ന്യൂദല്‍ഹി: പാശ്ചാത്യ രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുടെ വളര്‍ച്ച തടയാന്‍ ശ്രമിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. മത്സരത്തിന്റെ പേരില്‍ ആഗോള സാമ്പത്തിക രംഗത്ത് വളരെ മോശം കാര്യങ്ങളാണ് നടക്കുന്നതെന്നും പുടിന്‍ പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളുടെ മത്സരം വ്യാവസായിക അടിസ്ഥാനസൗകര്യങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍, വ്യാപാര നിയന്ത്രണങ്ങള്‍, ഉപരോധങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അന്താരാഷ്ട്ര വ്യാപാര ഇടനാഴികളില്‍ ആസൂത്രിതമായി തടസങ്ങള്‍ ഉണ്ടാക്കുക, കപ്പലുകള്‍ പിടിച്ചെടുക്കുക,തുടങ്ങിയ കാര്യങ്ങള്‍ നടക്കുന്നതായി പരാതിയുണ്ടെന്നും സ്വന്തം താത്പര്യങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ ഏകപക്ഷീയമായി ഉപരോധങ്ങള്‍ ചുമത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങള്‍ ‘ഏതുവിധേനയും’ തങ്ങളുടെ ആഗോള നേതൃത്വം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും, അതിനായി അനാഭികാമ്യമായമാര്‍ഗ്ഗങ്ങള്‍ പോലും ഉപയോഗിക്കുകയാണെന്നും പുടിന്‍ പറഞ്ഞു.കോര്‍പ്പറേറ്റ് വിജയത്തിന് പിന്നില്‍ രൂക്ഷമായ മത്സരമുണ്ടെന്നും, എന്നാല്‍ അത് ഇപ്പോള്‍ രാഷ്ട്രീയ തലത്തിലേക്കും സംസ്ഥാന/രാഷ്ട്ര തലങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ, ലോജിസ്റ്റിക്‌സ് സൗകര്യങ്ങള്‍ക്കും പൈപ്പ് ലൈനുകള്‍ക്കും നേരെയുള്ള ഭൗതിക ആക്രമണങ്ങളും അവയുടെ നാശവും ഇത്തരം നടപടികളില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അന്താരാഷ്ട്ര ഗതാഗത പാതകള്‍ തടയാനും കടല്‍ക്കപ്പലുകള്‍ പിടിച്ചെടുക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്,’ പുടിന്‍ പറഞ്ഞു. കൂടാതെ, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സെക്കന്‍ഡറി ഉപരോധങ്ങള്‍ ഭീഷണിപ്പെടുത്തുന്നതിനും പാശ്ചാത്യ രാജ്യങ്ങളെ അദ്ദേഹം കുറ്റപ്പെടുത്തി.

റഷ്യയ്ക്കെതിരെ 30,000-ത്തിലധികം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പുടിന്‍ പറഞ്ഞു. ഇത് ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും എതിരെ മൊത്തത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളുടെ ഇരട്ടിയോളം വരുമെന്നും അദ്ദേഹം പറഞ്ഞു.

എങ്കിലും, ഈ സമ്മര്‍ദങ്ങള്‍ റഷ്യയുടെ പരമാധികാരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണുണ്ടായതെന്നും, ‘വിശ്വസ്തരും പ്രവചനാതീതമല്ലാത്തതുമായ പങ്കാളികളുമായി’ ബന്ധം ആഴത്തിലാക്കാന്‍ രാജ്യത്തെ ഇത് പ്രേരിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ പങ്കാളികളുമായും സഹകരിക്കാന്‍ ബ്രിക്‌സ് സന്നദ്ധമാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വെള്ളിയാഴ്ച ഇന്ത്യയില്‍ എത്തിയിരുന്നു.

Content Highlight:  Western nations are trying to hinder the growth of other countries: Putin