അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ ആദ്യ മത്സരം ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ആദ്യ ഓവറില്‍ തന്നെ രക്തം ചിന്തിയാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ അഫ്ഗാനിസ്ഥാനെ സ്വീകരിച്ചത്. ഓവറിലെ രണ്ടാം പന്തില്‍ സൂപ്പര്‍ താരവും അഫ്ഗാന്‍ വിക്കറ്റ് കീപ്പറുമായ റഹ്മാനുള്ള ഗുര്‍ബാസിനെ അഭിഷേക് ശര്‍മയുടെ കൈകളിലെത്തിച്ചാണ് ബുംറ മടക്കിയത്.

ടി-20 ഫോര്‍മാറ്റില്‍ ബുംറയുടെ 350ാം വിക്കറ്റായിരുന്നു ഇത്. അന്താരാഷ്ട്ര തലത്തിലെ 122ാം വിക്കറ്റും. ഇന്ത്യന്‍ നാഷണല്‍ ടീമിന് പുറമെ മുംബൈ ഇന്ത്യന്‍സിനും ആഭ്യന്തര തലത്തില്‍ ഗുജറാത്തിനും വേണ്ടി പന്തെറിഞ്ഞാണ് ബുംറ 350 വിക്കറ്റുകള്‍ കൊയ്തത്.

ജസ്പ്രീത് ബുംറ. Photo: Mumbai Indians/x.com

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ എക്കോണമി)

യൂസ്വേന്ദ്ര ചഹല്‍ – 369  (7.79)

ഭുവനേശ്വര്‍ കുമാര്‍ – 353 (7.38)

ജസ്പ്രീത് ബുംറ – 350 (6.98)*

പിയൂഷ് ചൗള – 329 (7.58)

ആര്‍. അശ്വിന്‍ – 322 (7.16)

അമിത് മിശ്ര – 285 (7.16)

അക്‌സര്‍ പട്ടേല്‍ – 258 (7.21)

അതേസമയം, ആദ്യം ബാറ്റ് ചെയ്യുന്ന അഫ്ഗാനിസ്ഥാന് തുടക്കം പാളിയിരിക്കുകയാണ്. നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 43 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നത്.

ഗുര്‍ബാസിന് പുറമെ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍ (പത്ത് പന്തില്‍ 11), സെദ്ദിഖുള്ള അടല്‍ (13 പന്തില്‍ 13), ഗുല്‍ബദീന്‍ നായിബ് (ആറ് പന്തില്‍ രണ്ട്), ഡാര്‍വിഷ് റസൂലി (ആറ് പന്തില്‍ രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടപ്പെട്ടത്.

അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഒരാള്‍ റണ്‍ ഔട്ടുമായി.

പത്ത് പന്തില്‍ നാല് റണ്‍സുമായി അസ്മത്തുള്ള ഒമര്‍സായ്‌യും റസൂലിക്ക് ശേഷം കളത്തിലിറങ്ങിയ മുഹമ്മദ് നബിയുമാണ് നിലവില്‍ അഫ്ഗാനിസ്ഥാനായി ക്രീസില്‍.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍). സെദ്ദിഖുള്ള അടല്‍, ഗുല്‍ബദീന്‍ നായിബ് ഡാര്‍വിഷ് റസൂലീ, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ , അര്‍ഷ്ദീപ് സിങ്.

 

Content highlight: IND vs AFG: Jasprit Bumrah completed 350 T20 Wickets