നാല്‍ ചരിത്ര ബോധമുള്ള മനുഷ്യര്‍ സ്‌നേഹലത റെഡ്ഢിയെ കണ്ടു.

അവര്‍ കണ്ട ചിന്നു ചിലങ്കയുടെ ശരീരത്തെ കുറിച്ച് അവര്‍ പറയുമ്പോള്‍ നമ്മള്‍ കണ്ട സ്‌നേഹ ലത റെഡ്ഢിയെ കുറിച്ച് നമുക്ക് പറയണ്ടേ ? അതിനുമപ്പുറം ചരിത്രത്തില്‍ സ്‌നേഹലത റെഡ്ഢിക്ക് എന്ത് സ്ഥാനമാണെന്ന് പറയണ്ടേ ? പറയണം.

സ്‌നേഹ ലത റെഡ്ഢിയെ കുറിച്ച് പറയുമ്പോള്‍ മറ്റൊരു സ്ത്രീയെ കുറിച്ച് കൂടെ പറയണ്ടേ? ഇന്ദിരാ ഗാന്ധിയെ കുറിച്ച് പറയാതെ എങ്ങനെയാണ് സ്‌നേഹ ലത റെഡ്ഢിയുടെ ചരിത്രം പറയുക.

സ്‌നേഹലത റെഡ്ഢി – ഇന്ദിരയുടെ അടിയന്തരാവസ്ഥയില്‍ രക്തസാക്ഷിത്വം വരിച്ച ഒരു കലാകാരിയുടെ, വിപ്ലവകാരിയുടെ നിലവിളി.

ചരിത്രം ചിലപ്പോള്‍ ഒരു രാജ്യത്തിന്റെ ഭൂപടത്തില്‍ എഴുതപ്പെടാറില്ല. അത് ഒരു മനുഷ്യന്റെ ശരീരത്തില്‍ എഴുതപ്പെടുന്നു. ചിലപ്പോള്‍ ഒരു ജയിലിന്റെ ഇരുട്ടില്‍. ചിലപ്പോള്‍ ഒരു അമ്മയുടെ കണ്ണുകളില്‍. ചിലപ്പോള്‍ ഒരു കലാകാരിയുടെ ശ്വാസം മുട്ടലില്‍. സ്‌നേഹലത റെഡ്ഢി അത്തരമൊരു ചരിത്രമാണ്.

1975 ജൂണ്‍ 25 ന് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെട്ടു, മാധ്യമങ്ങള്‍ക്ക് കടുത്ത സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി , ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളും വിമതശബ്ദങ്ങളും തടവിലാക്കപ്പെട്ടു.

അക്കൂട്ടത്തില്‍ നടിയും, നാടകപ്രവര്‍ത്തകയും, സാമൂഹിക പ്രവര്‍ത്തകയുമായ സ്‌നേഹലത റെഡ്ഢിയും ജയിലിലായി. അവരുടെ കുറ്റം ഒരു സാധാരണ കുറ്റപത്രത്തിലെ വരിയായി വായിച്ചാല്‍ ചരിത്രത്തിന്റെ ക്രൂരത മനസ്സിലാകില്ല. അവര്‍ ഒരു കലാകാരിയായിരുന്നു, രാഷ്ട്രീയക്കാരിയായിരുന്നു, സാമൂഹിക പ്രവര്‍ത്തകയായിരുന്നു. സര്‍വ്വോപരി ഫെമിനിസ്റ്റായിരുന്നു. സോഷ്യലിസ്റ്റായിരുന്നു. അതുതന്നെയാണ് ഈ ചരിത്രത്തെ ഏറ്റവും അസ്വസ്ഥമാക്കുന്നതും.

അധികാരത്തിന് മുന്നില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ ശബ്ദം അപകടകരമാകാം. പക്ഷേ ഒരു കലാകാരിയുടെ ശബ്ദം അതിലും അപകടകരമാണ്.
അപ്പോള്‍ അധികാരത്തിന് മുന്നില്‍ പതറാതെ നിന്ന് ശബ്ദമുയര്‍ത്തുന്ന സ്ത്രി ഒരേ സമയം കലാകാരിയും, രാഷ്ട്രീയക്കാരിയും , ഫെമിനിസ്റ്റും ആയാലോ … ?

