ന്യൂദല്‍ഹി: തലസ്ഥാനത്ത് നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ചേരി പ്രദേശങ്ങള്‍ വന്‍തോതില്‍ തുണി വെച്ച് മറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്.

ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് പകരം വിദേശ പ്രതിനിധികള്‍ക്ക് മുന്നില്‍ അത് മറച്ചുവെക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ പവന്‍ ഖേര പറഞ്ഞു.

ഉച്ചകോടിക്കായി വിദേശ നേതാക്കള്‍ സഞ്ചരിക്കുന്ന പ്രധാന പാതകള്‍ക്ക് ഇരുവശത്തുമുള്ള ചേരികളും താഴ്ന്ന വരുമാനക്കാരുടെ താമസസ്ഥലങ്ങളും വലിയ തിരശ്ശീലകളും താത്ക്കാലിക ബാരി കേഡുകളും ഉപയോഗിച്ച് മറച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പവന്‍ ഖേരയുടെ പ്രതികരണം.

‘എല്ലാ ‘ഹിജാബുകളും’ ബി.ജെ.പിക്ക് അസ്വീകാര്യമല്ല. നരേന്ദ്ര മോദിയുടെ ഭരണ പരാജയങ്ങളെ മൂടിവെക്കുന്ന ഹിജാബുകളാണ് അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, മധ്യ ദല്‍ഹി, ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപം എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലാണ് ചേരിപ്രദേശങ്ങള്‍ മറച്ചത്. 2023-ലെ ജി20 ഉച്ചകോടി വേളയിലും സമാനമായ നടപടികള്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇതിനെതിരെ മോദിയുടെ കാര്‍ട്ടൂണ്‍ പങ്കുവെച്ച് കൊണ്ട് ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. ചേരികള്‍ തുണികൊണ്ട് മറയ്ക്കാം എന്നാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ മറക്കാനാവില്ലെന്ന് പാര്‍ട്ടി പറഞ്ഞു.

 

Content Highlight: The BJP is not opposed to all hijabs; it favors issues that mask Modi’s administrative failures: Pawan Khera.