ഓണം റിലീസായെത്തിയ ബിഗ് ബജറ്റ് സിനിമകളെ ബഹുദൂരം പിന്നിലാക്കി ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം മോളിവുഡിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറാൻ പോവുകയാണ്.
റിലീസ് ചെയ്ത് 19 ദിവസം പിന്നിടുമ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ഏറ്റവും വേഗത്തിൽ 250 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ കഴിഞ്ഞദിവസം ഇടംപിടിച്ച ബെത്‌ലഹേമിന്റെ അടുത്ത ഉന്നം 300 കോടിയാണ്.

ജാസർ ക്ലിക്സ്. Photo. Instagram
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായതോടെ പ്രേക്ഷകരിൽ നിന്നും മികച്ച പോസിറ്റീവ് റെസ്‌പോൺസാണ് ലഭിക്കുന്നത്. നിവിൻ പോളിക്കും മമിത ബൈജുവിനും പുറമെ സുരേഷ് കൃഷ്ണ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ, ശ്രീന്ദ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ദേവദത്ത് എന്ന കഥാപാത്രം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജാസർ ക്ലിക്സ് അവതരിപ്പിച്ച ഈ കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്നും പ്രത്യേക കൈയടിയാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ജാസർ.
നടൻ സംഗീത് പ്രതാപുമായി ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചുള്ള പരിചയം നേരത്തെ ഉണ്ടായിരുന്നു എന്ന് ജാസർ പറയുന്നു. പിന്നീട് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ സെറ്റിൽ വെച്ച് കണ്ടപ്പോൾ നീ ഇവിടെയും എത്തിയോ എന്നായിരുന്നു സംഗീത് ചോദിച്ചതെന്നും താരം ഓർത്തെടുക്കുന്നു.
‘ബെത്‌ലഹേമിലേക്ക് വന്നപ്പോൾ സിനിമയിൽ വിനയ് ചേട്ടൻ ഉണ്ടെന്നറിഞ്ഞപ്പോൾ ഭയങ്കര സമാധാനമായിരുന്നു. കാരണം പുള്ളിയെ എനിക്ക് മുന്നേ അറിയാവുന്നതാണ്. അതുപോലെ സംഗീത് ബ്രോയെയും എനിക്ക് അറിയാമായിരുന്നു.
ഒരു ദിവസം ഞാൻ ഇൻസ്റ്റാഗ്രാമിൽ പുള്ളിക്ക് മെസ്സേജ് അയച്ചിരുന്നു, പരിപാടികളൊക്കെ കൊള്ളാം, നന്നായിട്ടുണ്ട്, ഒരു ദിവസം കാണാൻ പറ്റുമായിരിക്കും എന്നൊക്കെ പറഞ്ഞ്. അത് കഴിഞ്ഞ് പിറ്റേ ദിവസം വൈകീട്ട് എം.ജി. റോഡിൽ വെച്ച് ഞാൻ പുള്ളിയെ കണ്ടു.
അപ്പോൾ എടാ നിന്നെ ഇത്ര പെട്ടെന്ന് കാണാൻ പറ്റിയോ എന്ന് ചോദിച്ച് ഷേക്ക് ഹാൻഡ് ഒക്കെ തന്നു. ഇനി എന്നെങ്കിലും ഒരുമിച്ച് അഭിനയിക്കാൻ പറ്റട്ടെ എന്ന് പറഞ്ഞാണ് അന്ന് പിരിഞ്ഞത്. പിന്നീട് ബെത്‌ലഹേമിന്റെ സെറ്റിൽ വെച്ച് കണ്ടപ്പോൾ എടാ നീ ഇവിടെയും വന്നോ എന്നായിരുന്നു പുള്ളി ചോദിച്ചത്. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്,’ ജാസർ പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. District
വിനയ് ഫോർട്ടിനെ മിമിക്രി ചെയ്തതിലൂടെയും ഇൻസ്റ്റാഗ്രാമിൽ ഒരുമിച്ച് കണ്ടന്റ് ചെയ്തതിലൂടെയുമുള്ള പരിചയം സെറ്റിൽ ഏറെ സഹായകരമായെന്നും ജാസർ കൂട്ടിച്ചേർത്തു.
‘വിനയ് ചേട്ടനുമായി അദ്ദേഹത്തിന്റെ സംശയം എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരുമിച്ച് കണ്ടന്റ് ചെയ്തിട്ടുണ്ട്. ഞാൻ പുള്ളിക്കാരനെ മിമിക്രി ചെയ്യുന്നത് കണ്ടിട്ട് എനിക്ക് മെസ്സേജ് അയച്ചിട്ടുമുണ്ടായിരുന്നു.
സെറ്റിൽ കണ്ടപ്പോഴും പുള്ളി ആ ഒരു ചിൽ മൂഡിൽ തന്നെയായിരുന്നു. കൂടാതെ എനിക്ക് പരിചയമുള്ള ഒരാൾ കൂടെയുണ്ടല്ലോ എന്ന സന്തോഷവുമുണ്ടായിരുന്നു. സെറ്റിൽ എത്തിയപ്പോൾ എന്റെ ഭാഗം എങ്ങനെയെങ്കിലും നല്ലരീതിയിൽ ചെയ്തിട്ട് പോകണം എന്നൊരു ചിന്ത മാത്രമായിരുന്നു മനസിൽ ജാസർ ക്ലിക്സ് പറഞ്ഞു.
