ഒ.ടി.ടി റിലീസിന് ശേഷം സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. സമീപകാലത്ത് ഒരു സിനിമക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ സ്വീകാര്യതയാണ് ബെത്‌ലഹേമിന് ലഭിക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം പലരുടെയും ഫേവറെറ്റായി മാറിക്കഴിഞ്ഞു.
നായകനെയും നായികയെയും മാത്രം ഫോക്കസ് ചെയ്യാതെ സ്‌ക്രീനില്‍ വന്നുപോകുന്ന ഓരോ കഥാപാത്രത്തെയും കൃത്യമായി അടയാളപ്പെടുത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. റോഷന്‍ ഷാനവാസ് അവതരിപ്പിച്ച ഗ്ലിക്‌സണ്‍, സുരേഷ് കൃഷ്ണയുടെ ബൈജു, ശ്യാം മോഹന്റെ ഹരി തുടങ്ങിയ കഥാപാത്രങ്ങള്‍ ഇതിനോടകം വലിയ ഫാന്‍ബേസ് സൃഷ്ടിച്ച് കഴിഞ്ഞു.

എന്നാല്‍ ഇതിനിടയില്‍ അണ്ടര്‍റേറ്റഡായിപ്പോയ കഥാപാത്രങ്ങളിലൊന്നാണ് ജോമോന്‍. ഷമീര്‍ ഖാന്‍ അവതരിപ്പിച്ച കഥാപാത്രം ഒ.ടി.ടി റിലീസിന് ശേഷം ചര്‍ച്ചകളില്‍ നിറയുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ചൂരല്‍ പേജിലൂടെ ശ്രദ്ധ നേടിയ ഷമീര്‍ പ്രേമലുവിലും ഭാഗമായിരുന്നു. പ്രേമലുവില്‍ വളരെ കുറച്ച് സീനില്‍ മാത്രമുണ്ടായിരുന്ന ഷമീര്‍ ബെത്‌ലഹേമില്‍ ആദ്യാവസാനം കൗണ്ടറുകള്‍ കൊണ്ട് സ്‌കോര്‍ ചെയ്തു.
തന്റെ തനത് ശൈലിയിലുള്ള ഡയലോഗ് ഡെലിവറിയിലൂടെ പല സീനിലും കൈയടി നേടാന്‍ ഷമീറിന് സാധിച്ചിട്ടുണ്ട്. ജസ്റ്റിനും ഗ്യാങ്ങുമുള്ള സീനുകളില്‍ മിനിമം ഒരു കൗണ്ടറെങ്കിലും ജോമോന്റെ വകയായി ഉണ്ടായിട്ടുണ്ട്. കല്യാണത്തിനുള്ള ഡ്രസ് എടുക്കുന്ന സീനില്‍ അതിന്റെ എക്‌സ്ട്രീമാണ്. ബൈജു തനിക്ക് വേണ്ടി എടുത്ത കോട്ട് ടൈറ്റാണെന്ന് പറയുന്ന സീന്‍ ഗംഭീരമായിരുന്നു.

‘കൈയൊന്നും പൊങ്ങുന്നില്ല’ എന്ന് ജോമോന്‍ പറയുമ്പോള്‍ ‘എടാ കൈ ഇങ്ങനെ പൊക്ക്’ എന്ന് പറഞ്ഞ് ബൈജു തന്റെ രണ്ട് കൈയും സൈഡിലേക്ക് പൊക്കിക്കാണിക്കുകയാണ്. ഇതിന് ജോമാന്‍ നല്‍കുന്ന മറുപടിയാണ് ഹൈലൈറ്റ്. ‘പക്ഷെ മിന്ന് കെട്ടുന്നേ ഫ്രണ്ടിലോട്ട് അല്ലെ…അരയില്‍ കെട്ടാന്‍ പറ്റുവോ ബൈജു ചേട്ടാ മിന്ന്’ എന്ന് സ്വാഭാവികമായി ചോദിക്കുമ്പോള്‍ എല്ലാവരിലും ചിരിപടരുന്നുണ്ട്.
ജസ്റ്റിന്റെ പ്രേമം നാട്ടില്‍ പാട്ടായ ശേഷമുള്ള മദ്യപാന സദസിലും ജോമോന്‍ സ്‌കോര്‍ ചെയ്യുന്നുണ്ട്. ജസ്റ്റിന്റെ പ്രണയത്തെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞില്ലെന്ന് ബൈജു പരിഭവപ്പെടുമ്പോള്‍ ‘അതെന്താ, നിങ്ങക്ക് ജസ്റ്റിനെ നോട്ടമുണ്ടായിരുന്നോ’ എന്ന് ചോദിച്ചുകൊണ്ട് കൈയടി നേടുകയാണ് ജോമോന്‍. മലയാളസിനിമ ഇനിയും നല്ല അവസരങ്ങള്‍ നല്‍കിയാല്‍ ഷമീര്‍ ഖാന്‍ കൂടുതല്‍ തിളങ്ങുമെന്ന് ഉറപ്പാണ്.
Content Highlight: Shameer Khan’s performance in Bethlehem Kudumba Unit
