ന്യൂദല്‍ഹി: പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷനായി ഉപയോഗിക്കുന്ന ഫോം 6-ല്‍ വരുത്തിയ മാറ്റങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫോം 6-ല്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച ഹരജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ണായക പരാമര്‍ശം.
‘മാറ്റം വരുത്തിയ ഫോം 6-ന് സുപ്രീം കോടതിയുടെ അംഗീകാരമില്ല. ആരാണ് മാറ്റം വരുത്തിയതെന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിശോധിക്കും’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
പുതിയ വോട്ടര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ ഫോം 6-ലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത്.
അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ പേര് മുന്‍ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നോയെന്ന വിവരമാണ് പുതുതായി ആവശ്യപ്പെട്ടത്. എന്നാല്‍ നിയമപരമായ ഫോം 6 ഇതനുസരിച്ച് ഔദ്യോഗികമായി ഭേദഗതി ചെയ്തിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോം 6-ല്‍ മാറ്റം വരുത്താന്‍ തെരഞ്ഞടുപ്പ് കമ്മീഷന് ഏകപക്ഷീയമായി അധികാരമില്ലെന്നും ഇതിനായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി ആവശ്യമാണെന്നും നേരത്തെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
മാറ്റം ‘അനധികൃതവും നിയമവിരുദ്ധവുമാണെന്ന്’ ചൂണ്ടിക്കാട്ടി ഇത് പിന്‍വലിക്കണമെന്നും കമ്മീഷണര്‍ സുഖ്ബീര്‍ സിങ് സന്ധു ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹരജികളും കോടതി പരിഗണിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. കമ്മീഷന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ കോടതി സ്വീകരിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങള്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട നടപടികളില്‍ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിയോജിപ്പുകള്‍ അവഗണിച്ച് ഗ്യാനേഷ് ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Content Highlights: Setback for the Election Commission: The Supreme Court has not approved the changes made to Form-6; the Court also stated it would examine who made the changes.
