രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം എന്ന ഹിറ്റ് സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് മിഥുന്‍ ജയ് ശങ്കര്‍. ചിത്രത്തിലെ ബിബി മോന്‍ എന്ന കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ട മിഥുന്റെ പ്രകടനം ചിത്രത്തിന്റെ വിജയത്തിലെ പ്രധാന ഘടകമായിരുന്നു. ആവേശം വലിയ വിജയമായതിന് പിന്നാലെ മിഥുന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു തമിഴില്‍ പുറത്തിറങ്ങിയ ടൂറിസ്റ്റ് ഫാമിലി.
അബിഷാന്‍ ജീവിന്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ശശികുമാര്‍ അവതരിപ്പിച്ച ധര്‍മദാസ് എന്ന കഥാപാത്രത്തിന്റെ മകനായ നിതുഷന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു മിഥുന്‍ വേഷമിട്ടത്. വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ മിഥുന്റെ പ്രകടനത്തിന് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റാന്‍ സാധിച്ചിരുന്നു. ഇതിന് ശേഷം താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് സൂരി നാായകനായ മണ്ടാടി.

ആവേശം. Photo: The Hans India
കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മലയാളത്തില്‍ സിനിമകള്‍ ഒന്നും ചെയ്യാത്തത് എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് താരം പറഞ്ഞ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. നല്ല കഥാപാത്രങ്ങളാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും ഭാഷ നോക്കിയല്ല സിനിമകള്‍ ചെയ്യുന്നത് എന്നുമായിരുന്നു താരത്തിന്റെ മറുപടി.
‘തമിഴിലേക്ക് മൊത്തമായി ശ്രദ്ധ കേന്ദ്രീകരിച്ചതല്ല. എനിക്ക് വരുന്ന ലിമിറ്റഡായ കഥയില്‍ നിന്നും എന്റെ കരിയറിന് എന്താണ് ഉപയോഗപ്പെടുന്നത് എന്ന് നോക്കി ചെയ്യുന്നതാണ്. എനിക്ക് ആ കഥാപാത്രം ചെയ്യാന്‍ സാധിക്കുന്നുണ്ടോ എന്ന് മാത്രമേ ഇപ്പോള്‍ നോക്കുന്നുള്ളൂ. അല്ലാതെ ഭാഷയൊരു ബുദ്ധിമുട്ടായിട്ട് കാണുന്നില്ല,’ മിഥുന്‍ പറഞ്ഞു.

മണ്ടാടി. Photo: X.com
പായ് വഞ്ചി റേസിനെ ആസ്പദമാക്കി മതിമാരന്‍ പുഗഴേന്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മണ്ടാടി. വെട്രിമാരന്‍ അവതരിപ്പിക്കുന്ന ചിത്രത്തിനായി സൂരി നടത്തിയ കഷ്ടപ്പാടുകള്‍ സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായിരുന്നു. തെലുങ്ക് താരം സുഹാസാണ് ചിത്രത്തിലെ വില്ലന്‍. മിഥുന്‍ ജയ് ശങ്കറിന് പുറമെ മഹിമ നമ്പ്യാരും മണ്ടാടിയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Content Highlight: Aavesham Movie fame Midhun Jai Shankar talks about his movie selection
