വർഷങ്ങൾക്കുശേഷം ഈ ലോകകപ്പിലെ മനോഹര ഗോളുകൾ മറന്നുപോയേക്കാം. എന്നാൽ ടച്ച്‌ലൈനിലൂടെ കാറ്റിൽ പറക്കുന്ന മുടിയിഴകളുമായി, കളിയുടെ ഓരോ സ്പന്ദനവും സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങിക്കൊണ്ട് നടന്ന ആ മെലിഞ്ഞ അർജന്റീനക്കാരൻ ഓർമയുടെ മൂലയിൽ തുടർന്നും ജീവിക്കും.
ചില ടീമുകള്‍ ലോകകപ്പില്‍ നിന്ന് പുറത്താകുമ്പോള്‍ അനുഭവപ്പെടുന്ന ശൂന്യത പോലെ, ചില പരിശീലകര്‍ അരങ്ങുവിടുമ്പോഴും ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ വിചിത്രമായ ഒരു വിഷാദം ബാക്കിയാക്കും. വിജയങ്ങളുടെ കണക്കുകള്‍ കൊണ്ടല്ല, കളിയോടുള്ള അവരുടെ പ്രണയവും വ്യക്തിത്വത്തിന്റെ തീവ്രതയും കൊണ്ടാണ് ആ വിഷാദം മുളപ്പൊട്ടുന്നത്.
അത്തരത്തില്‍ ഒരാളാണ്, ഇക്വഡോര്‍ പരിശീലകന്‍ സെബാസ്റ്റ്യന്‍ ബെക്കാസെസെ. അദ്ദേഹത്തെ ആദ്യമായി കാണുന്നവര്‍ക്ക് ഒരു ഫുട്‌ബോള്‍ പരിശീലകനേക്കാള്‍ ഒരു കലാകാരനെയോ, നിരന്തരം ചിന്തകളില്‍ മുഴുകിയിരിക്കുന്ന ഒരു എഴുത്തുകാരനെയോയാണ് മനസിലേക്ക് വരിക.
അലക്ഷ്യമായി വീണുകിടക്കുന്ന സ്വര്‍ണനിറമുള്ള മുടിയിഴകള്‍, താടിയുടെ നേര്‍ത്ത വര, ബോയിങ് 747 വിമാനത്തെ ഓര്‍മ്മിപ്പിക്കുന്ന നീണ്ട മൂക്ക്, എപ്പോഴും എന്തൊക്കെയോ അന്വേഷിച്ചുകൊണ്ടിരിക്കുന്നതുപോലെ തോന്നിക്കുന്ന കണ്ണുകള്‍ ബെക്കാസെസെയുടെ മുഖഭാവത്തില്‍ തന്നെ ഒരു അസ്വസ്ഥമായ ഊര്‍ജമുണ്ട്.
ടച്ച്ലൈനില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം ഒരു പരിശീലകനേക്കാള്‍ ഒരു നാടക സംവിധായകനെപ്പോലെയാണ്. കൈകള്‍ നിരന്തരം ചലിക്കുന്നു. ശരീരം മുഴുവന്‍ മത്സരത്തിന്റെ താളത്തിനൊപ്പം സഞ്ചരിക്കുന്നു. ഓരോ പാസിനോടും നീക്കത്തിനോടും വൈകാരികമായി പ്രതികരിക്കുന്നു.
അതുകൊണ്ടാവാം, ഇക്വഡോര്‍ ദേശീയ ടീമിന്റെ സൈഡ്ലൈനില്‍ നില്‍ക്കുന്ന ആ മെലിഞ്ഞ മനുഷ്യന്‍ പലപ്പോഴും മത്സരത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. അദ്ദേഹത്തിന്റെ മുഖത്തും ശരീരഭാഷയിലും വേഷത്തിലും എല്ലായ്‌പ്പോഴും ഒരു സന്ദേശമുണ്ട് ‘ഫുട്‌ബോള്‍ വെറും കളിയല്ല, അതൊരു അഭിനിവേശമാണ്’.
അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍ നിന്നാണ് ബെക്കാസെസെ വരുന്നത്. അതൊരു നഗരം മാത്രമല്ല, അര്‍ജന്റീനന്‍ ഫുട്‌ബോളിന്റെ ഹൃദയമിടിപ്പാണ്. അവിടത്തെ ഓരോ തെരുവിലും ഒരു പന്തിന്റെ ചലനമുണ്ട്. ഓരോ വീട്ടിലും ഒരു ആഗ്രഹമുണ്ട്. ഒരുനാള്‍ മകന്‍ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിന്റെയോ റൊസാരിയോ സെന്‍ട്രലിന്റെയോ ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങട്ടെയെന്ന ഉള്ളുചുട്ട പ്രാര്‍ത്ഥന.
ഈ നഗരത്തില്‍ നിന്നാണ് ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, മാക്‌സിമിലിയാനോ റോഡ്രിഗസ്, ഇസീക്വല്‍ ലാവേസി, മൗറോ ഇക്കാര്‍ഡി, ജിയോവണി ലൊ സെല്‍സോ തുടങ്ങിയവര്‍ ലോക ഫുട്‌ബോളിലേക്ക് നടന്നുകയറിയത്. അതേ കാലഘട്ടത്തില്‍, അതേ മണ്ണില്‍, മറ്റൊരു കുട്ടിയും വളര്‍ന്നുവരുന്നുണ്ടായിരുന്നു. പേര് സെബാസ്റ്റ്യന്‍ ബെക്കാസെസെ.
അവന്റെയും സ്വപ്നം ഫുട്‌ബോള്‍ തന്നെയായിരുന്നു. ഒരുനാള്‍ പ്രൊഫഷണല്‍ കളിക്കാരനാകുക. പക്ഷേ വിധി ആ മോഹത്തിന് വഴങ്ങിയില്ല. ഒരു സാധാരണ പ്രൊഫഷണല്‍ കരിയര്‍ പോലും കൈവന്നില്ല. പലര്‍ക്കും അത് കഥയുടെ അവസാനമായേനെ. ബെക്കാസെസെ അത് തുടക്കമായെടുത്തു.
കളിക്കാരനാകാന്‍ കഴിയാതെ വന്നപ്പോള്‍ കളിയെ പഠിക്കാനാണ് അവന്‍ തീരുമാനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ പരിശീലന മൈതാനങ്ങളിലേക്ക് യാത്രകള്‍ തുടങ്ങി. ബസുകളിലും ട്രാമുകളിലും മാറിക്കയറി കിലോമീറ്ററുകള്‍ സഞ്ചരിച്ചു. പരിശീലകരെ അവരറിയാതെ നിരീക്ഷിച്ചു. കുറിപ്പുപുസ്തകങ്ങളില്‍ ആശയങ്ങള്‍ രേഖപ്പെടുത്തി. മറ്റുള്ളവര്‍ മത്സരം കാണുമ്പോള്‍ അവന്‍ കളിയുടെ ഘടന വായിച്ചു.
ഒരു ആക്രമണം എങ്ങനെ രൂപപ്പെടുന്നു? ഒരു ഗോള്‍ ജനിക്കുന്നത് ഏത് നിമിഷത്തിലാണ്? പതിനൊന്ന് വ്യക്തികളെ ഒരേ ചിന്തയിലേക്ക് എങ്ങനെ ബന്ധിപ്പിക്കാം? ആ ചോദ്യങ്ങളായിരുന്നു അവന്റെ സര്‍വകലാശാല.
ചെറിയ ലീഗുകളിലെ പരിശീലന ജോലികളിലൂടെ തുടങ്ങിയ യാത്രയ്ക്ക് വഴിത്തിരിവായത് സാമ്പോളിക്കൊപ്പം ചേര്‍ന്നപ്പോള്‍. സഹപരിശീലകനെന്ന നിലയില്‍ ലോകഫുട്‌ബോളിന്റെ വലിയ വേദികള്‍ അടുത്തറിഞ്ഞു. ചിലിയുടെ കോപ്പ അമേരിക്ക വിജയവും അന്താരാഷ്ട്ര ടൂര്‍ണമെന്റുകളുടെ സമ്മര്‍ദവും ഉയര്‍ന്ന നിലവാരത്തിലുള്ള ഫുട്‌ബോളിന്റെ സങ്കീര്‍ണതകളും അനുഭവത്തിന്റെ ഭാഗമായിത്തീര്‍ന്നു.
