ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് ഉര്‍വശി. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഉര്‍വശി പകര്‍ന്നാടാത്ത വേഷങ്ങളും സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളും ബാക്കിയില്ല. ഓരോ സിനിമ കഴിയുന്തോറും പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കുന്ന ഉര്‍വശിയുടെ ഏറ്റവും പുതിയ ചിത്രമായ ആശ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്ത സിനിമയിൽ ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, വിജയരാഘവൻ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഉർവശിയുടെ അഭിനയത്തിനടക്കം ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഉർവശി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഉർവശി. Photo. Screen Grab/ Youtube

സിനിമയിലെ കഥാപാത്രങ്ങളെ അച്ഛൻ, അമ്മ തുടങ്ങിയ വിശേഷണങ്ങളുടെ അടിസ്ഥാനത്തിലല്ല, കഥയിൽ അവർക്കുള്ള പ്രാധാന്യം അനുസരിച്ചാണ് വിലയിരുത്തേണ്ടതെന്ന് ഉർവശി പറയുന്നു.

‘അമ്മ കഥാപാത്രം എന്നൊരു കഥാപാത്രം ഒന്നുമില്ല. ഒരു സിനിമയിൽ ഒരു അമ്മ കഥാപാത്രം വരുമ്പോൾ അത് ആ സിനിമയിലെ തന്നെ കേന്ദ്ര കഥാപാത്രമാവണമെന്നില്ല. ഒരു സിനിമയുടെ കേന്ദ്ര കഥാപാത്രം ഒരു പട്ടിക്കുട്ടിയാണെങ്കിൽ അതാണ് ആ സിനിമയുടെ ഹീറോ. ഈയൊരു കാരണങ്ങൾ കൊണ്ടൊക്കെയാണ് അവാർഡുകൾ എന്ത് അടിസ്ഥാനത്തിലാണ് ഇന്ന് നൽകുന്നതെന്ന് ഞാൻ ഈയിടെ ചോദിച്ചിട്ടുണ്ടായിരുന്നത്,’ നടി പറഞ്ഞു.

ലീഡ് റോളുകൾക്ക് മാത്രം പ്രാധാന്യം നൽകി സപ്പോർട്ടിങ് റോളുകളെ അവഗണിക്കുന്നത് നീതിയല്ലെന്നും ഉർവശി വ്യക്തമാക്കി. ഒരു കഥാപാത്രം കഥയെ എത്രത്തോളം മുന്നോട്ട് നയിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം അതിന്റെ പ്രാധാന്യം വിലയിരുത്തേണ്ടതെന്നും താരം പറയുന്നു.

‘ലീഡ് റോളുകൾ ചെയ്യുന്നവരെ അർഹിക്കുന്ന രീതിയിൽ പരിഗണിക്കുക. എന്നാൽ സപ്പോർട്ടിങ് റോൾ ചെയ്യുന്നവരെ പരിഗണിക്കാതിരിക്കുന്ന ഒരവസ്ഥയുമുണ്ട്. അങ്ങനെ ചെയ്യുമ്പോൾ അത്തരം റോളുകൾ ചെയ്യുന്നവരുടെ വയറ്റിൽ തീ കോരിയിടുന്ന പരിപാടിയല്ലേ നമ്മൾ ചെയ്യുന്നത്. നീതിക്കപ്പുറത്തേക്ക് ഞാൻ ഒന്നും സംസാരിക്കാറില്ല.

ഉർവശി. Photo. Screen Grab/ Youtube

ആരാണ് ഒരു സിനിമയുടെ കഥയിൽ കാര്യമായിട്ടുള്ളത്, ആര് കാരണമാണ് ആ കഥ മുന്നോട്ട് പോകുന്നത്, ആരാണ് സിനിമയെ നയിക്കുന്നത്, അതോടൊപ്പം പൂർത്തിയാക്കുന്നത്, ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഒരു സിനിമയിലെ കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലാക്കേണ്ടത്. അല്ലാതെ അച്ഛൻ, അമ്മ കഥാപാത്രം, അല്ലെങ്കിൽ ഡോക്ടർ കഥാപാത്രം എന്നൊന്നുമില്ല. ഒരു ഡോക്ടർ ഇങ്ങനെ ബാക്ക്ഗ്രൗണ്ടിലൂടെ കൂടെ നടന്നുപോയാൽ ഒരു കഥാപാത്രമാവുമോ’ ഉർവശി പറഞ്ഞു.

Content Highlight: Urvashi questions the criteria for film awards and the recognition given to supporting roles