വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ വിജയത്തോടെ തുടങ്ങി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ 97 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെതിരെ എ.ബി. ഡി വില്ലിയേഴ്‌സും സംഘവും സ്വന്തമാക്കിയത്.

സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് 145 റണ്‍സിന് പുറത്തായി.

ഫാഫ് ഡു പ്ലെസി 14 റണ്‍സിന് മടങ്ങിയ ശേഷം വണ്‍ ഡൗണായാണ് ക്യാപ്റ്റന്‍ ഡി വില്ലിയേഴ്‌സ് കളത്തിലെത്തിയത്. ലെവിക്കൊപ്പം രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 104 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.

അവസാന ഓവറിലെ നാലാം പന്തില്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങും മുമ്പ് 39 പന്തില്‍ 70 റണ്‍സാണ് നായകന്‍ കൂട്ടിച്ചേര്‍ത്തത്. അഞ്ച് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഒടുവില്‍ 242/5 എന്ന നിലയില്‍ പ്രോട്ടിയാസ് ഇതിഹാസങ്ങള്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനായി ഡേവ് മുഹമ്മദ് രണ്ട് വിക്കറ്റും റയാദ് എംറിറ്റ്, ഡ്വെയ്ന്‍ ബ്രാവോ, ഫിഡല്‍ എഡ്വാര്‍ഡ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കം പാളിയിരുന്നു. ക്യാപ്റ്റന്‍ ക്രിസ് ഗെയ്ല്‍ ഒരു വശത്ത് നിന്ന് അടിച്ചൊതുക്കുമ്പോള്‍ മറുവശത്തെ ആക്രമിച്ച സൗത്ത് ആഫ്രിക്കന്‍ മാസ്റ്റര്‍ പ്ലാന്‍ ഫലം കണ്ടു.

ലെന്‍ഡില്‍ സിമ്മണ്‍സും ചാഡ്വിക് വാള്‍ട്ടണും ഡെയ്ന്‍ ബ്രാവോയുമടക്കമുള്ള ടോപ്പ് ഓര്‍ഡര്‍, മിഡില്‍ ഓര്‍ഡര്‍ താരങ്ങള്‍ ഒറ്റയക്കത്തിന് കൂടാരം കയറിയപ്പോള്‍ ക്രിസ് ഗെയ്ല്‍ മാത്രമാണ് ചെറുത്തുനിന്നത്.

31 പന്ത് നേരിട്ട് 60 റണ്‍സുമായാണ് ഗെയ്ല്‍ കളംവിട്ടത്. അഞ്ച് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു വിന്‍ഡീസ് ഇതിഹാസത്തിന്റെ ഇന്നിങ്‌സ്.

ഗെയ്‌ലിന് പുറമെ കാര്‍ലോസ് ബ്രാത്വെയ്റ്റും (13 പന്തില്‍ 29), റയാദ് എംറിറ്റുമാണ് (12 പന്തില്‍ 14) വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

ഒടുവില്‍ 18.2 ഓവറില്‍ കരിബീയന്‍ ഇതിഹാസങ്ങളുടെ പോരാട്ടം 145ല്‍ അവസാനിച്ചു.

സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനായി ഇമ്രാന്‍ താഹിറും ആരോണ്‍ ഫാന്‍ഗിസോയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. റോബര്‍ട്ട് ഫ്രൈലിങ്ക് രണ്ടും സാരെല്‍ എര്‍വീ, മര്‍ച്ചന്റ് ഡി ലാംഗെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഈ വിജയത്തോടെ ഇന്ത്യ ചാമ്പ്യന്‍സിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ഡി വില്ലിയേഴ്‌സിനും സംഘത്തിനുമായി.

ഒക്ടോബര്‍ ആറിനാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിന്റെ അടുത്ത മത്സരം. ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ യുവരാജ് സിങ്ങിന്റെ ഇന്ത്യ ചാമ്പ്യന്‍സാണ് എതിരാളികള്‍.

 

Content Highlight: World Championship Of Legends: South Africa Champions defeated West Indies Champions