2024 ല്‍, 44-ാം വയസില്‍, ഇക്വഡോര്‍ ദേശീയ ടീമിന്റെ ചുമതല അപ്രതീക്ഷിതമായി കൈകളിലെത്തി. ഉടന്‍ സംശയങ്ങളും ഉയര്‍ന്നു. കളിക്കാരനെന്ന നിലയില്‍ ഒന്നുമല്ലാത്ത ഒരാള്‍ക്ക് ദേശീയ ടീമിനെ പരിശീലിപ്പിക്കാനാവുമോ എന്ന ചോദ്യം പലരും ഉന്നയിച്ചു. മറുപടി വാക്കുകളിലായിരുന്നില്ല. പരിശീലന മൈതാനത്തിലായിരുന്നു.
ബെക്കാസെസെയെ വേറിട്ടുനിര്‍ത്തുന്നത് തന്ത്രപരമായ മിടുക്ക് മാത്രം അല്ല. കളിക്കാരെ കാണുന്ന കാഴ്ചപ്പാടാണ്. ഓരോരുത്തരെയും ഒരു നമ്പറായോ പൊസിഷനായോ കാണുന്നില്ല, നിറവേറാനുള്ള സാധ്യതയായാണ് കാണുന്നത്. ഒരുകാലത്ത് സ്വപ്നം മാത്രം കൈവശമുണ്ടായിരുന്ന തന്റെ പ്രതിബിംബം പോലെ.
അതുകൊണ്ടാണ് യുവതാരങ്ങള്‍ അദ്ദേഹത്തിനൊപ്പം വളരുന്നത്. അവര്‍ക്ക് അദ്ദേഹം പരിശീലകന്‍ മാത്രമല്ല, വിശ്വസിക്കാന്‍ പഠിപ്പിക്കുന്ന ആളുമാണ്. ഇക്വഡോറില്‍ അദ്ദേഹം രൂപപ്പെടുത്തിയത് പ്രതിഭകള്‍ നിറഞ്ഞ ഒരു സംഘത്തെ മാത്രമായിരുന്നില്ല, വ്യക്തിത്വമുള്ള ഒരു ടീമിനെ കൂടിയാണ്.
യുവത്വത്തിന്റെ ആവേശത്തെ അച്ചടക്കത്തോടും സംഘടിത പ്രതിരോധത്തോടും ചേര്‍ത്ത് മത്സരക്ഷമമായ ഒരു യൂണിറ്റാക്കി മാറ്റി. പന്തില്ലാത്തപ്പോള്‍ അവര്‍ കൃത്യമായ അകലങ്ങള്‍ പാലിച്ച് പ്രതിരോധിക്കുന്നു, പന്ത് ലഭിച്ചാല്‍ യുവത്വത്തിന്റെ വേഗത്തില്‍ മുന്നോട്ടു കുതിക്കുന്നു.
അദ്ദേഹത്തിന്റെ ടീമുകള്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്. വിജയത്തിന് എല്ലായ്‌പ്പോഴും വലിയ ശബ്ദമുണ്ടാകണമെന്നില്ല. ചിലപ്പോള്‍ അത് ക്ഷമയുടെയും കഠിനാധ്വാനത്തിന്റെയും നിശ്ശബ്ദ ഫലങ്ങളാണ്. ശക്തരായ എതിരാളികള്‍ക്കെതിരെ പോലും ഇക്വഡോര്‍ കാണിച്ച ധൈര്യവും അച്ചടക്കവും അതിന്റെ തെളിവാണ്. ജര്‍മനിയെ തോല്‍പ്പിച്ച് മെക്‌സിക്കൊയോട് തോറ്റ് ഇക്വഡോറും ബെക്കാസെസെയും മടങ്ങുകയാണ്.
വര്‍ഷങ്ങള്‍ക്കുശേഷം ഈ ലോകകപ്പിലെ മനോഹര ഗോളുകള്‍ മറന്നുപോയേക്കാം. എന്നാല്‍ ടച്ച്ലൈനിലൂടെ കാറ്റില്‍ പറക്കുന്ന മുടിയിഴകളുമായി, കളിയുടെ ഓരോ സ്പന്ദനവും സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങിക്കൊണ്ട് നടന്ന ആ മെലിഞ്ഞ അര്‍ജന്റീനക്കാരന്‍ ഓര്‍മയുടെ മൂലയില്‍ തുടര്‍ന്നും ജീവിക്കും.
Content Highlight: M.M Jaffer Khan writes about Sebastian Beccacece, the coach of the Ecuadorian team that performed well in the 2026 FIFA World Cup