2009-ൽ പുറത്തിറങ്ങിയ ‘ഋതു’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോർട്ട്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം പ്രേമത്തിലെ വിമൽ സാർ എന്ന കഥാപാത്രമാണ് വിനയ് ഫോർട്ടിനെ പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കയ്യടി നേടുകയായിരുന്നു.

ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നിവിൻ പോളി – മമിതാ ബൈജു കൂട്ടുകെട്ടിൽ പുറത്തിറങ്ങി, തിയേറ്ററുകളിൽ വൻ കളക്ഷൻ റെക്കോർഡുകൾ കുറിച്ച ബെതെലഹേം കുടുംബ യൂണിറ്റ്, നഹാസ് ഹിദായത്ത് വമ്പൻ ബഡ്ജറ്റിൽ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം എന്നീ ചിത്രങ്ങളിലെ വിനയ് ഫോർട്ടിന്റെ കഥാപാത്രങ്ങൾക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

വിനയ് ഫോർട്ട്. Photo. X.com

2016-ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിന് ശേഷം ദുൽഖർ സൽമാനും വിനയ് ഫോർട്ടും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ഐ ആം ഗെയിം. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പന്ത്രണ്ടുവർഷങ്ങൾക്ക് ശേഷം വീണ്ടും ദുൽഖറുമായി അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് വിനയ് ഫോർട്ട്.

പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം ഒരു ഹ്യൂജ് പാൻ-ഇന്ത്യൻ സ്റ്റാർ എന്ന നിലയിലേക്ക് വളർന്നിട്ടും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ ദുൽഖർ എന്നും ഒരേപോലെയാണെന്ന് പറയുകയാണ് വിനയ് ഫോർട്ട്.

‘എനിക്ക് സന്തോഷം തോന്നിയ കാര്യം, പന്ത്രണ്ട് വർഷം കടന്നുപോയി, അയാൾ പല ഇൻഡസ്ട്രികളിൽ അഭിനയിച്ച് ഒരു ഹ്യൂജ് പാൻ-ഇന്ത്യൻ സ്റ്റാറായി മാറി. പക്ഷേ, ആറ്റിറ്റ്യൂഡിൽ ഒരു തരി പോലും മാറ്റം വന്നിട്ടില്ല. അത്രയും പൊളൈറ്റ് ആയിട്ടാണ് ദുൽഖർ എല്ലാവരോടും പെരുമാറുന്നത്,’വിനയ് ഫോർട്ട് പറഞ്ഞു.

മനുഷ്യത്വത്തിന് മുൻതൂക്കം നൽകുന്ന ഒരു വ്യക്തി കൂടിയാണ് ദുൽഖർ എന്ന് വിനയ് കൂട്ടിച്ചേർത്തു. നടന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെറർ ഫിലിംസിലുള്ളവരും സെറ്റിലുള്ള ആളുകൾക്ക് ഏറെ മുൻഗണന നൽകുന്ന ഒരു ടീമാണെന്നും നടൻ പറഞ്ഞു.

‘ദുൽഖറിന്റെ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്, അവൻ ആൾക്കാരെ ഭയങ്കരമായി ഹാൻഡ്‌പിക്ക് ചെയ്യുന്നതാണ്. ഹ്യൂമാനിറ്റിയിൽ വിശ്വസിക്കുന്ന, മനുഷ്യത്വമുള്ള ആളുകളാണ് ദുൽഖറിന്റെ പ്രൊഡക്ഷൻ ഗ്രൂപ്പിലൊക്കെ വർക്ക് ചെയ്യുന്നത്.

ദുൽഖർ സൽമാൻ. Photo. GQ India

ദുൽഖറിന്റെ മാനേജർ സ്വാമിയൊക്കെ സെറ്റിൽ എല്ലാവരോടും ഭയങ്കര പൊളൈറ്റ് ആയിട്ടാണ് പെരുമാറുക. പ്രൊഡക്ഷൻ ടീം നമ്മുടെ ഭക്ഷണ കാര്യത്തിൽ അടക്കം ഭയങ്കര കെയറിങ് ആണ്. അങ്ങനെ ഒരു അർത്ഥത്തിൽ മനുഷ്യരെ ഭയങ്കരമായി വാല്യൂ ചെയ്യുന്ന ഒരു പ്രൊഡക്ഷൻ ഗ്രൂപ്പാണ് അവരുടേത്,’ വിനയ് ഫോർട്ട് വ്യക്തമാക്കി.

Content Highlight: Vinay Forrt talks about Dulqur salman