ടി.ജിയും തെറികളും
Opinion
ടി.ജിയും തെറികളും
ഫാറൂഖ്
Thursday, 30th July 2026, 5:31 pm
നിങ്ങള്‍ ഒരിക്കലും പോകാനോ അറിയാനോ സാധ്യതയില്ലാത്ത ഏതോ ദിക്കുകളില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്നും അതിന്റെ ഫലം രണ്ടോ മൂന്നോ കൊല്ലത്തിനകം വിവരമില്ലാത്ത നിങ്ങള്‍ കേള്‍വിക്കാര്‍ക്ക് മനസ്സിലാവും എന്നതാണ് പ്രധാന തീം, അതിനു ശേഷം നമ്മള്‍ സൂപ്പര്‍ പവറാകും, ലോകം ഭരിക്കും, പണക്കാരാകും എന്നൊക്കെ. അമ്പതോ നൂറോ കൊല്ലത്തിനു ശേഷം എന്നൊന്നും പറയില്ല, രണ്ടോ മൂന്നോ കൊല്ലം, എന്നാലേ ഒരിമ്പാക്ട് ഉണ്ടാകൂ, അത് ഗീബല്‌സിന്റെ സിലബിസിലുള്ളതാണ്.

രണ്ടാമതായി ഞാന്‍ ടി.ജിയെ ശ്രദ്ധിക്കുമ്പോള്‍ അദ്ദേഹം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പാനലിസ്റ്റായിട്ടിരുന്ന് അജിത് ഡോവല്‍ നടത്തുന്ന തന്ത്രപരമായ ഇടപെടല്‍ മൂലം പാകിസ്ഥാനില്‍ നിന്ന് രണ്ടു കൊല്ലത്തിനകം ബലൂചിസ്ഥാന്‍ വിട്ടു പോകും എന്ന പ്രവചനം നടത്തുകയായിരുന്നു, ഏഷ്യാനെറ്റില്‍ ആയിരുന്നു എന്നാണോര്‍മ, എല്ലാ ചാനലുകളിലും സ്ഥിര സാന്നിധ്യമായിരുന്നു ടി.ജി അക്കാലത്ത്.

അദ്ദേഹം പറയുന്ന കാര്യത്തിലല്ല, സ്‌ക്രീനില്‍ എഴുതി കാണിക്കുന്ന ‘ബി.ജെ.പി ഇന്റലെക്ച്ചല്‍ സെല്‍ കണ്‍വീനര്‍’ എന്ന വിശേഷണത്തിലായിരുന്നു എന്റെ കൗതുകം. ഞാന്‍, രാജു ഒരു സിനിമയില്‍ പറയുന്ന പോലെ ഇന്റലെക്ച്ചല്‍ ആവാനുള്ള ശ്രമം നടത്തുന്ന കാലമായിരുന്നു അത്. ലോകത്തില്‍ തന്നെ, ഒരു പാര്‍ട്ടിയില്‍ ഇന്റലെക്ച്ചലുകള്‍ക്ക് മാത്രം ഒരു സെല്‍ ഉണ്ടെന്നും അതിന് ഒരു കണ്‍വീനര്‍ ഉണ്ടെന്നതും എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഈ സെല്ലില്‍ മെമ്പര്‍ഷിപ് കിട്ടുവാന്‍ വേണ്ട യോഗ്യത എന്തായിരിക്കും എന്നായി പിന്നങ്ങോട്ട് എന്റെ ആലോചന.

ടി.ജി, അഡ്വ ജയശങ്കര്‍, രാഹുല്‍ ഈശ്വര്‍ ഒക്കെയായിരുന്നു അക്കാലത്തെ പ്രധാന പാനലിസ്റ്റുകള്‍. ജയശങ്കര്‍ ഒരു കോണ്ടെക്സ്റ്റും ഇല്ലാതെ ഏതൊക്കെയോ കാലത്ത് നടന്ന എന്തൊക്കെയോ പറഞ്ഞു തന്റെ ഓര്‍മശക്തി കാണിച്ചു പ്രേക്ഷകരെ അത്ഭുതപ്പെടുത്തും.

