ഭോപ്പാല്‍: മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ രാമേശ്വര്‍ ശര്‍മ. ഭോപ്പാലിലെ ഹുസൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ ശര്‍മ, നഗരത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്.
ഭോപ്പാലിലെ കരോന്ദ് ചൗരഹായില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു സംഭവം. രാജ്യത്തിന്റെ സൈനിക ശേഷിയെക്കുറിച്ചും മിസൈല്‍ സാങ്കേതികവിദ്യയെക്കുറിച്ചും സംസാരിക്കുന്നതിനിടയില്‍, ‘കരോന്ദ് ചൗരഹായില്‍ നിന്ന് ഒരു മിസൈല്‍ തൊടുത്തുവിട്ടാല്‍ അത് ഖാസി ക്യാമ്പില്‍ പോയി വീഴണം’ എന്ന് എം.എല്‍.എ പ്രസ്താവിക്കുകയായിരുന്നു. ഭോപ്പാലിലെ പ്രമുഖ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ഖാസി ക്യാമ്പ്.
സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ എം.എല്‍.എ വിശദീകരണവുമായി രംഗത്തെത്തി. താന്‍ ഉദ്ദേശിച്ചത് ഭോപ്പാലിലെ ഖാസി ക്യാമ്പിനെയല്ലെന്നും പാകിസ്ഥാനിലെ ഇസ്‌ലാമാബാദിലുള്ള സ്ഥലത്തെയാണെന്നുമാണ് അദ്ദേഹം വാദിച്ചത്. എന്നാല്‍ ഇസ്‌ലാമാബാദില്‍ ഇത്തരം ഒരു സ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഈ ന്യായീകരണം തള്ളി.
സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ച ബി.ജെ.പി എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
Content Highlight: Missile should be fired at Muslim-majority area; Madhya Pradesh BJP MLA makes hate speech.
