മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി മുന്നൂറിലധികം സിനിമകളിൽ നൃത്തസംവിധാനം നിർവ്വഹിച്ച കൊറിയോഗ്രാഫറാണ് പ്രസന്ന സുജിത്. പ്രസന്ന മാസ്റ്റർ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം മൂന്ന് പതിറ്റാണ്ടോളമായി ചലച്ചിത്രരംഗത്ത് സജീവമാണ്.

മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങി മുൻനിര താരങ്ങളുടെ നിരവധി ഹിറ്റ് പാട്ടുകൾക്ക് അദ്ദേഹം നൃത്തസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. സി.ഐ.ഡി മൂസ, രാജമാണിക്യം, ഛോട്ടാ മുംബൈ, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലെ തരംഗമായ ഡാൻസ് നമ്പറുകൾ ഇദ്ദേഹത്തിന്റെ കൊറിയോഗ്രഫിയാണ്.

മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ മികച്ച നൃത്തസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നൃത്തസംവിധാനത്തിന് പുറമെ വിവിധ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായും പ്രസന്ന മാസ്റ്റർ ജനശ്രദ്ധ നേടിയിട്ടുണ്ട്.

ആർ.ജെ ഗദ്ദാഫിയുമായുള്ള പോഡ്‌കാസ്റ്റിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് പ്രസന്ന മാസ്റ്റർ.

പ്രസന്ന മാസ്റ്റർ. Photo. Screen Grab/ Youtube

മലയാള സിനിമയിലൂടെ തന്റെ കരിയർ ആരംഭിക്കാനായതിലും ഈ ഇൻഡസ്ട്രിയിൽ നിലനിൽക്കാനാകുന്നതിലും ഏറെ നന്ദിയുണ്ടെന്ന് പ്രസന്ന മാസ്റ്റർ പറയുന്നു. ചെന്നൈയിൽ ജനിച്ച് വളർന്ന താൻ മലയാള സിനിമയിലൂടെയാണ് തന്റെ യാത്ര ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഈയൊരു ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ സാധിക്കുന്നു എന്നതിൽ തന്നെ ഞാൻ വളരെ ഗ്രേറ്റ്ഫുൾ ആണ്. മലയാള സിനിമ മേഖലയോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. കാരണം ഞാൻ ഇന്ന് എന്താണോ അതിന് മലയാളം ഇൻഡസ്ട്രി മാത്രമാണ് കാരണം.

ഞാൻ ഒരു ഹാഫ് മലയാളിയാണ്, ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. ഡാൻസ് കൊറിയോഗ്രാഫേഴ്സ് ഒക്കെ ചെന്നൈയിലാണ് ഉള്ളത്. പക്ഷെ അങ്ങനെ ഇരിക്കുന്ന ഒരു സമയത്താണ് മലയാളത്തിൽ നിന്നും എന്റെ ജേർണി തുടങ്ങുന്നത്,’ അദ്ദേഹം പറഞ്ഞു.

മലയാള സിനിമയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും, തെങ്കാശിപ്പട്ടണം സിനിമയുടെ സമയത്ത് റാഫിയും ദിലീപും തന്നെ സ്ലാപ്സ്റ്റിക് കോമഡിയുടെ രീതികൾ പഠിപ്പിച്ചെന്നും പ്രസന്ന മാസ്റ്റർ പറയുന്നു. ഹിന്ദി സിനിമയിലേക്കുള്ള അവസരങ്ങൾ ഒരുക്കിത്തന്ന പ്രിയദർശൻ, ജീത്തു ജോസഫ് തുടങ്ങിയ സംവിധായകരോടും മലയാള സിനിമയോടും എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എനിക്ക് തുടക്കത്തിൽ കിട്ടിയ അതേ സ്നേഹവും ബഹുമാനവും ഇന്നും ലഭിക്കുന്നുണ്ട്. ഞാൻ പല കാര്യങ്ങളും പഠിച്ചത് മലയാളം ഇൻഡസ്ട്രിയിൽ നിന്നാണ്. തെങ്കാശിപ്പട്ടണം സിനിമയുടെ സമയത്ത് സ്ലാപ്സ്റ്റിക്കിന്റെ എസ് പോലും എനിക്ക് അറിയില്ലായിരുന്നു, അതായത് ഈ കോമഡി പാട്ടുകൾ എടുക്കുന്നത് എങ്ങനെയാണെന്ന്. ആ സിനിമയുടെ സിറ്റുവേഷൻ കേട്ടപ്പോൾ ഞാൻ റാഫിക്കയോട് പറഞ്ഞത് ‘ചേട്ടാ ഞാൻ ഒരു ബസ് പിടിച്ച് തിരിച്ചു പോകട്ടെ’ എന്നാണ്,’ പ്രസന്ന മാസ്റ്റർ പറഞ്ഞു.

പ്രസന്ന മാസ്റ്റർ നടൻ മോഹൻലാലിനോടൊപ്പം. Photo. Facebook

അവിടെ സ്ലാപ്സ്റ്റിക് കോമഡി എന്താണെന്ന് എന്നെ പഠിപ്പിച്ചത് റാഫിക്കയും ദിലീപേട്ടനുമാണ്. എനിക്ക് ഹിന്ദി സിനിമയിലേക്കുള്ള അവസരങ്ങൾ ഒരുക്കി തന്നത് സംവിധായകരായ പ്രിയദർശൻ സാറും ജീത്തു ജോസഫ് സാറുമൊക്കെയാണ്. അതുകൊണ്ടുതന്നെ ഞാൻ എപ്പോഴും മലയാളത്തോടു കടപ്പെട്ടിരിക്കും, മലയാള സിനിമ എന്റെയും കൂടെ ഇൻഡസ്ട്രിയാണ്,’ പ്രസന്ന മാസ്റ്റർ പറഞ്ഞു.

Content Highlight: Prasanna Master recalls his Malayalam cinema journey