വനിതാ ഏഷ്യാ കപ്പില്‍ കിരീടം ചൂടി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ശ്രീലങ്കയെ 77 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ തങ്ങളുടെ എട്ടാം ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 111ന് പുറത്തായി.
കഴിഞ്ഞ തവണ ശ്രീലങ്കയോട് പരാജയപ്പെട്ട് കൈവിട്ട കിരീടം തങ്ങളുടെ പത്താം ഫൈനലില്‍ ഹര്‍മനും സംഘവും തിരിച്ചുപിടിക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍മാരായ ഷെഫാലി വര്‍മയുടെയും സ്മൃതി മന്ഥാനയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ആദ്യ വിക്കറ്റായി ഷെഫാലി പുറത്താകും മുമ്പ് 129 റണ്‍സാണ് ഇന്ത്യ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്.
39 പന്തില്‍ 68 റണ്‍സുമായാണ് ഷെഫാലി തിരിച്ചുനടന്നത്. ഒമ്പത് ഫോറും രണ്ട് സിക്‌സറും അടക്കം 174.36 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
39 പന്തില്‍ 59 റണ്‍സുമായാണ് മന്ഥാന കരുത്തുകാട്ടിയത്. മൂന്ന് സിക്‌സറും അഞ്ച് ഫോറും അടക്കം 151.28 സ്‌ട്രൈക് റേറ്റില്‍ ബാറ്റ് വീശിയാണ് മന്ഥാന ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (14 പന്തില്‍ 14), റിച്ച ഘോഷ് (13 പന്തില്‍ 17), ജി. കമാലിനി (അഞ്ച് പന്തില്‍ പുറത്താകാതെ 15) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
ശ്രീലങ്കയ്ക്കായി മിതാലി അയോധ്യ ഭണ്ഡാര, ചമാരി അത്തപ്പത്തു. ചാമുദി പ്രബോധ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറിലെ തിരിച്ചടിയേറ്റു. നാല് പന്തില്‍ നാല് റണ്‍സടിച്ച ഇമേഷ ദുലാനിയെ പുറത്താക്കി ക്രാന്തി ഗൗണാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുടെ മൂര്‍ദ്ധാവില്‍ ആദ്യ പ്രഹരമേല്‍പ്പിച്ചത്.
രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവും വിഷ്മി ഗുണരത്‌നെനെയും ചേര്‍ന്ന് അര്‍ധ സെഞ്ച്വറിയുമായി ചെറുത്തുനില്‍പ്പ നടത്തിയെങ്കിലും പത്താം ഓവറില്‍ ഇരുവരെയും പുറത്താക്കി ദീപ്തി ശര്‍മ ഇരട്ട പ്രഹരമേല്‍പ്പിച്ചു.
32 പന്തില്‍ 36 റണ്‍സടിച്ച ചമാരിയെ റിച്ച ഘോഷ് സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോള്‍ 22 പന്തില്‍ 20 റണ്‍സ് നേടിയ ഗുണരത്‌നെയെ ബൗള്‍ഡാക്കിയും ദീപ്തി പുറത്താക്കി.
കഴിഞ്ഞ ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായ അര്‍ധ സെഞ്ച്വറി നേടുകയും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഹര്‍ഷിത സമരവിക്രമയെ ഒറ്റയക്കത്തിന് മടക്കി ശ്രീ ചാരിണി ഇന്ത്യയ്ക്കാവശ്യമായ മറ്റൊരു ബ്രേക്ത്രൂവും സമ്മാനിച്ചു.
16 പന്തില്‍ 22 റണ്‍സുമായി നിലാക്ഷി ഡി സില്‍വ പൊരുതാന്‍ ശ്രമിച്ചെങ്കിലും ചാരിണിയുടെ പന്തില്‍ നന്ദിനി ശര്‍മയുടെ കൈകളിലൊതുങ്ങി താരം പുറത്തായി. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ലങ്ക പരാജയത്തിലേക്ക് കൂപ്പുകുത്തി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ലങ്ക 111ന് പുറത്തായി.
ഇന്ത്യയ്ക്കായി ശ്രീ ചാരണി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപ്തി ശര്‍മ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ക്രാന്തി ഗൗഡ്, ഷെഫാലി വര്‍മ, പ്രേമ റാവത്ത് എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
Content highlight: Women’s’ Asia Cup Final: India defeated Sri Lanka