രാഷ്ട്രീയക്കാരന്‍ അധികാരത്തെ ചോദ്യം ചെയ്യുന്നത് പ്രസംഗത്തിലൂടെയാണ്. കലാകാരന്‍ മനുഷ്യന്റെ ഭാവനയില്‍ അധികാരത്തെ ചോദ്യം ചെയ്യുന്നു.

അത് കൂടുതല്‍ ആഴത്തിലുള്ള കലാപമാണ്. അതുകൊണ്ടാണ് എല്ലാക്കാലത്തും എവിടേയും അധികാരം ആദ്യം കലയെ ഭയക്കുന്നത്. സ്‌നേഹലത റെഡ്ഢി ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു.

അവരുടെ തടങ്കല്‍ MISA ഉള്‍പ്പെടെയുള്ള അടിയന്തരാവസ്ഥാ നിയമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. ബാല്യകാലം മുതല്‍ ആസ്ത്മ ബാധിതയായിരുന്ന അവര്‍ക്ക് ജയിലില്‍ വച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമായി.

വെളിച്ചമോ, നേരാം വണ്ണം വായുവോ കടക്കാത്ത കുടുസ്സ് ജയില്‍ മുറിയില്‍ ആരേയും കാണാന്‍ അനുവദിക്കാതെ തണുപ്പകറ്റാനുള്ള വസ്ത്രങ്ങള്‍ പോലും നല്‍കാതെ പ്രാഥമിക കൃത്യത്തിനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് പലപ്പോഴും നഗ്‌നയാക്കിയുള്ള മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി സ്വതന്ത്ര ഇന്ത്യയുടെ തടവറയിലവര്‍ കിടന്നു. ആ തടവറയിലേക്കവരെ വലിച്ചെറിഞ്ഞത് മറ്റൊരു സ്ത്രീയായിരുന്നു. ആ സ്ത്രീയുടെ പേര് ഇന്ദിരാ ഗാന്ധി എന്നായിരുന്നു.

കടുത്ത ആസ്ത്മ രോഗം ബാധിച്ചവര്‍ ജയില്‍ മുറിക്കുള്ളില്‍ തളര്‍ന്ന് വീഴുമ്പോഴൊക്കെ അവരുടെ ശരീരത്തിന് താങ്ങാനാകുന്നതിനുമപ്പുറം മരുന്നുകള്‍ കുത്തി വച്ചവരെ മരണത്തിന്റെ വക്കിലെത്തിച്ചു. അവരെ ഹൃദ്രോഗിയാക്കി മാറ്റിയ അമിത ഔഷധ പ്രയോഗം. ഡോക്ടര്‍മാര്‍ അവരെ ആശുപത്രിയിലെത്തിക്കണം എന്ന് പലതവണ ശുപാര്‍ശ ചെയ്തിട്ട് പോലും അനുവദിക്കാതിരുന്ന ഇന്ദിരാ ക്രൂരത.

8 മാസങ്ങള്‍ അവരെ ജയിലിലിട്ട് പീഡിപ്പിച്ചു ഒടുവില്‍ ജയിലില്‍ കിടന്ന് മരിക്കുമെന്നായപ്പോള്‍ അവരെ ജയിലിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ജയിലിന് പുറത്തെത്തി അഞ്ചാമത്തെ ദിവസം, സ്‌നേഹലത റെഡ്ഢി എന്ന, അടിയന്തരാവസ്ഥയില്‍ ഇന്ത്യ കണ്ട ഏറ്റവും ശക്തമായ വിപ്ലവകാരി സ്ത്രീ രക്ത സാക്ഷിയായി. അവരെ കൊന്നത് ഇന്ദിരയാണ്.

ജയിലില്‍ കിടന്ന് അവര്‍ എഴുതിയ ‘A PRISON DIARY’ഒരു തവണയെങ്കിലും മസ്തിഷ്‌കത്തില്‍ ലിംഗവുമായി ജീവിക്കുന്ന അധമക്കൂട്ടം വായിക്കണം. അതിന് ഇവറ്റകള്‍ എങ്ങനെ വായിക്കും അക്ഷരങ്ങള്‍ കാണാന്‍ ഇവറ്റകള്‍ക്ക് കണ്ണില്ലല്ലോ. ശരീരമാസകലം ലിംഗം മാത്രമല്ലേ ഇവറ്റകള്‍ക്കുള്ളൂ.

