മറ്റ് ഇന്‍ഡസ്ട്രികളില്‍ താരബാഹുല്യവും കണ്ണഞ്ചിപ്പിക്കുന്ന ബജറ്റുമുള്ള സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ മാത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറുമ്പോള്‍ മലയാളസിനിമ മാത്രം അതില്‍ വ്യത്യസ്തമാണ്. നല്ല കണ്ടന്റുള്ള സിനിമകളാണ് മലയാളികള്‍ പലപ്പോഴും വിജയിപ്പിക്കാറുള്ളത്. സൂപ്പര്‍താര സിനിമകള്‍ക്ക് പകരം ശക്തമായ കണ്ടന്റുള്ള, എല്ലാവര്‍ക്കും കണക്ടാകുന്ന സിനിമകളാണ് മോളിവുഡിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറുന്നത്.

മോഹന്‍ലാലിന്റെ തുടരും കേരളത്തില്‍ നിന്ന് മാത്രം ആദ്യം 100 കോടി നേടിയപ്പോള്‍ അത് വലിയ ചര്‍ച്ചയായിരുന്നു. അതേവര്‍ഷം തുടരുമിനെ മറികടന്ന് ലോകഃ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയത് വീണ്ടും അത്ഭുതപ്പെടുത്തി. എന്നാല്‍ ഈ സിംഹാസനത്തില്‍ വെറും അഞ്ച് മാസം മാത്രമേ ലോകഃക്ക് ഇരിക്കാന്‍ സാധിച്ചുള്ളൂ. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധ നേടിയ ഒരുകൂട്ടം ചെറുപ്പക്കാര്‍ അണിനിരന്ന വാഴ 2 ലോകഃയെ തകര്‍ത്ത് ഇന്‍ഡസ്ട്രി ഹിറ്റിന്റെ സ്ഥാനം അലങ്കരിച്ചു.
എന്നാല്‍ ലോകഃയെപ്പോലെ അഞ്ച് മാസം മാത്രമേ വാഴ 2നും ആയുസുണ്ടായിരുന്നുള്ളൂ. നിവിന്‍ പോളി നായകനായ ബെത്‌ലഹേം കുടുംബ യൂണിറ്റാണ് ഇന്‍ഡസ്ട്രി ഹിറ്റിന്റെ പുതിയ അവകാശി. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് മാത്രം 130 കോടിക്ക് മുകളില്‍ സ്വന്തമാക്കിക്കഴിഞ്ഞു. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 300 കോടിയും ചിത്രം നേടിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലെ ഒരുപാട് റഫറന്‍സുകള്‍ ഈ രണ്ട് സിനിമകളുടെയും വിജയത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ മീം കള്‍ച്ചറുകളെ കൃത്യമായി ഉപയോഗിക്കാന്‍ രണ്ട് സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഇപ്പോഴിതാ വാഴ 2, ബെത്‌ലഹേം കുടുംബ യൂണിറ്റ് പോലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറാന്‍ സാധ്യതയുള്ള മറ്റൊരു ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് സിനിമാപേജുകള്‍.
കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തില്‍ പുറത്തുവന്ന മോഹിനിയാട്ടത്തിനും ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ അര്‍ഹതയുണ്ടായിരുന്നെന്നാണ് ചില സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. സമീപകാലത്ത് വന്നതില്‍ ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിച്ച ചുരുക്കം സിനിമകളിലൊന്നാണ് മോഹിനിയാട്ടമെന്ന് സംശയമില്ലാതെ പറയാനാകും. ചിത്രത്തിന്റെ റിപ്പീറ്റ് വാല്യുവും എടുത്തുപറയേണ്ടതാണ്.

സോഷ്യല്‍ മീഡിയ റഫറന്‍സുകള്‍ക്കൊപ്പം മറ്റ് സിനിമകളുടെ സ്പൂഫ് സീനുകളും മോഹിനിയാട്ടത്തെ കൂടുതല്‍ മികച്ചതാക്കി. വാഴ 2വുമായുള്ള ക്ലാഷിനിടയിലും ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിയിരുന്നു. സോളോ റിലീസായിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ കളക്ഷന്‍ ലഭിച്ചേനെയെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Cinema pages suggesting that Mohiniyattam movie should’ve became Industrial hit in Kerala
