നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് മലയാള സിനിമയിൽ പുതിയ ബോക്‌സ് ഓഫീസ് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ 305 കോടി കളക്ഷൻ നേടിയ ചിത്രം, 2025-ൽ പുറത്തിറങ്ങിയ ലോകഃ ചാപ്റ്റർ 1: ചന്ദ്ര നേടിയ 302.65 കോടിയുടെ ആഗോള കളക്ഷൻ മറികടന്ന് എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറി.
ഇതോടെ ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ ഇടം നേടുന്ന മലയാള ചിത്രമായും ഇത് മാറി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ബെത്‌ലഹേം കുടുംബ യൂണിറ്റ് വിജയകരമായി പ്രദർശനം തുടരുകയാണ്.
പ്രധാന കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, സിനിമയിലെത്തുന്ന സഹകഥാപാത്രങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യവും സ്‌ക്രീൻ സ്‌പേസും നൽകുന്നു എന്നതാണ് ഗിരീഷ് എ.ഡി. സിനിമകളുടെ പ്രത്യേകത.
ഇതിനെ അക്ഷരംപ്രതി ശരിവെക്കുന്നതാണ് ബെത്‌ലഹേമിൽ നിവിൻ പോളിക്കും മമിത ബൈജുവിനും പുറമെ സുരേഷ് കൃഷ്ണ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ, ശ്രീന്ദ തുടങ്ങിയവരുടെ പ്രകടനങ്ങൾ.

ജാസർ ക്ലിക്‌സ്. Photo. Screen grab/ Youtube
ഇവർക്കൊപ്പം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ദേവദത്ത് എന്ന കഥാപാത്രം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജാസർ ക്ലിക്‌സ് അവതരിപ്പിച്ച ഈ കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.
ബെത്‌ലഹേമിൽ തന്റെ കൂടെ അഭിനയിച്ചവരെല്ലാം തന്നെ സിനിമകൾ ചെയ്യുന്നവരായതുകൊണ്ട്, പുതിയൊരാൾ എന്ന നിലയിൽ തനിക്ക് പേടിയുണ്ടായിരുന്നു എന്ന് പറയുകയാണ് ജാസർ. നിവിൻ പോളിയോടൊപ്പം ആക്ഷൻ സീൻ ചെയ്യുമ്പോൾ പരസ്പരം അടികൊള്ളാത്ത രീതിയിൽ അവതരിപ്പിക്കാൻ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു എന്നും താരം പറഞ്ഞു.
‘ബെത്‌ലഹേമിൽ നിവിൻ ചേട്ടനുമായുള്ള ആക്ഷൻ സീനൊക്കെ ചെയ്യുമ്പോൾ നല്ല പേടിയുണ്ടായിരുന്നു. സെറ്റിൽ എത്തിയപ്പോൾ എനിക്ക് തോന്നി ഞാൻ മാത്രമാണ് പുതിയൊരാൾ എന്ന്. കാരണം ബാക്കിയുള്ള അഭിനേതാക്കളൊക്കെ ഒന്നുകിൽ ഗിരീഷ് എ.ഡി. യൂണിവേഴ്‌സിൽ ഉള്ളവരോ അല്ലെങ്കിൽ അത്യാവശ്യം സിനിമകളിലൊക്കെ അഭിനയിച്ചിട്ടുള്ള ആളുകളോ ആണ്.
അതുകൊണ്ട് അവർക്ക് സിനിമയുടെ കറക്റ്റ് മീറ്റർ അറിയാം. ആക്ഷൻ സീനൊക്കെ ചെയ്യുമ്പോൾ എങ്ങനെ ചെയ്താൽ അടി കൊള്ളാതെ പോകും എന്നൊക്കെ അവർക്കറിയാം. പക്ഷേ ഞാൻ പുതിയ ആളായതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. പിന്നെ എങ്ങനെയൊക്കെയോ തട്ടിയും മുട്ടിയും റെഡിയാക്കി,’ ജാസർ പറഞ്ഞു.
സീനിനു മുമ്പ് റിഹേഴ്‌സൽ ചെയ്യുന്നതിലടക്കം നിവിൻ പോളിയിൽ നിന്ന് നല്ല സപ്പോർട്ട് ലഭിച്ചിരുന്നു എന്ന് താരം പറയുന്നു. അതുകൊണ്ടുതന്നെ സെറ്റിലുള്ള എല്ലാവരുമായി പെട്ടെന്ന് അടുക്കാൻ സാധിച്ചു എന്നും ജാസർ പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ് . Photo. District
‘നിവിൻ ചേട്ടനൊക്കെ ഭയങ്കര സപ്പോർട്ടാണ്. ഒരു സീൻ ചെയ്യുന്നതിന് മുമ്പാണെങ്കിലും നമ്മളുടെ കൂടെ റിഹേഴ്‌സലൊക്കെ ചെയ്യാൻ വരും. അതുകൊണ്ടുതന്നെ പെട്ടെന്ന് ജെല്ലാവാൻ പറ്റി. ആക്ഷൻ സീനൊക്കെ ചെയ്യുന്നതിന് മുമ്പ് റിഹേഴ്‌സൽ ചെയ്യണമെന്നൊക്കെ എനിക്കുണ്ടായിരുന്നു, പക്ഷേ അവർ അതിന് സമ്മതിക്കുമോ എന്നതായിരുന്നു എന്റെ പേടി.
അങ്ങനെയിരിക്കുമ്പോളാണ് നിവിൻ ചേട്ടൻ വന്നിട്ട് നീയെന്താ ഇങ്ങനെ ഇരിക്കുന്നത്, അടുത്തത് ടേക്ക് ആണ്, നമുക്ക് അതിന് മുന്നേ ഒന്നു ചെയ്തു നോക്കാം എന്ന് പറയുന്നത്. അതുകൊണ്ട് സെറ്റിൽ നമ്മൾ പുതിയ ആളാണെന്ന വേർതിരിവൊന്നുമുണ്ടായിരുന്നില്ല, എല്ലാവരും അടിപൊളിയായിരുന്നു ,’ ജാസർ പറഞ്ഞു.