ഇന്ദിരാ ഗാന്ധി തീര്‍ത്ത ജയിലിന്റെ മതിലുകള്‍ക്കുള്ളില്‍ വച്ച് സ്‌നേഹലത റെഡ്ഢി എഴുതിയ കുറിപ്പുകള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രമാണ്. പക്ഷേ അത് ഒരു തടവുകാരിയുടെ ഡയറി മാത്രമല്ല. അത് അധികാരത്തിനെതിരേയുള്ള ഒരു സ്ത്രീയുടെ സാക്ഷിമൊഴി കൂടെയാണ്.
അവരുടെ ഡയറിയിലെ ഒരു വാചകം ഇന്നും ചരിത്രത്തിന്റെ നെഞ്ചില്‍ കത്തി നില്‍ക്കുന്നു.

‘My body may suffer humiliations, but my spirit, the human spirit, cannot be suppressed for long.’ എത്ര വലിയ രാഷ്ട്രീയ വാചകമാണത്! ശരീരം നിങ്ങളുടേതാകാം. മതിലുകള്‍ നിങ്ങളുടേതാകാം. താക്കോല്‍ നിങ്ങളുടെ കൈയിലാകാം. പക്ഷേ ആത്മാവിന്റെ ഉടമസ്ഥാവകാശം നിങ്ങള്‍ക്ക് ലഭിക്കില്ല. ഇതാണ് സ്‌നേഹലതയുടെ പ്രതിരോധത്തിന്റെ മഹത്തായ ദര്‍ശനം.

ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി, ജനാധിപത്യത്തിന്റെ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട സ്ഥാനത്തിരുന്നുകൊണ്ട്, എതിര്‍പ്പിനെ ഭരണപരമായ പ്രശ്‌നമായി കാണാന്‍ തുടങ്ങുന്ന നിമിഷമാണ് അധികാരം അപകടകരമാകുന്നത്. അടിയന്തരാവസ്ഥയുടെ ഏറ്റവും വലിയ പാഠം അതാണ്. ജനാധിപത്യം തെരഞ്ഞെടുപ്പ് മാത്രമല്ല. ജനാധിപത്യം എന്നത് നിങ്ങളെ എതിര്‍ക്കാനുള്ള അവകാശം. നിങ്ങളെ വിമര്‍ശിക്കാനുള്ള അവകാശം. നിങ്ങളെ പരിഹസിക്കാനുള്ള അവകാശം. നിങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള അവകാശം. നിങ്ങളുടെ അധികാരത്തെ ഭയപ്പെടാതിരിക്കാനുള്ള അവകാശം. ഇവ ഇല്ലാതാകുന്നതോടെ ജനാധിപത്യത്തിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമാകും.

സ്‌നേഹലതയും ഇന്ദിരയും: രണ്ട് സ്ത്രീകള്‍, രണ്ട് അധികാരങ്ങള്‍. ഈ ചരിത്രത്തിന് മറ്റൊരു വിചിത്രമായ ദാര്‍ശനിക വിരോധാഭാസമുണ്ട്. ഇരുവരും സ്ത്രീകളായിരുന്നു. ഒരാള്‍ രാജ്യത്തിന്റെ ഏറ്റവും ശക്തമായ അധികാരസ്ഥാനത്ത്. മറ്റൊരാള്‍ ജയിലില്‍.ഒരാള്‍ക്ക് ഭരണകൂടം.
മറ്റൊരാള്‍ക്ക് ഒരു ഡയറി. ഒരാള്‍ക്ക് ഉത്തരവിടാനുള്ള അധികാരം. മറ്റൊരാള്‍ക്ക് സ്വന്തം വേദന രേഖപ്പെടുത്താനുള്ള പേന. ചരിത്രത്തിന്റെ ഏറ്റവും വലിയ പരിഹാസങ്ങളില്‍ ഒന്ന് ഇതാണ്.

ഒരു സ്ത്രീയുടെ കൈയില്‍ അധികാരം എത്തിയതുകൊണ്ട് മാത്രം അധികാരം പിതൃാധിപത്യത്തിന്റെ സ്വഭാവത്തില്‍ നിന്ന് മോചിതമാകുന്നില്ല. സ്‌നേഹലത റെഡ്ഢി ജയിലിനെ വാക്കുകളാക്കി. ‘A PRISON DIARY ‘ഒരു സാഹിത്യരേഖ മാത്രമല്ല. അത് അധികാരത്തിന്റെ രേഖകള്‍ക്ക് എതിരേയുള്ള മനുഷ്യന്റെ രേഖയാണ്.

