അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി-20 മത്സരത്തില്‍ വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്ത ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ മുന്‍ ചീഫ് സെലക്ടറുമായ ക്രിസ് ശ്രീകാന്ത്.

പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും അടങ്ങുന്ന ടീം മാനേജ്‌മെന്റ് സൂര്യവംശിയോടും സഞ്ജു സാംസണിനോടും കാണിക്കുന്നത് അനീതിയാണെന്ന് ശ്രീകാന്ത് പറഞ്ഞു.

ക്രിസ് ശ്രീകാന്ത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ശ്രീകാന്തിന്റെ വിമര്‍ശനം.

നേരത്തെ സിംബാബ്‌വേയ്‌ക്കെതിരെ നടന്ന ടി-20 പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് ആയിരുന്നിട്ടും അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സൂര്യവംശിയെ ഒഴിവാക്കി സഞ്ജുവിനെയാണ് ഓപ്പണറായി ഇറക്കിയത്. എന്നാല്‍ ലഭിച്ച അവസരത്തില്‍ 10 റണ്‍സ് മാത്രമെടുത്ത് സഞ്ജു പുറത്താവുകയും ചെയ്തു.

‘ആദ്യ മത്സരത്തില്‍ വൈഭവ് സൂര്യവംശി കളിക്കാത്തതുകൊണ്ട് ഞങ്ങള്‍ ക്രിക്കറ്റ് മാറ്റിവെച്ച് ഒരു സിനിമ കാണാന്‍ തുടങ്ങി. കഴിഞ്ഞ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി സീരീസ് ആയ കളിക്കാരനെ എങ്ങനെയാണ് അടുത്ത മത്സരത്തില്‍ ഒഴിവാക്കുക എന്ന് ചോദിച്ച് എന്റെ പങ്കാളി പോലും ബഹളം വെക്കാന്‍ തുടങ്ങി. അവര്‍ക്ക് പോലും ഈ തീരുമാനം മനസ്സിലാകുന്നില്ല.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

നിങ്ങള്‍ സൂര്യവംശിയോട് ഒട്ടും ശരിയായ രീതിയിലല്ല പെരുമാറുന്നത്. ഇനി അടുത്ത മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ പോലും, റണ്‍സ് അടിച്ചില്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്താകുമോ എന്ന ഭയത്തിലാകും അവന്‍ കളിക്കുക.

ഇത് താരങ്ങളില്‍ സംശയങ്ങളും അരക്ഷിതാവസ്ഥയും ഉണ്ടാക്കും. ദുലീപ് ട്രോഫി, ടി-20, ഇന്ത്യ എ, ഐ.പി.എല്‍ തുടങ്ങി എല്ലാ തലങ്ങളിലും തിളങ്ങിയ താരമാണ് സൂര്യവംശി. അവന് കൂടുതല്‍ പ്രോത്സാഹനമാണ് നല്‍കേണ്ടത്,’ ശ്രീകാന്ത് പറഞ്ഞു.

സഞ്ജു സാംസണിനോടും ടീം അനീതിയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ടീം മാനേജ്‌മെന്റ് സഞ്ജു സാംസണിന്റെ കാര്യത്തിലും കളിപ്പിക്കല്‍ തുടരുകയാണ്. എനിക്ക് സഞ്ജുവിനോട് സഹതാപം തോന്നുന്നു. ഒന്നുകില്‍ സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുക, അല്ലെങ്കില്‍ സൂര്യവംശിക്ക് ടീമില്‍ സ്ഥിരത നല്‍കുക. ഇരുവരുടെയും കാര്യത്തില്‍ ഒന്നിടവിട്ട് രണ്ടുമൂന്ന് മത്സരങ്ങള്‍ മാത്രം നല്‍കുന്ന ഈ രീതി കളിക്കാരുടെ ഭാവിക്ക് നല്ലതല്ല,’ ശ്രീകാന്ത് വ്യക്തമാക്കി.

സഞ്ജു സാംസൺ. Photo: BCCI

2026 ടി-20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്ന സഞ്ജു സാംസണ്‍, സമീപകാലത്തെ ഫോമില്ലായ്മ കാരണം ടീമില്‍ സ്ഥിരം സാന്നിധ്യമല്ലാതെ തുടരുകയാണ്.

ഇംഗ്ലണ്ട് പര്യടനത്തിനിടെ സഞ്ജുവിന് പകരം ടീമിലെത്തിയ സൂര്യവംശി മികച്ച പ്രകടനം പുറത്തെടുത്തിട്ടും, അഫ്ഗാനിസ്ഥാനെതിരെ വീണ്ടും മാറ്റങ്ങള്‍ വരുത്തിയത് ടീമിലെ അസ്ഥിരതയെയാണ് കാണിക്കുന്നതെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്നാണ് (സെപ്റ്റംബര്‍ 15) പരമ്പരയിലെ രണ്ടാം മത്സരം. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ, രണ്ടാം ടി-20യും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. അഫ്ഗാനിസ്ഥാനാകട്ടെ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്.

 

Content highlight: Kris Srikkanth Slams Gautam Gambhir’s treatment of Vaibhav Sooryavanshi and Sanju Samson