ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് കാരണം അമേരിക്കയും ഇസ്രഈലുമാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. യുദ്ധത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇരു രാജ്യങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടേയും ഇസ്രഈലിന്റെയും പ്രകോപനങ്ങളാണ് യുദ്ധത്തിന് കാരണമെന്ന വസ്തുത അംഗീകരിക്കാതെയുള്ള ചര്‍ച്ചകള്‍ക്ക് അര്‍ത്ഥമില്ലെന്നും അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം ദല്‍ഹിയില്‍ എത്തിയിരുന്നു.

വിഷയത്തില്‍ ഇസ്രഈലിനെതിരെ വസ്തുതകള്‍ പ്രസ്താവിക്കാന്‍ പല രാജ്യങ്ങളും മടിക്കുന്നുവെന്നും ഈ സംഘര്‍ഷം ഒരു രാജ്യത്തിനെതിരായ അനാവശ്യമായ ആക്രമണമാണെന്നും മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഫലസ്തീന്‍ അധിനിവേശം ഇസ്രഈല്‍ അവസാനിപ്പിക്കണമെന്നും നിരന്തരമായ ബോംബിടലും കൂട്ടകുരുതിയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രഈല്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

‘ഗസയുടെയോ ഫലസ്തീന്റെയോ വിഷയം ഒരു പുതിയ വിഷയമല്ല, അല്ലെങ്കില്‍ ഹമാസ് കാരണം ഉണ്ടായതുമല്ല. ഹമാസ് 20 അല്ലെങ്കില്‍ 30 വര്‍ഷം മുമ്പ് വന്നതാണ്, എന്നാല്‍ ഈ സംഘര്‍ഷം ഹമാസ് ഇല്ലാതെ തന്നെ 70 വര്‍ഷമായി ഇവിടെയുണ്ട്,’ അദ്ദേഹം പറഞ്ഞു

കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാരുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയേയും അദ്ദേഹം എതിര്‍ത്തു.കാന്തപുരത്തിന്റെ എല്ലാ നിലപാടുകളോടും താന്‍ യോജിക്കുന്നില്ലെന്നും മലേഷ്യല്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: US and Israel solely responsible for West Asia conflicts; mass slaughter cannot be condoned: Malaysian Prime Minister.