ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടക്കുന്ന 18ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ചേരിപ്രദേശങ്ങളെയും നിര്‍ധന മേഖലകളെയും തുണി വെച്ച് മറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി.
ചേരികള്‍ തുണികള്‍ മറച്ച് വെക്കുന്നത് കൊണ്ട് മാത്രം അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മാറില്ലെന്നും എ.എ.പി പറഞ്ഞു. ‘ചേരികള്‍ മറച്ചുവെക്കുന്നത് കൊണ്ട് അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മാറില്ല ഇത് ‘2.6% ജി.ഡി.പി വളര്‍ച്ചയെ 7.8% എന്ന് വിളിക്കുന്നത് പോലെയാണ്,’ പാര്‍ട്ടി പരിഹസിച്ചു.
എക്‌സ് പോസ്റ്റില്‍ ‘വിഷന്‍ 2047’ കണ്ണാടിയില്‍ വികസിത ഇന്ത്യയെ കാണിച്ച്, പുറത്ത് ചേരികളും മാലിന്യങ്ങളും കാണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്താണ് എ.എ.പി പ്രതിഷേധം വ്യക്തമാക്കിയത്.
പ്രധാന അന്താരാഷ്ട്ര പരിപാടികള്‍ നടക്കുമ്പോള്‍ കാഴ്ച മറയ്ക്കുന്നതിനായി ഇത്തരത്തില്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കുന്ന പ്രവണത മുന്‍പും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 12, 13 തീയതികളിലാണ് പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ദല്‍ഹിയില്‍ നടക്കുന്നത്. ഇതിനായി ലോക നേതാക്കള്‍ തലസ്ഥാനത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രധാന പാതയോരങ്ങളിലെ ചേരികളും അനധികൃത കുടിയേറ്റ കേന്ദ്രങ്ങളും കാഴ്ചയില്‍പ്പെടാതിരിക്കാന്‍ സ്‌ക്രീനുകളോ മറകളോ മറ്റ് നിര്‍മിതികളോ ഉപയോഗിച്ച് മറയ്ക്കുന്ന രീതി മുമ്പും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ദല്‍ഹിയില്‍ ഉന്നതതല അന്താരാഷ്ട്ര പരിപാടികള്‍ നടക്കുന്നതിന് മുന്നോടിയായാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരുന്നത്. മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഹമ്മദാബാദില്‍ എത്തിയപ്പോള്‍ ചേരികള്‍ മറയ്ക്കാന്‍ കൂറ്റന്‍ മതില്‍ തന്നെ സര്‍ക്കാര്‍ പണിഞ്ഞിരുന്നു.
Content Highlight: Slums can be screened off with cloth, but the truth cannot be hidden: AAP on the Central Government’s move ahead of the BRICS summit.
