ന്യൂദൽഹി: ഉക്രൈനിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ സൈന്യത്തെ വിന്യസിക്കാൻ തുനിഞ്ഞാൽ അത് റഷ്യയുമായുള്ള നേരിട്ടുള്ള യുദ്ധമായി മാറുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി.

ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പുടിൻ പാശ്ചാത്യ രാജ്യങ്ങൾക്ക് ശക്തമായ താക്കീത് നൽകിയത്.

‘ഇപ്പോൾ അവർ ഉക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പറയുന്നു. അതിനർത്ഥം റഷ്യയുമായുള്ള യുദ്ധമാണ്’ അദ്ദേഹം പറഞ്ഞു.

ഉക്രൈനിൽ സമാധാന സേനയെ വിന്യസിക്കാൻ ചില യൂറോപ്യൻ നേതാക്കൾ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മോസ്കോ ഈ നീക്കത്തെ തുടക്കം മുതലേ എതിർക്കുകയാണ്. അതേസമയം, യൂറോപ്യൻ രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശൈത്യകാലത്തിന് മുന്നോടിയായി ഉക്രൈന്റെ ഊർജ വിതരണ ശൃംഖലയെ തകർക്കാനും ജനങ്ങളിൽ ഭീതി പരത്താനുമായി റഷ്യ ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ച് വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ് എന്ന് ഉക്രൈൻ അധികൃതർ വ്യക്തമാക്കി.

ഉക്രൈന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സപൊറീഷ്യ നഗരത്തിലെ ജനവാസ മേഖലയിലേക്ക് രാത്രിയിൽ റഷ്യൻ ഡ്രോണുകൾ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക തലവൻ ഇവാൻ ഫെഡോറോവ് അറിയിച്ചു.

ക്രിവി റിഹിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തപ്പോൾ, ഒഡേസയിൽ നടന്ന വൻ ആക്രമണത്തിൽ ഒരു താമസ കെട്ടിടത്തിന്റെ മുകൾനിലകൾ പൂർണമായും തകരുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുപുറമെ ക്രാമറ്റോർസ്കിൽ കാറുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേരും ഷിറ്റോമിർ മേഖലയിൽ പലചരക്ക് കടയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേരും കൊല്ലപ്പെട്ടു.

റഷ്യയുടെ ആക്രമണങ്ങൾക്ക് തിരിച്ചടിയായി റഷ്യയിലെ സമാരയിലും പെർമിലും പ്രവർത്തിക്കുന്ന രണ്ട് രാസവ്യവസായ സ്ഥാപനങ്ങൾക്ക് നേരെ തങ്ങളുടെ സേന ആക്രമണം നടത്തിയതായി ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അവകാശപ്പെട്ടു.

അതേസമയം, ഉക്രൈൻ–പോളണ്ട്, ഉക്രൈൻ–മോൾഡോവ അതിർത്തികളിൽ ഈ ആഴ്ച നടന്ന രണ്ട് ആക്രമണങ്ങൾ റഷ്യ ഭാവിയിൽ ഉക്രൈന്റെ യൂറോപ്യൻ അതിർത്തികളിൽ കൂടുതൽ അക്രമങ്ങൾക്കോ പ്രശ്നങ്ങൾക്കോ മുതിരാൻ സാധ്യതയുണ്ടെന്നതിന്റെ മുന്നറിയിപ്പാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് വ്യക്തമാക്കി.

ഡിസംബറിൽ മയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് ക്ഷണിച്ചാൽ വ്ളാദിമിർ പുടിനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സെലൻസ്കി അറിയിച്ചിട്ടുണ്ട്. എന്നാൽ ചർച്ചകൾക്കായി സെലൻസ്കി മോസ്കോയിലേക്ക് വരണമെന്ന നിലപാടിലാണ് റഷ്യൻ ഭരണകൂടം. നയതന്ത്ര ചർച്ചകൾക്ക് റഷ്യ സന്നദ്ധമാണെങ്കിലും അതിന്റെ പേരിൽ സൈനിക നടപടികൾ നിർത്തിവെക്കില്ലെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും ആവർത്തിച്ചു.

Content Highlight:Sending troops to Ukraine would mean direct war: Vladimir Putin warns Europe.