രാഹുല്‍ തലയില്‍ ഒരു ഇലാസ്റ്റിക്കും കെട്ടി വന്നു വേറെ എന്തൊക്കെയോ പറയും. പ്രേക്ഷകര്‍ക്ക് കൗതുകം ഉണ്ടാക്കുന്ന കാര്യങ്ങള്‍ പറയുന്നത് ടി.ജി ആയിരുന്നു. മോദി, ഡോവല്‍, അമിത് ഷാ, എന്നിവര്‍ ലോകം മുഴുവന്‍ നടത്തുന്ന അത്ഭുത പ്രവര്‍ത്തികള്‍ അദ്ദേഹം വിവരിക്കുന്നത് കേള്‍ക്കുമ്പോള്‍ ആരും ആരാധന മൂത്ത് ഭക്തരായി പോകും.

അദ്ദേഹമായിരുന്നു കേരളത്തിലെ ആദ്യ ‘റൈറ്റ് വിങ് ഷോക്ക് ജോക്ക്’, അമേരിക്കയിലും മറ്റും ഫോക്‌സ് ന്യൂസ് പോലുള്ള ടീ.വി /റേഡിയോ അവതാരങ്ങള്‍ തങ്ങളുടെ വലതു, റെസിസ്റ്റ്, വൈറ്റ് സൂപ്പര്‍മാസിസ്റ്റ് ഓഡിയന്‍സിനെ മൂപ്പിച്ചു സുഖിപ്പിച്ചു കാശുണ്ടാക്കാന്‍ നടത്തുന്ന എല്ലാ ട്രിക്കുകളും ടി.ജി യുടെ കയ്യിലുമുണ്ടായിരുന്നു.

നിങ്ങള്‍ ഒരിക്കലും പോകാനോ അറിയാനോ സാധ്യതയില്ലാത്ത ഏതോ ദിക്കുകളില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്നും അതിന്റെ ഫലം രണ്ടോ മൂന്നോ കൊല്ലത്തിനകം വിവരമില്ലാത്ത നിങ്ങള്‍ കേള്‍വിക്കാര്‍ക്ക് മനസ്സിലാവും എന്നതാണ് പ്രധാന തീം, അതിനു ശേഷം നമ്മള്‍ സൂപ്പര്‍ പവറാകും, ലോകം ഭരിക്കും, പണക്കാരാകും എന്നൊക്കെ. അമ്പതോ നൂറോ കൊല്ലത്തിനു ശേഷം എന്നൊന്നും പറയില്ല, രണ്ടോ മൂന്നോ കൊല്ലം, എന്നാലേ ഒരിമ്പാക്ട് ഉണ്ടാകൂ, അത് ഗീബല്‌സിന്റെ സിലബിസിലുള്ളതാണ്.

ഇതൊന്നുമായിരുന്നില്ല എന്റെ പ്രശ്‌നം, അമേരിക്കയില്‍ ലോങ്ങ് ഡ്രൈവ് ചെയ്യേണ്ടി വരുമ്പോള്‍ സിറ്റി വിട്ടാല്‍ പിന്നെ പാട്ടു കേള്‍ക്കാന്‍ എഫ് എം റേഡിയോ കിട്ടില്ല, കിട്ടുന്ന എ.എം റേഡിയോ മുഴുവന്‍ ഇവന്മാരാണ്, ഞാനിത് ഒരു പാട് കേട്ടിട്ടുള്ളതുമാണ്. എന്റെ ചിന്ത – ഇന്റലെക്ച്ചല്‍ സെല്ലില്‍ മെമ്പര്‍ഷിപ് കിട്ടാന്‍ എന്തായിരിക്കും വേണ്ടി വരിക.

