അഫ്ഗാനിസ്ഥാനെതിരായ അടുത്ത രണ്ട് ടി-20 മത്സരത്തില്‍ നിന്ന് സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പുറത്തായതായി ക്രിക്ബസ് റിപ്പോര്‍ട്ട്. മാത്രമല്ല ഏഷ്യന്‍ ഗെയിംസില്‍ നിന്ന് താരം പുറത്തായേക്കുമെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായെങ്കിലും അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ താരത്തിന് വീണ്ടും പരിക്ക് പറ്റുകയായിരുന്നു.

പരിക്കുമൂലം വരുണ്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഐ.പി.എല്ലിനിടെ ഇടതുകാലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയില്‍ നിന്നും പിന്നീട് സിംബാബ്‌വേയ്ക്കെതിരായ മൂന്ന് മത്സര പരമ്പരയില്‍ നിന്നും വരുണിന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയിട്ടും വലിയ തിരിച്ചടിയാണ് താരത്തിനും ടീമിനും നിലവില്‍ സംഭവിച്ചിരിക്കുന്നത്.

അതേസമയം അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 35 കാരനായ വരുണ്‍ തന്റെ നാല് ഓവറില്‍ നിന്ന് 16 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വമ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസമായി ഇന്ത്യ മറികടക്കുകയായിരുന്നു.

അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 32 പന്തില്‍ ഏഴ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 82 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 256.25 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേക് ബാറ്റ് വീശിയത്.

പരമ്പരയിലെ രണ്ടാം ടി-20 സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കും.

Content Highlight: star spinner Varun Chakravarthy has been ruled out of the next two T20 matches against Afghanistan