മലയാള ചലച്ചിത്രരംഗത്ത് അഞ്ചു പതിറ്റാണ്ടോളമായി വില്ലൻ, സഹനടൻ എന്നീ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടനാണ് വിജയരാഘവൻ. പ്രശസ്ത നാടകകൃത്തും നടനുമായ എൻ. എൻ. പിള്ളയുടെ മകനായ വിജയരാഘവൻ 1973-ൽ പുറത്തിറങ്ങിയ കാപാലിക എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ന്യൂഡൽഹി, റാംജി റാവു സ്പീക്കിംഗ്, ഏകലവ്യൻ എന്നീ ചിത്രങ്ങളിൽ വിജയരാഘവൻ അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
പിന്നീട് മേലേപ്പറമ്പിൽ ആൺവീട്, സി.ഐ.ഡി. മൂസ, മേരിക്കുണ്ടൊരു കുഞ്ഞാട്, രാമലീല, പൂക്കാലം, കിഷ്കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 2023-ൽ പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

വിജയരാഘവൻ. Photo. X.com
ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിൽ വിജയരാഘവൻ, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാർ. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റ ഭാഗമായി ക്യൂ സ്‌റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവൻ.
ജീവിതത്തിൽ തന്റെ ഏക പ്രചോദനം അഭിനയമാണെന്ന് പറയുകയാണ് വിജയരാഘവൻ. അതുകൊണ്ടുതന്നെ അഭിനയിക്കാതിരിക്കുക എന്നത് തനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണെന്നും നടൻ തുറന്നുപറയുന്നു.
‘എന്റെ ജീവിതം തന്നെ ഞാൻ അഭിനയത്തിന് വേണ്ടി മാറ്റിവെച്ചതാണ്, അതാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അഭിനയമല്ലാതെ വേറൊരു താത്പര്യങ്ങളോ ആഗ്രഹങ്ങളോ എനിക്കില്ല. എനിക്ക് അഭിനയിക്കണം, അഭിനയിക്കാതിരിക്കാൻ പറ്റില്ല. ചിലർ പറയും എനിക്ക് ജോലിയില്ലെങ്കിൽ ഞാൻ നാളെ കൃഷി ചെയ്യാൻ പോകും എന്നൊക്കെ. എനിക്ക് അതൊന്നും പറ്റില്ല, അഭിനയിക്കാതിരിക്കുക എന്ത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം ആണ്,’ നടൻ പറഞ്ഞു.
തനിക്ക് സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ തെരുക്കൂത്തുകളിലെങ്കിലും പോയി അഭിനയിക്കുമെന്ന് പറയുകയാണ് താരം. നാടകങ്ങളൊക്കെ കണ്ടുവളർന്നതുകൊണ്ടുതന്നെ അഭിനയവുമായി വലിയൊരു ബന്ധം ഉടലെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അഭിനയിക്കുന്ന കഥാപാത്രങ്ങളെ ആ സിനിമയുടെ ചിത്രീകരണത്തിനപ്പുറത്തേക്ക് മനസിൽ കൊണ്ടുനടക്കുന്ന ആളല്ല താനെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

വിജയരാഘവൻ. Photo. Screen Grab/ Youtube
‘ഇനിയിപ്പോൾ എന്നെ സിനിമയിലേക്ക് വിളിച്ചില്ലെങ്കിൽ ഞാൻ നാടകം കളിക്കും, ഇനി അതുമില്ലെങ്കിൽ തെരുക്കൂത്തുകളിലെങ്കിലും പോയി അഭിനയിക്കും. അല്ലെങ്കിൽ പിന്നെ എന്റെ കൈയും കാലുമെല്ലാം തളർന്നുപോകണം. കാരണം ഞാൻ അങ്ങനെയൊരു അവസ്ഥയിലാണ്. നമ്മൾ വളർന്നുവന്നത് തന്നെ ഈ നാടകവും അഭിനയവുമൊക്കെയായിട്ട് വലിയൊരു ബന്ധത്തോടെയാണ്.
പിന്നെ ഓരോ കഥാപാത്രങ്ങളായി മാറുമ്പോൾ ഞാൻ അനുഭവിക്കുന്ന ഒരു സുഖമുണ്ട്. പക്ഷേ അഭിനയിച്ചു കഴിഞ്ഞാൽ ഞാൻ ആ കഥാപാത്രത്തെ ഉപേക്ഷിക്കും, അതിനെ വീട്ടിലേക്ക് കൊണ്ടുവരില്ല.
ആക്ഷന് മുമ്പ് തയ്യാറാവുകയും കട്ട് പറഞ്ഞാൽ അത് അവിടെ നിർത്തുകയും ചെയ്യും. ചിലപ്പോൾ അഭിനയിച്ചു കഴിയുമ്പോൾ കണ്ണിൽ നിന്നൊക്കെ വെള്ളം വന്നിട്ടുണ്ടാകും, പക്ഷേ അതെല്ലാം ആ സെറ്റിൽ മാത്രമാണ്. അതിലൂടെ കിട്ടുന്ന ഒരു ആത്മസംതൃപ്തിയുണ്ട്, പക്ഷേ അത് വേറൊരാളോട് പറഞ്ഞാൽ മനസിലാകില്ല,’ വിജയരാഘവൻ പറഞ്ഞു.