വനിതാ സെല്ലില്‍ മെമ്പര്‍ഷിപ് കിട്ടാന്‍ വനിതയായാല്‍ മതി, സ്റ്റുഡന്റസ് സെല്ലില്‍ സ്റ്റുഡന്റ് ആയാല്‍ മതി, ഇതൊക്കെ തെളിയിക്കാന്‍ എളുപ്പമാണ്. ഇന്റലെക്ച്ചല്‍ സെല്ലില്‍ മെമ്പര്‍ ആവാന്‍ ഇന്റലെക്ച്ചല്‍ ആവണമെന്ന് ഉറപ്പാണ്, അതെങ്ങനെ തെളിയിക്കും. ടി.ജി സംസ്ഥാന കണ്‍വീനര്‍ ആണെങ്കില്‍ ജില്ലാ കണ്‍വീനര്‍ വേറെയുണ്ടാകും, താലൂക്ക്, മണ്ഡലം, പഞ്ചായത് തലത്തിലൊക്കെ കണ്‍വീനര്‍മാരും മറ്റു ഭാരവാഹികളുമുണ്ടാകും, അസംഘ്യം മെമ്പര്‍മാരും, കേരളത്തില്‍ ഇത്രയും ഇന്റലെക്ച്ചല്‍സ് ഉണ്ടാകുമോ. അവരുടെ മെമ്പര്‍ഷിപ് ഫോമില്‍ എന്തായിരിക്കും ഡിക്ലയര്‍ ചെയ്തിട്ടുണ്ടാകുക, സ്വയം സാക്ഷ്യപെടുത്തിയാല്‍ മതിയോ, അതോ വേറെ ആരെങ്കിലും സാക്ഷ്യപെടുത്തണമോ ?

പിന്നെ പല പ്രാവശ്യം വാട്‌സാപ്പ് ആയും സോഷ്യല്‍ മീഡിയ ആയും ടി.ജി വീഡിയോസ് എന്റെ മുമ്പിലേക്ക് വന്നു. ഓരോ പ്രഖ്യാപനവും പ്രവചനവും രണ്ടു കൊല്ലം കഴിയുമ്പോഴേക്ക് അദ്ദേഹം തന്നെ മറക്കും. പഴയ ആരാധകര്‍ വിട്ടു പോകാതിരിക്കാന്‍ പുതിയ പ്രവചനങ്ങള്‍ ഇറക്കും. ഡോവലിനെ ക്രമേണ അദ്ദേഹം കൈവിട്ടു, മോദിയുടെ വിദേശ യാത്രകള്‍ക്ക് മോദി തന്നെ കാണാത്ത വ്യാഖ്യാനങ്ങള്‍ ഇറക്കലായി പ്രധാന പണി.

മോദി യൂഗോസ്ലാവിയയില്‍ പോയത് മെഡിറ്ററേനിയന്‍ ഇന്ത്യയുടെ കയ്യിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്, ട്രംപ് ഗ്രീന്‍ലാന്‍ഡ് പിടിച്ചടക്കാന്‍ നോക്കുന്നത് ഇന്ത്യക്ക് എയര്‍ ഫീല്‍ഡ് പണിയാനാണ് എന്നൊക്കെ ഓരോ തള്ള് തള്ളും. അദ്ദേഹത്തിന്റെ ആരാധകര്‍ വളരെ ഇന്‍ഫൊര്‍മേറ്റീവ് ആയ വീഡിയോ എന്നും വേറാരും പറയാത്തത് ടി ജി പറയുന്നു എന്നുമൊക്കെ കമന്റിടും.

പിന്നെ കുറേക്കാലം ഇസ്രഈലിനെ പുകഴ്ത്തലായി. ഇസ്രഈലുകാരുടെ ബുദ്ധി, അവരുണ്ടാക്കുന്ന സ്‌പൈവെയറുകളുടെ സാമര്‍ഥ്യം, മനുഷ്യരെ കൊല്ലാനുള്ള അവരുടെ കഴിവ് എന്നിവയുടെ ആരാധന കലര്‍ന്ന വിവരണമായി പിന്നെ കുറെ കാലം. രവിചന്ദ്രന്‍ ഫാന്‍സ് ടി.ജി ഫാന്‍സായും ടി.ജി ഫാന്‍സ് രവിചന്ദ്രന്‍ ഫാന്‍സായും മാറിക്കൊണ്ടിരുന്ന കേരളത്തിലെ സോഷ്യല്‍-ഡാര്‍വിനിസത്തിന്റെ സുവര്‍ണകാലം. അതിനിടയില്‍ എന്ത് കാരണം കൊണ്ടാണെന്നറിയില്ല, പ്രധാന വാര്‍ത്താ ചാനലുകള്‍ അദ്ദേഹത്തെ വിളിക്കാതെയായി.

