ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ ചരിത്രമെഴുതിയ ഫിയോറെന്റീനയുടെ അര്‍ജന്റൈന്‍ യുവതാരം ഫ്രാങ്കോ മസ്റ്റാന്റുവാനോ. റയല്‍ മാഡ്രിഡില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബിലെത്തിയ താരം ഹാട്രിക് നേടിയാണ് സ്വന്തം ടീമിന്റെ ചരിത്രത്തിനൊപ്പം ഇറ്റാലിയന്‍ ലീഗിന്റെ ചരിത്രവും തിരുത്തിക്കുറിച്ചത്.

വെനീസിയക്കെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം പിറവിയെടുത്തത്. മസ്റ്റാന്റുവാനോയുടെ മികവില്‍ ഫിയോറെന്റീന രണ്ടിനെതിരെ നാല് ഗോളിന് വിജയിക്കുകയും ചെയ്തു.

അകോര്‍ ആദംസും അന്റോയിന്‍ ഹെയ്‌നൗട്ടും വെനീസിയക്കായി ഗോള്‍ കണ്ടെത്തിയപ്പോള് മാറ്റിയോ പെലെഗ്രിനോയാണ് ഫിയോറെന്റീനയുടെ നാലാം ഗോള്‍ കണ്ടെത്തിയത്.

മത്സരത്തിന്റെ 29, 30, 84 മിനിട്ടുകളിലായിരുന്നു മസ്റ്റാന്റവാനോയുടെ ഗോള്‍ നേട്ടം. ഇതോടെ യൂറോപ്പിന്റെ ടോപ്പ്-ടയര്‍ ലീഗുകളില്‍ (പ്രീമിയര്‍ ലീഗ്, ലാ ലിഗ, ബുണ്ടസ് ലീഗ്, ലീഗ് വണ്‍, സീരി എ) ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റൈന്‍ താരമെന്ന നേട്ടവും അര്‍ജന്റൈന്‍ ഇന്റര്‍നാഷണല്‍ സ്വന്തമാക്കി.

19 വയസും 28 ദിവസവും പ്രായമുള്ളപ്പോഴാണ് മസ്റ്റാന്റുവാനോ ഹാട്രിക് നേടിയത്. 2007ല്‍ ബാഴ്‌സയ്‌ക്കൊപ്പം മെസി സൃഷ്ടിച്ച റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 19 വയസും 259 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു മെസിയുടെ ഹാട്രിക് നേട്ടം. അതായത് മെസിയെക്കാള്‍ 231 ദിവസം കുറവ്!

ഇതിനൊപ്പം ഇറ്റാലിയന്‍ സീരി എയില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദേശ താരമെന്ന നേട്ടവും മസ്റ്റാന്റുവാനോ തന്റെ പേരിലാക്കി.

2013ല്‍ സാംപ്‌ദോറിയയ്ക്കായി 19 വയസും 11 മാസവുമുള്ളപ്പോള്‍ ഹാട്രിക് നേടിയ മൗറോ ഇക്കാര്‍ഡിയെ മറികടന്നാണ് മസ്റ്റാന്റുവാനോ സീരി എ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ വിദേശ താരമായി മാറിയത്.

കൂടാതെ ഫിയോറെന്റീനയുടെ 90 വര്‍ഷത്തെ റെക്കോര്‍ഡും താരം തകര്‍ത്തിരിക്കുകയാണ്. ടീമിനായി സീരി എ ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അര്‍ജന്റൈന്‍ വണ്ടര്‍ കിഡ് തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു.

1933ല്‍ 20 വയസും ഒരു മാസവുമുള്ളപ്പോള്‍ ഫിയോറെന്റീനയ്ക്കായി ആദ്യ ഹാട്രിക് നേടിയ വിനീഷ്യോ വിയാനിയുടെ റെക്കോഡ് മറികടന്നാണ് താരത്തിന്റെ നേട്ടം.

അതേസമയം, ലീഗില്‍ ഫിയോറെന്റീനയുടെ ആദ്യ വിജയമാണിത്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ടീം വിജയവഴിയിലേക്ക് മടങ്ങിയെത്തിയത്. നാല് മത്സരത്തില്‍ നിന്നും മൂന്ന് പോയിന്റുമായി നിലവില്‍ 15ാം സ്ഥാനത്താണ് ഫിയോറെന്റീന. നാളെയാണ് ടീമിന്റെ അടുത്ത മത്സരം. പിസയാണ് എതിരാളികള്‍.

 

Content Highlight: Franco Mastantuono is the youngest Argentine footballer ever to score a hat-trick in the five major European leagues