വനിതാ ഏഷ്യാ കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ കിരീടം ചൂടിയിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ നഷ്ടപ്പെട്ട തങ്ങളുടെ സാമ്രാജ്യം വീണ്ടെടുത്തത്.

ഇന്ത്യ ഉയര്‍ത്തിയ 184 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ 111ന് പുറത്താവുകയായിരുന്നു. തങ്ങളുടെ ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഇത് എട്ടാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യയുടെ ചാമ്പ്യന്‍മാരാകുന്നത്.

മത്സരശേഷം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാക് മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്നും ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ-നയതന്ത്ര ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കവെയാണ് പാക് മന്ത്രിയില്‍ നിന്നും ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചത്.

മത്സരശേഷം 40 മിനിട്ടുകള്‍ കഴിഞ്ഞ ശേഷമാണ് പുരസ്‌കാര വിതരണം ആരംഭിച്ചത്. ശ്രീലങ്കന്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും മെമെന്റോകളും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള മെഡലുകളും ലഭിച്ചു.

റണ്ണേഴ്‌സ് അപ്പ് ചെക് സ്വീകരിച്ച ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമരി അത്തപ്പത്തു സംസാരിച്ച ശേഷം ബ്രോഡ്കാസ്റ്റിങ് അവസാനിപ്പിക്കുകയായിരുന്നു.

വിജയികള്‍ക്കുള്ള കിരീടം നല്‍കാന്‍ നഖ്‌വി മാത്രമാണ് മുന്നോട്ടുവന്നത്. എന്നാല്‍ ഇന്ത്യന്‍ ടീം തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ടീം ഏഷ്യാ കപ്പ് വിജയിച്ചപ്പോഴും മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്നും ട്രോഫി സ്വീകരിക്കാന്‍ സൂര്യയും സംഘവും കൂട്ടാക്കിയിരുന്നില്ല.

എ.സി.സി ആസ്ഥാനത്തേക്കാണ് മൊഹ്‌സിന്‍ നഖ്‌വി ഇന്ത്യയ്ക്ക് അവകാശപ്പെട്ട ട്രോഫി കൊണ്ടുപോയത്. ഇന്ത്യയാകട്ടെ ട്രോഫിയില്ലാതെയാണ് അന്ന് കിരീട വിജയം ആഘോഷിച്ചത്.

Photo: BCCI

ആ ട്രോഫി ഇതുവരെയും ബി.സി.സി.ഐയ്‌ക്കോ, ഇന്ത്യന്‍ ടീമിനോ നല്‍കിയിട്ടില്ല. തന്റെ കയ്യില്‍ നിന്ന് തന്നെ ഇന്ത്യ ട്രോഫി വാങ്ങണമെന്ന് നഖ്‌വിയും, നഖ്‌വിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ഇന്ത്യന്‍ ടീമും നിലപാട് കടുപ്പിച്ചതോടെയാണ് പുരുഷ കിരീടം ഇപ്പോഴും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ആസ്ഥാനത്ത് തുടരുന്നത്. ആ ട്രോഫിക്ക് കൂട്ടായി വനിതാ ടീമിന്റെ കിരീടവും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ആസ്ഥാനത്തേക്ക് എത്തുകയാണ്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ പാകിസ്ഥാന്‍ നേടിയ കിരീടങ്ങളേക്കാള്‍ കൂടുതല്‍ ഏഷ്യാ കപ്പുകള്‍ ഇന്ത്യന്‍ ടീം നിരസിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചകള്‍.

കഴിഞ്ഞ 25 വര്‍ഷത്തില്‍ 2012ല്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പുരുഷ ടീം കിരീടം നേടിയതൊഴിച്ചാല്‍ പാകിസ്ഥാന്‍ പുരുഷ-വനിതാ ടീമുകള്‍ ഒരിക്കല്‍പ്പോലും ഏഷ്യയുടെ ചാമ്പ്യന്‍മാരാകാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഈ കാലയളവില്‍ ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ചേര്‍ന്ന് 13 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

 

Content Highlight: Women’s Asia Cup: Like the men’s team last year, the Indian women’s team did not accept the trophy from Mohsin Naqvi.