ഇക്കാലമൊക്കെ ഇന്റലെക്ച്ചല്‍ സെല്‍ മെമ്പര്‍ഷിപ് കിട്ടുന്നതെങ്ങനെയെന്ന അന്വേഷണത്തിലായിരുന്നു ഞാന്‍. പണ്ട് പു.ക.സ എന്നൊരു സംഘടനയുണ്ടായിരുന്നു. എന്റെ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന എം.കുട്ടികൃഷ്ണന്‍ മാഷ് അതിന്റെ നേതാവായിരുന്നു. അതില്‍ മെമ്പര്‍ഷിപ് കിട്ടുന്നത് എഴുത്തുകാര്‍ക്കാണെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു.

പക്ഷെ ഇന്റലെക്ച്വല്‍സ് സെല്ലിന്റെ യോഗ്യത ആരും പറഞ്ഞില്ല. എനിക്ക് പരിചയമുള്ള ഒരു പാട് ബി.ജെ.പിക്കാരോട് അന്വേഷിച്ചു, അവര്‍ക്കാര്‍ക്കും അതിനെക്കുറിച്ച് വലിയ പിടിയുണ്ടായിരുന്നില്ല. അവരില്‍ പലരും വിദ്യാര്‍ത്ഥി വിഭാഗത്തിലും യുവജന വിഭാഗത്തിലും മെമ്പര്‍മാരായിരുന്നു, മറ്റുള്ളവര്‍ വെറും സങ്കികളും, ബാക്കിയുള്ളവര്‍ ചാണക സങ്കികളും. ഇന്റലെക്ച്ചല്‍ സെല്ലിലുള്ള ആരെയും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്റെ അടുത്ത ഒരു ബി.ജെ.പി സുഹൃത്ത് ഏതെങ്കിലും ഒരു ഇന്റലെക്ച്ചല്‍ സെല്‍ മെമ്പറെ കാണുകയാണെങ്കില്‍ പരിചയപ്പെടുത്തി തരാം എന്ന് പറഞ്ഞു, എനിക്ക് സന്തോഷമായി, ഞാന്‍ കാത്തിരുന്നു.

അതിനടിയില്‍ ടി.ജി പുതിയ ഐറ്റംസ് ഇറക്കി തുടങ്ങിയിരുന്നു. എങ്ങനെയെങ്കിലും നാലാള്‍ കണ്ടാല്‍ പത്തു ഡോളര്‍ ഉണ്ടാക്കാമല്ലോ എന്ന് കരുതുന്ന യൂട്യൂബ് ചാനലുകള്‍ മുഴുവന്‍ ടി.ജിയെ ക്ഷണിച്ചു, ടി.ജി സന്തോഷത്തോടെ അവിടെയൊക്കെ ചെന്ന് ഇന്റര്‍വ്യൂ കൊടുത്തു. ഈ ഘട്ടത്തിലാണ് അദ്ദേഹം പുതിയ നമ്പറുകള്‍ ഇറക്കുന്നത്.

ഭക്ഷണം ഹലാല്‍ ആക്കാന്‍ ദിവസം മുഴുവന്‍ തുപ്പല്‍ ജോലി ചെയ്യുന്ന ആളുകളെ തനിക്കറിയാമെന്നും, കേരളത്തില്‍ നിന്ന് സിറിയയില്‍ പോയ 36000 പെണ്‍കുട്ടികളുടെ ലിസ്റ്റ് കയ്യിലുണ്ടെന്നുമൊക്കെയായിരുന്നു ടി.ജി യുടെ പുതിയ കഥകള്‍. കറുത്തവരും തവിട്ടു നിരക്കാരും യൂറോപ്പില്‍ കുടിയേറുന്നത് കൊണ്ട് വെള്ളക്കാരുടെ സംസ്‌കാരം നശിച്ചു പോകുന്നതില്‍ അദ്ദേഹം ഉത്കണ്ഠകുലായിരുന്നു, കുരങ്ങനെ പോലെയുള്ള എംബാപ്പേ എങ്ങനെ വെളുവെളാ വെള്ളക്കാര്‍ മാത്രമുണ്ടാകേണ്ട ഫ്രഞ്ച് ടീമില്‍ എത്തി എന്ന് അദ്ദേഹം വ്യാകുലപ്പെട്ടു.

ടി.ജിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് പതിവ് പോലെ യൂട്യൂബില്‍ ഒരു പാട് ലൈകും ഷെയറും ബെല്‍-ബട്ടണും കിട്ടി, കുറെ ചാനലുകാര്‍ക്ക് ഡോളറും കിട്ടി. ഒരു പക്ഷെ യൂറോപ്പിലെ വെള്ളക്കാരുടെ കഷ്ടപ്പാട് ആലോചിച്ചാകും, അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു വന്നു.

