വനിതാ ഏഷ്യാ കപ്പിന്റെ കിരീടപ്പോരാട്ടത്തിനുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാന നിമിഷത്തിലേക്ക്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ശ്രീലങ്ക മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യയെയാണ് നേരിടുന്നത്.

പരാജയമറിയാതെയായിരുന്നു ഫൈനലിലേക്കുള്ള ഇരുവരുടെയും മുന്നേറ്റം. ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായി മുന്നേറിയ ഇന്ത്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചാണ് തുടര്‍യായ പത്താം ഫൈനലിന് യോഗ്യത നേടിയത്.

മറുവശത്ത് ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായി സെമിയിലെത്തിയ ശ്രീലങ്ക, ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായെ പാകിസ്ഥാനെ സെമിയില്‍ വീഴ്ത്തിയാണ് തുടര്‍ച്ചയായ ഫൈനലിന് ടിക്കറ്റെടുത്തത്. ആവേശം അലതല്ലിയ മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.

വനിതാ ഏഷ്യാ കപ്പിന്റെ കഴിഞ്ഞ എഡിഷനില്‍ സ്വന്തമാക്കിയ കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ കളത്തിലിറങ്ങുന്ന ചമാരിയുടെ പടയാളികളും നഷ്ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഇന്ത്യയും തമ്മിലുള്ള മത്സരം ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ പോരാട്ടമാകുമെന്നതില്‍ സംശയമില്ല.

ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇരുവരും തമ്മിലുള്ള ഹെഡ് ടു ഹെഡ്ഡില്‍ ഇന്ത്യയ്ക്കാണ് വ്യക്തമായ മുന്‍തൂക്കമുള്ളത്. 31 തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 25 മത്സരത്തിലും ഇന്ത്യ വിജയിച്ചു. ശ്രീലങ്കയ്ക്ക് വിജയിക്കാന്‍ സാധിച്ചതാകട്ടെ അഞ്ച് മത്സരത്തിലും. ഒരു മാച്ച് ഫലമില്ലാതെയും അവസാനിച്ചു.

കേവലം ടി-20യില്‍ മാത്രമല്ല, ഏഷ്യാ കപ്പിലും ശ്രീലങ്കയ്ക്ക് മേല്‍ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന ഒമ്പത് ഏഷ്യാ കപ്പുകളില്‍ ഇന്ത്യ ഒമ്പത് തവണയും ശ്രീലങ്ക ആറ് തവണയും ഫൈനല്‍ കളിച്ചിട്ടുണ്ട്. ആറ് തവണയും ഇന്ത്യ തന്നെയായിരുന്നു കിരീടപ്പോരില്‍ ശ്രീലങ്കയുടെ എതിരാളികള്‍.

ഏഷ്യാ കപ്പിന്റെ കഴിഞ്ഞ എഡിഷന്‍ ഒഴികെയുള്ള എല്ലാ ഫൈനലുകളിലും ഇന്ത്യയാണ് വിജയം സ്വന്തമാക്കിയതും.

അഞ്ച് തവണ രണ്ടാം സ്ഥാനക്കാരാകേണ്ടി വന്നതിന്റെ എല്ലാ നിരാശയും അവസാനിപ്പിച്ചായിരുന്നു 2024ലെ ശ്രീലങ്കയുടെ വിജയം. കിരീടം നിലനിര്‍ത്താനുറച്ചെത്തിയ ഇന്ത്യയെ ദാംബുള്ളയിലെ റാണ്‍ഗിരി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ സ്വന്തം ജനതയെ സാക്ഷിയാക്കിയാണ് ചമാരി അത്തപ്പത്തുവെന്ന ഇതിഹാസത്തിന് കീഴില്‍ അണിനിരന്ന ശ്രീലങ്ക തോല്‍പിച്ചുവിട്ടത്.

സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം ഹര്‍ഷിത സമരവിക്രമയുടെയും ചമാരി അത്തപ്പത്തുവിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ ലങ്ക മറികടക്കുകയായിരുന്നു.

എന്നാല്‍ ഇത്തവണ കൂടുതല്‍ കരുത്തരായ ഇന്ത്യയെയാകും ശ്രീലങ്കയ്ക്ക് നേരിടാനുണ്ടാവുക. ശ്രീലങ്കയുടെ ബാറ്റിങ് യൂണിറ്റും ഇന്ത്യയുടെ ബൗളിങ് യൂണിറ്റും തമ്മിലാകും പ്രധാന മത്സരം. ഈ ടൂര്‍ണമെന്റില്‍ കളിച്ച നാലില്‍ മൂന്ന് മത്സരത്തിലും എതിരാളികളെ ഓള്‍ ഔട്ടാക്കിയ ഇന്ത്യയുടെ ബൗളിങ് നിര ചമാരിക്കും സംഘത്തിനും തലവേദന സൃഷ്ടിക്കുമെന്നതില്‍ സംശയം വേണ്ടാ.

മറുവശത്ത് ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റും സുശക്തമാണ്. സ്മൃതി മന്ഥാന, ഷെഫാലി വര്‍മ എന്നിവരുടെ മികച്ച ഫോം തന്നെയാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നത്. പ്രതീക റാവല്‍, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ എന്നിവരും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ എട്ടാം കിരീടം ഇന്ത്യയുടെ ഷെല്‍ഫിലെത്തും.

 

Content highlight: Women’s Asia Cup 2026: India vs Sri Lanka Final