കിരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി അഫ്ഗാന്‍ താരം അള്ളാ ഘസന്‍ഫര്‍. ഇന്ന് ഗയാന ആമസോണ്‍ വാറിയേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ ബാര്‍ബഡോസ് ട്രൈഡെന്റ്‌സിന് വേണ്ടി കളത്തിലിറങ്ങിയാണ് ഘസന്‍ഫര്‍ പന്തുമായി വിരുതുകാട്ടിയത്.

നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. ഈ മൂന്ന് വിക്കറ്റുകളും ഒറ്റ ഓവറില്‍ തന്നെയായിരുന്നു.

വാറിയേഴ്‌സ് ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ മാവേന്ദ്ര ഡിന്‍ഡ്യാലിനെ മടക്കിക്കൊണ്ടാണ് ഘസന്‍ഫര്‍ വേട്ടയാരംഭിച്ചത്. എട്ട് പന്തില്‍ ആറ് റണ്‍സുമായി നില്‍ക്കവെ വിക്കറ്റ് കീപ്പര്‍ താരത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

വെടിക്കെട്ട് വീരന്‍ ഷായ് ഹോപ്പാണ് മൂന്നാം നമ്പറായി ക്രീസിലെത്തിയത്. ഘസന്‍ഫറിന്റെ ആദ്യ പന്തില്‍ രക്ഷപ്പെട്ടെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്താകാനായിരുന്നു ഹോപ്പിന്റെ വിധി.

നേരിട്ട രണ്ടാം പന്തില്‍ ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ ഗുഡാകേഷ് മോട്ടിയുടെ കൈകളിലൊതുങ്ങി ഹോപ്പൊന്നും ബാക്കിവെക്കാതെ ഹോപ്പ് മടങ്ങി.

വമ്പനടികള്‍ക്ക് പേരുകേട്ട ഷിംറോണ്‍ ഹെറ്റ്‌മെയറാണ് നാലാമനായി കളത്തിലെത്തിയത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കയ്യിലൊതുങ്ങി ഗോള്‍ഡന്‍ ഡക്കായി കരീബിയന്‍ കൊടുങ്കാറ്റ് അടങ്ങി.

മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും ഘസന്‍ഫറിനെയായിരുന്നു.

അതേസമയം, മത്സരത്തില്‍ ആറ് വിക്കറ്റിന് ട്രൈഡെന്റ്‌സ് ജയം സ്വന്തമാക്കി. വാറിയേഴ്‌സ് ഉയര്‍ത്തിയ 100 റണ്‍സിന്റെ ലക്ഷ്യം 31 പന്ത് ശേഷിക്കെ മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സ് നിരയില്‍ നാല് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. ഓപ്പണര്‍ ഗ്ലെന്‍ ഫിലിപ്‌സ് 23 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് 22 പന്തില്‍ 22 റണ്‍സും നേടി. 24 പന്തില്‍ 18 റണ്‍സ് നേടിയ മെഹിദി ഹസന്‍ മിറാസാണ് മൂന്നാമത് മികച്ച റണ്‍ഗെറ്റര്‍.

ബാര്‍ബഡോസിനായി ഘസന്‍ഫറിന് പുറമെ ജോഹാന്‍ ലെയ്‌നും മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ജോര്‍ഡ് ലിന്‍ഡെ രണ്ട് വിക്കറ്റും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രൈഡന്റ്‌സ് ബ്രാന്‍ഡന്‍ കിങ്ങിന്റെയും (42 പന്തില്‍ 44*), സദ്രാക് ദെക്കാര്‍ത്തെയുടെയും (20 പന്തില്‍ 32) കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

അതേസമയം, സി.പി.എല്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ബാര്‍ബഡോസ് ട്രൈഡെന്റ്‌സ്. പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവുമായി 12 പോയിന്റോടെയാണ് ട്രൈഡന്റ്‌സ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. പത്ത് മത്സരത്തില്‍ എട്ട് ജയവുമായി ഒന്നാമതാണ് വാറിയേഴ്‌സ്.

 

Content Highlight: Allah Ghazanfar’s brilliant performance in CPL