നായകനൊപ്പം ആടാനും പാടാനും വേണ്ടി പേരിനൊരു നായികയെ ഇപ്പോഴും കാസ്റ്റ് ചെയ്യുന്ന മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്ന് വ്യത്യസ്തമാണ് മലയാള സിനിമ. ചുമ്മാ ഐ ക്യാന്‍ഡി റോളുകളില്‍ കാസ്റ്റ് ചെയ്യാതെ ശക്തമായ വേഷങ്ങളാണ് നായികമാര്‍ക്ക് മോളിവുഡ് നല്‍കാറുള്ളത്. സ്ത്രീ കേന്ദ്രീകൃത ചിത്രമായ ലോകഃ മോളിവുഡില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയതെല്ലാം വലിയ വാര്‍ത്തയായിരുന്നു.

ശക്തമായ കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്ന നടിമാരാണ് മോളിവുഡിന്റെ ഏറ്റവും വലിയ ശക്തി. സീനിയര്‍ നടിയായ ഉര്‍വശി മുതല്‍ നിലവിലെ സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ മമിത ബൈജു വരെ ഗംഭീര പെര്‍ഫോമന്‍സാണ് ഓരോ സിനിമയിലും കാഴ്ചവെക്കുന്നത്. അടുത്തിടെ ഒ.ടി.ടിയിലെത്തിയ രണ്ട് സിനിമകളിലെ നായികമാരാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

പൃഥ്വിരാജ് ചിത്രം ഐ, നോബഡിയും കുഞ്ചാക്കോ ബോബന്റെ ഉന്മാദവുമാണ് ഈ ചിത്രങ്ങള്‍. ഐ, നോബഡിയില്‍ പാര്‍വതി അവതരിപ്പിച്ച മീരയും ഉന്മാദത്തില്‍ ലിജോ മോളുടെ സൗമ്യയും സമീപകാലത്ത് വന്നതില്‍ വെച്ച് മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ച കഥാപാത്രങ്ങളാണ്. എന്നാല്‍ ഇവരുടെ പെര്‍ഫോമന്‍സിന് ചേര്‍ന്ന ക്യാരക്ടര്‍ ഡെവലപ്‌മെന്റല്ല എഴുത്തുകാര്‍ സമ്മാനിച്ചത്.

പൃഥ്വിരാജ് അവതരിപ്പിച്ച രാജീവന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് മീര. എപ്പോഴും രാജീവനുമായി വഴക്കിടുന്നയാളായിട്ടാണ് മീരയെ ചിത്രീകരിച്ചിട്ടുള്ളത്. ചെയ്യുന്ന കാര്യങ്ങള്‍ കാരണം കുടുംബത്തെ അപകടത്തിലാക്കുന്ന രാജീവനുമായി മീര അകല്‍ച്ചയിലാണ്. ഒരുഘട്ടത്തില്‍ ഡിവോഴ്‌സിന് വരെ മീര ശ്രമിക്കുന്നുണ്ട്. എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സില്‍ നായകന്റെ കൈയിലാണ് പണമെല്ലാം എന്നറിയുമ്പോള്‍ മീര രാജീവനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയാണ്.

അതുവരെ വലിയൊരു വ്യക്തിത്വമുണ്ടെന്നായിരുന്നു മീരയുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ തോന്നുന്നത്. വീണ്ടുവിചാരമില്ലാതെ ഓരോന്നിലേക്ക് എടുത്തുചാടുന്ന രാജീവനെ പലപ്പോഴും ശാസിക്കുന്ന മീരയുടെ കഥാപാത്രത്തെ അവസാനമാകുമ്പോള്‍ ഇല്ലാതാക്കിയിരിക്കുകയാണ്.

ഉന്മാദത്തിലെ സൗമ്യയുടെ കാര്യവും വ്യത്യസ്തമല്ല. ലിജോമോള്‍ ജോസ് എന്ന നടിയുടെ റേഞ്ച് വ്യക്തമാക്കുന്ന കഥാപാത്രമാണ് സൗമ്യ. പൊലീസുകാരന്റെ ഭാര്യ അനുഭവിക്കേണ്ട മാനസികസംഘര്‍ഷങ്ങള്‍ സൗമ്യ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ക്വാര്‍ട്ടേഴ്‌സിലെ ജീവിതം നകരതുല്യമാണെന്ന് സൗമ്യ പലകുറി പരാതിപ്പെടുന്നുണ്ട്. ജോലിയില്‍ നിന്ന് ലീവെടുത്ത് സിനിമയുടെ പിന്നാലെ പോകുന്ന ഷെല്ലിയെ പലപ്പോഴായി സൗമ്യ കുറ്റപ്പെടുത്തുന്നതായി കാണിക്കുന്നുണ്ട്.

 

വീണ്ടും ജോലിയില്‍ കയറുന്ന ഷെല്ലിക്ക് വട്ടച്ചെലവിനായി ഇടക്കെല്ലാം സൗമ്യ പൈസ നല്‍കുന്നുണ്ട്. ജോലിക്ക് കയറിയ ശേഷം വീണ്ടും സിനിമയിലേക്ക് പോകുമെന്ന് ഷെല്ലി പറയുമ്പോള്‍ സൗമ്യ അയാളോട് ദേഷ്യപ്പെടുകയാണ്. എന്നാല്‍ തിരക്കഥക്ക് അഡ്വാന്‍സ് കിട്ടിയെന്ന് ഷെല്ലി പറയുമ്പോള്‍ ആ ദേഷ്യം ഇല്ലാതാകുന്നതായിട്ടാണ് കാണിക്കുന്നത്. രണ്ടാം പകുതിയില്‍ ഷെല്ലിയെ ഇട്ടിട്ട് പോയ സൗമ്യ ക്ലൈമാക്‌സില്‍ വീണ്ടും അയാളുടെ കൂടെ ജീവിക്കുന്നതായി കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

നായകന്റെ മാനിസകാവസ്ഥയോടെ പൊരുത്തപ്പെട്ടുകൊണ്ട്, അയാളെ ഉപേക്ഷിക്കാന്‍ കഴിയാത്തയാളായിട്ടാണ് സൗമ്യ എന്ന കഥാപാത്രത്തെ ഷാഹി മനസില്‍ കണ്ടത്. എന്നാല്‍ ഈയൊരു ആശയത്തെ പ്രേക്ഷകരിലേക്ക് എഴുത്തിലൂടെ എത്തിക്കാന്‍ ഷാഹി കബീറിന് സാധിച്ചില്ലെന്നേ പറയാനാകുള്ളൂ.

നായകനോട് ആദ്യം മുതല്‍ക്കേ ദേഷ്യം കാണിച്ച്, അവസാനം അയാളുടെ കൈയിലെ പണം കണ്ട് കൂടെ നില്‍ക്കുന്ന കഥാപാത്രമായി മീരയെയും സൗമ്യയെയും വരച്ചിട്ടത് എഴുത്തുകാരുടെ പരാജയമാണ്. പലരിലും തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇത് കാരണമാകുന്നുണ്ട്.

Content Highlight: Parvathy and Lijomol’s characters in I Nobody and Unmadham movie discussing