ടി.ജിക്ക് സ്വന്തം ചാനലായി. തനിക്ക് തള്ളാന്‍ വേറൊരു തെണ്ടിയുടേയും സഹായം വേണ്ട എന്ന നിലപാടിലെത്തിയ ടി.ജി കാമറക്ക് മുമ്പില്‍ വന്നു സ്വയം തന്നെ പ്രഭാഷണം തുടങ്ങി. അങ്ങനെയൊരു പ്രഭാഷണത്തിലാണ് പെണ്ണുങ്ങളില്‍ ബലാത്സംഗം ഇഷ്ടപെടുന്നവരുണ്ടെന്നും സമരക്കാരെ വളഞ്ഞിട്ട് വെടിവെച്ചിട്ട ശേഷം ശവം പെറുക്കി കൊണ്ട് പോകണമെന്നൊക്കെയുള്ള അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും അവഹേളനപരവുമായ പരാമര്‍ശങ്ങള്‍ വന്നത്. പ്രത്യകിച്ച് അത്ഭുതത്തിനൊന്നും വകയില്ല, ഇത്തരക്കാരുടെ സ്വാഭാവിക പരിണാമമാണ്, അവഗണിക്കേണ്ടതല്ല, കേസെടുക്കണം, ശിക്ഷിക്കണം.

ടി.ജിയോട് പ്രതിഷേധിക്കുമ്പോള്‍ മാത്രം മിക്ക മലയാളികള്‍ക്കും തികട്ടി വരുന്ന വൃദ്ധരോടും അബലരോടുമുള്ള പുച്ഛമാണ് ഇക്കാലത്തു ഞാന്‍ കണ്ട ഏറ്റവും അവജ്ഞാകാരമായ കാര്യം. അദ്ദേഹത്തിന്റെ വാര്‍ധ്യക്യത്തെ പരിഹസിച്ചു കിഴവന്‍, തന്ത, തന്തപടി, പടു കിഴവന്‍ എന്നൊക്കെ വിളിക്കാന്‍ മാത്രം നമ്മുടെ വ്യദ്ധജനങ്ങള്‍ മലയാളികളോട് എന്ത് അക്രമമാണ് ചെയ്തത്.

അദ്ദേഹത്തിന്റെ ശാരീരിക അവശതകളെ നോക്കി ഊതിയാല്‍ പറന്നു പോകുന്നവന്‍, ശ്വാസം വിട്ടാല്‍ കുഴഞ്ഞു വീഴുന്നവന്‍ എന്നൊക്കെ വിളിക്കുന്നവര്‍ തങ്ങള്‍ ഒരു കാലത്തും അവശരാകില്ലെന്ന് വിശ്വസിക്കുന്നുണ്ടാകുമോ . മലയാളത്തില്‍ പ്രമുഖ ഫേസ്ബുക്ക് എഴുത്തുകാരില്‍ ഒരാള്‍ എഴുതിയത് മൂത്രമൊഴിച്ചാല്‍ കോമേഡില്‍ വീഴണമെങ്കില്‍ വയാഗ്ര കഴിക്കേണ്ടി വരുന്ന ആള്‍ എന്നാണ്. വാര്‍ധക്യ വിരുദ്ധത, അബലരോടുള്ള പുച്ഛം, ബോഡി ഷെമിങ്, സ്ത്രീവിരുദ്ധത, ജാതി അവഹേളനം, ദരിദ്രത്തോടുള്ള അവജ്ഞ, എന്നിവയില്ലാതെ നാലു തെറി വിളിക്കാന്‍ മലയാളികള്‍ എന്നാണ് പഠിക്കുക.

ഇന്റലെക്ച്ചലുകളെ തേടിയുള്ള എന്റെ അന്വേഷണത്തിന് അതിനിടയില്‍ ഒരു പരിഹാരമായി. നേരത്തെ പറഞ്ഞ ബി.ജെ.പി സുഹൃത്ത് അവസാനം ഒരു ഇന്റലെക്ച്ചല്‍ സെല്‍ മെമ്പറെ കണ്ടുപിടിച്ചു എനിക്ക് പരിചയപ്പെടുത്തി തന്നു. ഇന്റലെക്ച്ചല്‍ സെല്‍ മെമ്പര്‍ഷിപ് കിട്ടാന്‍ എന്താണ് യോഗ്യത എന്ന് ഞാന്‍ അയാളോട് ചോദിച്ചു.