അധികാരം ക്ഷമ ചോദിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടു അവര്‍ ക്ഷമ ചോദിച്ചാല്‍ മോചിപ്പിക്കാമെന്ന സന്ദേശം ലഭിച്ചപ്പോള്‍, അവര്‍ ചോദിച്ചു:’ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് ഞാന്‍ ക്ഷമ ചോദിക്കേണ്ടത്?’ ഈ ഒരു വാചകം തന്നെ ഒരു രാഷ്ട്രീയ പ്രബന്ധമാണ്.
കാരണം ഏകാധിപത്യ സ്വഭാവമുള്ള അധികാരം പലപ്പോഴും ശരീരത്തെ മാത്രം കീഴടക്കാന്‍ ശ്രമിക്കുന്നില്ല. അത് മനുഷ്യനില്‍ നിന്ന് കുറ്റബോധത്തിന്റെ ഒരു സമ്മതപത്രം ആവശ്യപ്പെടുന്നു.

‘നീ തെറ്റുകാരനാണെന്ന് സമ്മതിക്കൂ.’ അവിടെയാണ് അധികാരത്തിന്റെ പൂര്‍ണ്ണ വിജയം. സ്‌നേഹലത അത് നിരസിച്ചു. അതിനാല്‍ അവരുടെ ശരീരം തോറ്റാലും അവരുടെ രാഷ്ട്രീയ അസ്തിത്വം തോല്‍ക്കുന്നില്ല. അധികാരത്തിന്റെ ഏറ്റവും അപകടകരമായ സ്വഭാവം അതിന്റെ സ്ഥിരതയല്ല. അത് മാതൃകയാകുന്നതാണ്.

ഒരു ഭരണാധികാരി ഒരിക്കല്‍ ‘രാജ്യത്തിന്റെ സുരക്ഷ’ എന്ന പേരില്‍ പൗര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിയാല്‍, അടുത്ത ഭരണാധികാരി അതേ വാക്കുകള്‍ വീണ്ടും ഉപയോഗിക്കും. ഒരു സര്‍ക്കാര്‍ ഒരിക്കല്‍ ‘ക്രമസമാധാനം’ എന്ന പേരില്‍ വിമതശബ്ദത്തെ അടിച്ചമര്‍ത്തിയാല്‍, മറ്റൊരു സര്‍ക്കാര്‍ അതേ ആയുധം കൈയിലെടുക്കും.

അതുകൊണ്ടാണ് ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ ജനാധിപത്യ സമൂഹത്തിന് സമകാലീന ഇന്ത്യയില്‍ പലപ്പോഴും ഓര്‍ക്കേണ്ടി വരുന്നത്.

1977 ജനുവരിയില്‍ ആരോഗ്യനില അതീവ മോശമായതിനെ തുടര്‍ന്ന് സ്‌നേഹലത മോചിതയായി. ജനുവരി 20 ന് അവര്‍ മരിച്ചു. അവരുടെ മരണം തടവറയ്ക്കുള്ളില്‍ നടന്നതല്ലെങ്കിലും, അവരുടെ തടങ്കലും അതിനിടയിലെ ആരോഗ്യത്തകര്‍ച്ചയും അടിയന്തരാവസ്ഥയുടെ ക്രൂരതയെക്കുറിച്ചുള്ള ചരിത്രചര്‍ച്ചകളില്‍ പ്രധാനപ്പെട്ട ഉദാഹരണമായി ഇന്നും തുടരുന്നു.

