വനിതാ ഏഷ്യാ കപ്പില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി ഷെഫാലി വര്‍മ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന കിരീടപ്പോരില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ഷെഫാലി ബാറ്റ് കൊണ്ട് കവിത രചിച്ചത്.
39 പന്ത് നേരിട്ട് 68 റണ്‍സാണ് ഷെഫാലി അടിച്ചെടുത്തത്. രണ്ട് സിക്‌സറും ഒമ്പത് ഫോറും അടക്കം 174.36 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
ആദ്യ വിക്കറ്റില്‍ സ്മൃതി മന്ഥാനയ്‌ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഷെഫാലി തിരിച്ചുനടന്നത്. ചാമുദി പ്രബോധയുടെ പന്തില്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിന്റെ കൈകളിലൊതുങ്ങും മുമ്പ് 129 റണ്‍സാണ് മന്ഥാനയ്‌ക്കൊപ്പം ഷെഫാലി സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്.
ബംഗ്ലാദേശിനെതിരായ സെമി ഫൈനല്‍ മത്സരത്തിലും ഷെഫാലി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മൂന്ന് സിക്‌സറും ഏഴ് ഫോറും അടക്കം 160.00 സ്‌ട്രൈക് റേറ്റില്‍ 64 റണ്‍സാണ് താരം അടിച്ചെടുത്തത്.
പന്ത് കൊണ്ടും ഷെഫാലി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. വിക്കറ്റൊന്നും നേടാനായില്ലെങ്കിലും നാല് ഓവറില്‍ 25 റണ്‍സ് മാത്രമാണ് ഷെഫാലി വഴങ്ങിയത്.
കളിയിലെ താരവും ഷെഫാലി തന്നെയായിരുന്നു.

കഴിഞ്ഞ വര്‍ഷം തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടപ്പോഴും അതില്‍ ഷെഫാലി തന്റെ കൈയൊപ്പ് പതിപ്പിച്ചിരുന്നു.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 78 പന്തില്‍ 87 റണ്‍സുമായാണ് ഷെഫാലി ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്. സ്യൂന്‍ ലസിന്റെയും മാരിസാന്‍ കാപ്പിന്റെയും നിര്‍ണായക വിക്കറ്റുകളും താരം സ്വന്തമാക്കി. സെമി ഫൈനലില്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഷെഫാലി തന്നെ ഫൈനലിലെ താരമായത് മറ്റൊരു കാവ്യനീതിയായിരുന്നു.

അതേസമയം. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ സ്മൃതി മന്ഥാനയും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ടീം സ്‌കോര്‍ 132ല്‍ നില്‍ക്കവെ റണ്‍ ഔട്ടായി മടങ്ങും മുമ്പ് 39 പന്തില്‍ 59 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഇരുവരുടെയും കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (14 പന്തില്‍ 14), റിച്ച ഘോഷ് (13 പന്തില്‍ 17), ജി. കമാലിനി (അഞ്ച് പന്തില്‍ പുറത്താകാതെ 15) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
ശ്രീലങ്കയ്ക്കായി മിതാലി അയോധ്യ ഭണ്ഡാര, ചമാരി അത്തപ്പത്തു. ചാമുദി പ്രബോധ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
തങ്ങളുടെ പത്താം ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കുന്ന ഇന്ത്യന്‍ വനിതകള്‍ എട്ടാം കിരീടം ഷെല്‍ഫിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.
Content highlight: Women’s Asia Cup Final: IND vs SL: Shafali Verma scored half century
