ഹൊറര്‍ സിനിമക്ക് മോളിവുഡില്‍ പുതിയൊരു ഡെഫിനിഷന്‍ നല്‍കിയ സംവിധായകനായിരുന്നു രാഹുല്‍ സദാശിവന്‍. ഓരോ സിനിമയിലും പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. ഭാഷതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായ ഭ്രമയുഗവും ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ഡീയസ് ഈറേയും അതിന്റെ ഉദാഹരണങ്ങളാണ്.

ഡീയസ് ഈറേക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. മോളിവുഡിലെ ഏറ്റവും ഹൈപ്പേറിയ സിനിമയായി വന്ന് പ്രേക്ഷകരെ പാടെ നിരാശരാക്കിയ ഒടിയന്‍ എന്ന സബ്ജക്ട് രാഹുല്‍ ഒരിക്കല്‍കൂടി വെള്ളിത്തിരയിലെത്തിക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. പൃഥ്വിരാജാണ് ഇത്തവണ ഒടിയനായി വേഷമിടുന്നത്.

സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായിരുന്നു ഒടിയന്റെ അനൗണ്‍സ്‌മെന്റ്. കഴിഞ്ഞദിവസം ഒടിയന്റെ ഷൂട്ട് തൃശൂരില്‍ ആരംഭിച്ചിരുന്നു. ഏകദേശം 45 ദിവസത്തെ ഷൂട്ടാണ് രാഹുല്‍ സദാശിവന്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ വെറും 15 ദിവസം മാത്രമേ പൃഥ്വിക്ക് ഡേറ്റുണ്ടാകുള്ളൂവെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പെട്ടെന്ന് ഷൂട്ട് തീര്‍ക്കുമെങ്കിലും ഗംഭീര ഔട്ട്പുട്ട് രാഹുലിന്റെ സിനിമകളില്‍ ഗ്യാരണ്ടിയാണ്.

ഭ്രമയുഗം  60 ദിവസം കൊണ്ടാണ് ഷൂട്ട് പൂര്‍ത്തിയാക്കിയത്. ഇതില്‍ മമ്മൂട്ടിക്ക് 25-30 ദിവസം മാത്രമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. 25 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ചാത്തന്‍ സകല അവാര്‍ഡും തൂത്തുവാരിയെങ്കില്‍ ഒടിയനും പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ഉറപ്പാണെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

മുന്‍ സിനിമകളിലെപ്പോലെ വളരെ കുറച്ച് ആര്‍ട്ടിസ്റ്റുകള്‍ മാത്രമേ ഒടിയനിലും ഉണ്ടാവുകയുള്ളൂ. മഞ്ജു വാര്യറാണ് ചിത്രത്തിലെ നായിക. മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. വാരണാസിയില്‍ തന്റെ പോര്‍ഷനുകളെല്ലാം പൂര്‍ത്തിയാക്കിയതിനാല്‍ ഒടിയന്റെ മേക്കോവറിലേക്ക് പൃഥ്വി അധികം വൈകാതെ കടന്നേക്കും.

പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ ധര്‍മ പ്രൊഡക്ഷന്‍സും ഒടിയന്റെ നിര്‍മാണത്തില്‍ പങ്കാളിയാണ്. ഈ വര്‍ഷം അവസാനം ഒടിയന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നും 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Reports that Prithviraj might have just 15 days shoot in Odiyan movie