‘അങ്ങനെ പ്രത്യകിച്ചൊന്നുമില്ല, നന്നായി വായിക്കണം, അത്യാവശ്യം എഴുതണം, കാര്യങ്ങളെ നന്നായി വിശകലനം ചെയ്യാന്‍ കഴിയണം.’ അയാള്‍ പറഞ്ഞു.

‘നിങ്ങള്‍ ഏതൊക്കെ പുസ്തകങ്ങളാണ് അടുത്ത കാലത്ത് വായിച്ചത്’ അയാള്‍ വായിച്ച പുസ്തകങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞാല്‍ ഞാന്‍ വായിച്ച പുസ്തകങ്ങളുമായി താരതമ്യപ്പെടുത്തി ഞാന്‍ ഇന്റലെക്ച്ചല്‍ ആണോ അല്ലയോ എന്ന് മനസ്സിലാക്കാമല്ലോ എന്ന് വച്ചാണ് ചോദിച്ചത്.
‘അടുത്തൊന്നും വായിച്ചിട്ടില്ല’ അയാള്‍ പറഞ്ഞു.

‘എന്നാലും’ ‘ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ബാല്യകാലസഖി വായിച്ചിട്ടുണ്ട്’ അയാള്‍ പറഞ്ഞു. എനിക്ക് സന്തോഷമായി.

രണ്ടാമത്തെ പ്രാവശ്യം ടി.ജിയെ കണ്ട കാര്യം പറഞ്ഞാണ് ഈ എഴുത്ത് തുടങ്ങിയത്. ആദ്യത്തേത് എപ്പോഴായിരുന്നു എന്ന് അറിയാന്‍ ചിലര്‍ക്കൊക്കെ കൗതുകം ഉണ്ടാകും.

യു.പി.എ യുടെ രണ്ടാം പാദത്തില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയാണ് കോണ്‍ഗ്രസ് ജയിക്കുന്നത് എന്ന് ബി.ജെ.പി കാര്യമായി പ്രചരിപ്പിച്ചിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന എല്‍.കെ അദ്വാനി പാര്‍ലമെന്റില്‍ അതുന്നയിച്ചിരുന്നു, ബി.ജെ.പി വക്താവ് ഒരു പുസ്തകം തന്നെ അതിനെക്കുറിച്ച് എഴുതിയിരുന്നു.

വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കാന്‍ ഒരിക്കലും കഴിയില്ലെന്ന് കോണ്‍ഗ്രസ്സുകാരും വാദിച്ചിരുന്നു. രാഷ്ട്രീയക്കാര്‍ നിന്ന നില്‍പില്‍ എങ്ങനെ യൂ-ടേണ്‍ അടിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് വോട്ടിങ് മെഷീന്‍ കഥ. അതവിടെ നില്‍ക്കട്ടെ.

ടെക്‌നോളജി രംഗത്ത് ജോലി ചെയ്തിരുന്ന ഞങ്ങള്‍ക്കിടയില്‍ വോട്ടിങ് മെഷീന്‍ അന്നൊരു ചര്‍ച്ചയായിരുന്നു. അന്ന് ഒരു സുഹൃത്ത് എനിക്ക് ഒരു വീഡിയോ അയച്ചു തന്നു. താനൊരു എന്‍ജിനിയര്‍ ആണെന്നും, യന്ത്രങ്ങളുടെ പ്രവര്‍ത്തന രീതി എന്നെ പോലെ മനസ്സിലാവുന്ന വേറാരുമില്ലെന്നും പറഞ്ഞു കൊണ്ട് ഒരു വോട്ടിങ് മെഷീന്‍ കയ്യില്‍ വച്ച് അതെങ്ങനെ ഹാക്ക് ചെയ്ത് കൃത്രിമം കാണിക്കാം എന്ന് തികഞ്ഞ ആത്മവിശ്വസത്തോടെ വിവരിക്കുന്ന മെലിഞ്ഞ സുന്ദരനായ ഒരു മനുഷ്യനായിരുന്നു ആ വിഡിയോയില്‍ – ടി.ജി

 

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