ചരിത്രം അതിനെ പല പേരുകളില്‍ വിളിക്കും. അടിയന്തരാവസ്ഥ, തടങ്കല്‍, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, അധികാരദുര്‍വിനിയോഗം, പക്ഷേ ഒരു കലാകാരിയുടെ ശരീരത്തില്‍ അതിന് മറ്റൊരു പേരുണ്ട്. ശ്വാസം മുട്ടല്‍. അവളുടെ ശ്വാസം മുട്ടിയപ്പോള്‍ ഇന്ത്യയുടെ ജനാധിപത്യവും ഒരു നിമിഷം ശ്വാസം മുട്ടുകയായിരുന്നു. അവള്‍ മരിച്ചപ്പോള്‍ ഒരു മനുഷ്യന്‍ മാത്രമല്ല മരിച്ചത്. ഒരു ജനാധിപത്യ മുന്നറിയിപ്പ് ശരീരത്തില്‍ നിന്ന് ചരിത്രത്തിലേക്ക് മാറുകയായിരുന്നു. അതുകൊണ്ട് സ്‌നേഹലത റെഡ്ഢിയെ ഓര്‍ക്കുമ്പോള്‍ ഇന്ദിരാ ഗാന്ധിയെ ഓര്‍ക്കും.

സ്വാതന്ത്ര്യത്തെ ഓര്‍ക്കുമ്പോള്‍ അതില്ലാതാക്കി ശ്വാസം മുട്ടിച്ച് കൊന്നുകളഞ്ഞ അധികാരത്തെ ഓര്‍ക്കാതിരിക്കാനാകില്ലല്ലോ. ഇന്ദിരാ ഗാന്ധി ചരിത്രത്തില്‍ മഹത്തായ നേട്ടങ്ങളുള്ള പെണ്‍ നേതാവാണ് അതില്‍ സംശയങ്ങളൊന്നുമില്ല. പക്ഷേ ഒരു രാജ്യത്തെ രക്ഷിക്കാനെന്ന പേരില്‍ പൗരാവകാശങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, ആ രാജ്യത്തിന്റെ ഒരു കലാകാരിയുടെ പോലും സ്വതന്ത്രമായി ശ്വസിക്കാനുള്ള അവകാശത്തെ കവര്‍ന്നെടുത്ത് അവരെ തടവറയിലിട്ട് പീഡിപ്പിച്ച് കൊന്നുകളഞ്ഞ കൊടും അനീതിയുടെ പേര് കൂടെയാണ് ഇന്ദിരാ ഗാന്ധി.

സ്‌നേഹലത റെഡ്ഢി – അത് ഒരു തടവുകാരിയുടെ പേര് മാത്രമായിരുന്നില്ല. അധികാരത്തോട് ക്ഷമ ചോദിക്കാന്‍ വിസമ്മതിച്ച ഒരു ഭയ രഹിതയായ സ്വതന്ത്രയുടെ പേര് കൂടെയാണ്. ആ നിര്‍ഭയത്വത്തെയാണ് DYFI വേദിയില്‍ ചിന്നു ചിലങ്ക അവതരിപ്പിച്ചത്. അവിടെയാണ് സ്ത്രീയെ കേവല ശരീരം മാത്രമായി കാണുന്ന ലിംഗം കൊണ്ട് ചിന്തിക്കുന്ന വികല ജീവികള്‍ ഉദ്ധൃത ലിംഗവുമായി ചാടിയിറങ്ങിയത്.

ചരിത്രം അറിയാവുന്ന ഹിന്ദുത്വ വാദികളോടാണ് ..നിങ്ങള്‍ക്ക് സ്‌നേഹലത റെഡ്ഢിയെന്ന് കേള്‍ക്കുമ്പോള്‍ മുട്ട് വിറയ്ക്കും കാരണം അവരുടെ ‘സീത’യെന്ന നാടകം നിങ്ങള്‍ക്കറിയാം. രാമായണത്തിന്റെ ആണത്തത്തോട് ദയാരഹിതമായി കലഹിക്കുന്ന സീത. സീതയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിഷ്പ്രഭനായി പോകുന്ന നിങ്ങളുടെ വീര പുരുഷന്‍ രാമന്‍.

നന്ദിയുണ്ട് ലിംഗം കൊണ്ട് ചിന്തിക്കുന്നവരേ … ഇന്ദിരാഗാന്ധി എന്ന ഏകാധിപതിയുടെ ക്രൂര വേട്ടയ്ക്കിരയായ സ്‌നേഹലത റെഡ്ഢിയെന്ന വിപ്ലവ വീര്യത്തെ വീണ്ടും ഓര്‍ക്കാനും ചര്‍ച്ച ചെയ്യാനും നീയൊക്കെ നല്‍കിയ അവസരത്തിന്.

Content Highlight: Sreeja Neyattinkara Writeup about Snehalatha Reddy and Indira Gandhi