സിനിമാജീവിതത്തിലെ 20ാം വര്‍ഷത്തിലേക്ക് കടക്കുകയാണ് പാര്‍വതി തിരുവോത്ത്. ഓരോ സിനിമയിലും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാന്‍ പാര്‍വതിക്ക് സാധിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലും ഷോ സ്റ്റീലര്‍ പാര്‍വതി തന്നെയാണ്. അലീന എന്ന കഥാപാത്രമായി മറ്റാരെയും സങ്കല്പിക്കാനാകാത്തവിധം പാര്‍വതി ഗംഭീരമാക്കി.

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പാര്‍വതി തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ചിട്ടുണ്ട്. ബോളിവുഡ് താരം ഹൃതിക് റോഷന്‍ നിര്‍മിക്കുന്ന വെബ് സീരീസിലും പാര്‍വതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കരിയറില്‍ ചെയ്ത മികച്ച വേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി തിരുവോത്ത് ഇപ്പോള്‍.

പാര്‍വതി തിരുവോത്ത് Photo: Screen grab/ Galatta Plus

ടെസ്സയെ പോലുള്ള കഥാപാത്രങ്ങളെ പലരും പ്രശംസിക്കുമെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് മറ്റ് രണ്ട് കഥാപാത്രങ്ങളാണെന്ന് പാര്‍വതി പറഞ്ഞു. കൂടെ എന്ന ചിത്രത്തിലെ സോഫിയാണ് അതിലൊന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘കൂടെയിലെ സോഫി എന്റെ ഫേവറെറ്റാണ്. അതായത്, ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്ന അത്തരം കഥാപാത്രങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ കഥാപാത്രം അനുഭവിച്ച വേദനകളും അതില്‍ നിന്ന് അവള്‍ പുറത്തുവരുന്ന രീതിയുമെല്ലാം എന്നെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. സോഫിയപ്പോലെ എന്റെ ഫേവറെറ്റുകളിലൊന്നാണ് ആര്‍ക്കറിയാം എന്ന ചിത്രത്തിലെ ഷേര്‍ളി.

ആ കഥാപാത്രത്തിന്റെ ഉള്ളിലും ഒരുപാട് വേദനയും വിഷമവുമുണ്ട്. അതിന്റെ കൂടെ വലിയൊരു രഹസ്യവും കൊണ്ടുനടക്കുന്നയാളാണ് ഷേര്‍ളി. ആ കഥാപാത്രവും സോഫിയെപ്പോലെയാണ്. അതായത്, നമ്മള്‍ക്ക് അധികമൊന്നും ചെയ്യാനില്ലാത്ത റോളുകളിലാകും നമ്മുടെ ഏറ്റവും ലൗഡായിട്ടുള്ള പെര്‍ഫോമന്‍സ് ഉണ്ടാവുക,’ പാര്‍വതി പറഞ്ഞു.

ഷഹദ് സംവിധാനം ചെയ്ത പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ ഗംഭീര പ്രതികരണം നേടി മുന്നേറുകയാണ്. സമീപകാലത്ത് വന്ന മികച്ച ത്രില്ലറുകളിലൊന്നാണ് ഈ ചിത്രം. ആദ്യദിനം വെറും 85 ലക്ഷം മാത്രം നേടിയ ചിത്രം മൂന്ന് ദിവസം കൊണ്ട് നാല് കോടിക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കി. പാര്‍വതിക്ക് പുറമെ മാത്യു തോമസ്, വിജയരാഘവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ഉണ്ണിമായ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.

Content Highlight: Parvathy Thiruvoth about her favorite character