കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാരുമായി കൂടിക്കാഴ്ച നടത്തി മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം കോഴിക്കോടെത്തിയത്.
പുതിയകാലത്തെ ഉപയോഗപ്പെടുത്തുകയും വെല്ലുവിളികള്‍ നേരിടാന്‍ സജ്ജരാവുകയും വേണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞു.’എന്താ വര്‍ത്താനം’ എന്ന് കോഴിക്കോടന്‍ മലയാളത്തില്‍ ചോദിച്ച് കൊണ്ടായിരുന്നു അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്.
‘കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്. മലബാര്‍ തീരവും മലേഷ്യയും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമുണ്ട്. ആ പൈതൃക ബന്ധം നമുക്ക് പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ഈ യാത്ര അതിന് സഹായമാകുമെന്നാണ് പ്രത്യാശിക്കുന്നത്. മാനവികതയെ ബഹുമാനിക്കുക, വിവിധ ജനസമൂഹങ്ങള്‍ക്കും മതങ്ങള്‍ക്കുമിടയില്‍ സൗഹൃദം സൂക്ഷിക്കുക എന്നത് പ്രധാനമാണ്,’ അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. കൊളോണിയലിസവും സാമ്രാജ്യത്വവും ഇപ്പോള്‍ ഇവിടെയില്ല. എന്നാല്‍, വിജ്ഞാനമില്ലെങ്കില്‍ നാം വീണ്ടും അത്തരമൊരു അവസ്ഥയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചും ഗ്രാന്‍ഡ് മുഫ്തി തന്നോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ പോലുള്ള പണ്ഡിതര്‍ ”ഉത്തരവാദിത്വ ഐ.ഐ ടൂള്‍ പദ്ധതി’യെകുറിച്ച് സംസാരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞു. പുതിയ കാലത്തെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയും വെല്ലുവിളികള്‍ നേരിടുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് തന്റെ ഔദ്യോഗിക വിമാനത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീം കരിപ്പൂരില്‍ എത്തിയത്. മന്ത്രി ടി.സിദ്ദീഖീന്റെയും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെയും എം.എല്‍.എമാരായ ടി.വി ഇബ്‌റാഹീം, അഷ്‌റഫലി തുടങ്ങിയവരുടെയും നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, മാനേജര്‍ സി.മുഹമ്മദ് ഫൈസി, ചാലിയം കരീംഹാജി, കുറ്റൂര്‍ അബ്ദുറഹ്‌മാന്‍ ഹാജി തുടങ്ങിയ നേതാക്കളാണ് അദ്ദേഹത്തെ മര്‍കസില്‍ സ്വീകരിച്ചത്.
Content Highlight:Kerala’s cultural heritage holds a significant place in history; Malaysian Prime Minister meets Kanthapuram.
