ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് (സെപ്റ്റംബര്‍ 15) ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയവും ഒപ്പം പരമ്പരയും ലക്ഷ്യമിട്ടാണ് ശ്രേയസ് അയ്യരും സംഘവും കളത്തിലിറങ്ങുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ സഞ്ജു സാംസണ് രണ്ടാം ടി-20യില്‍ അവസരമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സഞ്ജു സാംസൺ
ആദ്യ മത്സരത്തില്‍ എട്ട് പന്ത് നേരിട്ട് വെറും പത്ത് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. രണ്ട് ഫോറുകള്‍ മാത്രമാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ബാറ്റില്‍ നിന്നും പിറവിയെടുത്തത്.
മികച്ച ഫോമില്‍ വൈഭവ് സൂര്യവംശി ബെഞ്ചിലുള്ളതിനാല്‍ സഞ്ജുവിനെ വീണ്ടും പരീക്ഷിക്കുമോ എന്നാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

വൈഭവ് സൂര്യവംശി. Photo: BCCI/x.com
എന്നാല്‍ ഇന്ന് സഞ്ജുവിന് അവസരം ലഭിക്കുകയും, അത് കൃത്യമായി വിനിയോഗിക്കുകയും ചെയ്താല്‍ ഒരു ചരിത്ര നേട്ടവും സഞ്ജുവിന് സ്വന്തമാക്കാം. 9,000 ടി-20 റണ്‍സെന്ന നേട്ടമാണ് താരത്തിന് മുമ്പിലുള്ളത്. ഇതിന് വേണ്ടതാകട്ടെ 80 റണ്‍സും.

സഞ്ജു സാംസൺ. Photo: BCCI/x.com
ലോകകപ്പില്‍ ഇന്ത്യയ്ക്കായി കാഴ്ചവെച്ച പ്രകടനം ഇന്ന് പുറത്തെടുത്താല്‍ 9,000 ടി-20 റണ്‍സ് നേടുന്ന 35ാം താരമാകാനും അഞ്ചാം ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിക്കും.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം ഇന്നിങ്‌സ് റണ്‍സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 413 – 14,218
രോഹിത് ശര്‍മ – 459 – 12,531
ശിഖര്‍ ധവാന്‍ – 331 – 9,797
സൂര്യകുമാര്‍ യാദവ് – 347 – 9,729
സഞ്ജു സാംസണ്‍ – 331 – 8,920
കെ.എല്‍. രാഹുല്‍ – 240 – 8,718
സുരേഷ് റെയ്‌ന – 319 – 8,654
തന്റെ ടി20 കരിയറില്‍ ഇന്ത്യന്‍ ദേശീയ ടീമിന് പുറമെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായും ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടിയുമാണ് താരം കളത്തിലിറങ്ങിയത്.

സഞ്ജു സാംസൺ. Photo: CSK/x.com
കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെയും ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ സഞ്ജു പ്രതിനിധീകരിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് കളത്തിലിറങ്ങിയാല്‍ 350 ടി-20 മത്സരമെന്ന കരിയര്‍ നേട്ടത്തിലെത്താനും സഞ്ജുവിന് സാധിക്കും. അന്താരാഷ്ട്ര തലത്തില്‍ 67 മത്സരങ്ങളില്‍ താരം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
Content Highlight: Sanju Samson need 80 runs to complete 9,000 runs in T20 format
