ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ എല്ലാ പദവികളും രാജിവെച്ച് മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. റാവത്തിന്റെ പി.എ ചന്ദന്‍ സിങ് ജീനയുടെ ഡെറാഡൂണിലെ വീട്ടിലെ ഇ.ഡി റെയ്ഡിന് പിന്നാലെയാണ് നീക്കം. ഉത്തരാഖണ്ഡ് പി.സി.സി എക്‌സിക്യൂട്ടീവ് അംഗം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് എന്നീ സ്ഥാനങ്ങളാണ് രാജിവെച്ചത്.
2016ലെ ഉത്തരാഖണ്ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ കമ്മീഷന്‍ ഗ്രാമപഞ്ചായത്ത് വികാസ് അധികാരി പരീക്ഷാ തട്ടിപ്പുമായ ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ.ഡി റാവത്തിന്റെ പി.എ ചന്ദന്‍ സിങ് ജീനയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 32 ലക്ഷം രൂപയും, 200.5 ഗ്രാം സ്വര്‍ണാഭരണങ്ങളും, 12 ആഡംബര വാച്ചുകളും പിടിച്ചെടുക്കുകയും 52.16 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ തന്റെ പി.എ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ അഴിമതിക്കെതിരെ പാര്‍ട്ടി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് തന്റെ പേര് തടസമാവരുതെന്ന് പറഞ്ഞ് അദ്ദേഹം രാജിവെക്കുകയായിരുന്നു.
കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും തനിക്ക് ലജ്ജ തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: ED raid at PA’s residence: Former Uttarakhand Chief Minister Harish Rawat resigns from all Congress posts.
