പൊലീസ് ഉദ്യോഗസ്ഥനായി കരിയര്‍ ആരംഭിക്കുകയും പിന്നീട് സിനിമയിലേക്കെത്തിച്ചേരുകയും ചെയ്ത കലാകാരനാണ് ഷാഹി കബീര്‍. പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടനവധി പൊലീസ് ചിത്രങ്ങള്‍ക്കാണ് ഷാഹി കബീര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ജോസഫ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നായാട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ഷാഹി കബീര്‍ ഇല വീഴാ പൂഞ്ചിറ, റോന്ത് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഷാഹി കബീറിന്റെ തിരക്കഥയില്‍ അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ഉന്‍മാദം. മറ്റ് ചിത്രങ്ങള്‍ പോലെ തന്നെ ഒരു പൊലീസുകാരന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ഉന്‍മാദവും ഒരുക്കിയിരുന്നത്. കുഞ്ചാക്കോ ബോബന്‍, ലിജോമോള്‍ ജോസ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ സോണി ലിവില്‍ ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ഉന്‍മാദം. Photo: Book My Show

ചിത്രത്തിന്റെ ആദ്യ പകുതി നന്നായെന്നും എന്നാല്‍ രണ്ടാം പകുതി പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നുമായിരുന്നു പലരും അഭിപ്രായമറിയിച്ചത്. ഇതിന് പിന്നാലെ പൊലീസ് ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന ഷാഹി കബീറിനും കുഞ്ചാക്കോ ബോബനും ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇത്തരത്തിലുള്ള ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. മലയാളത്തില്‍ തന്നെ തുടര്‍ച്ചയായി പട്ടാളക്കഥയെ ആസ്പദമിക്കി സിനിമയെടുത്ത സംവിധായകനെ പോലെ തുടര്‍ച്ചയായി പൊലീസ് ചിത്രങ്ങളെടുക്കുന്ന ഷാഹി കബീറും പതിയെ ഫീല്‍ഡ് ഔട്ടാവുകയാണെന്നും അതിന്റെ സൂചനയാണ് ഇതെന്നും പോസ്റ്റില്‍ പറയുന്നു.

പൊലീസുകാര്‍ക്കിടയിലെ ഡിപ്രഷനും സ്‌ട്രെസും മാത്രം കണ്ട് പ്രേക്ഷകര്‍ക്ക് മടുത്ത് തുടങ്ങിയെന്നും മുമ്പ് ചെയ്ത ജോലിയോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണോ തുടര്‍ച്ചയായി പൊലീസ് ചിത്രങ്ങള്‍ മാത്രം ചെയ്യുന്നതെന്നും പോസ്റ്റില്‍ ചോദിക്കുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും താഴെ കമന്റുകളുണ്ട്. ഒരു സിനിമ മോശമായപ്പോള്‍ ഇത്രയും കുറ്റം പറയേണ്ട കാര്യമില്ലെന്നും ഒരു പരീക്ഷണം നടത്തിയത് വിജയിക്കാത്തതാണെന്നും പലരും അഭിപ്രായപ്പെടുന്നു.

ഷാഹി കബീര്‍. Photo: X.com

നായകന്റെ ഉന്‍മാദാവസ്ഥ കാണിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടതാണെന്നും ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് കാര്യങ്ങള്‍ കൈവിട്ടതെന്നും കമന്റുകളുണ്ട്. അതേസമയം മോഹന്‍ലാലിനെ നായകനാക്കി ഒരു പൊലീസ് ചിത്രം എടുത്ത ശേഷം പൊലീസ് ഴോണര്‍ ഒഴിവാക്കിയാല്‍ മതിയെന്നും ഷാഹിയുടെ സംവിധാനത്തില്‍ താരത്തെ പൊലീസ് വേഷത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെടുന്നവരെയും കാണാം.

Content Highlight: Facebook Post goes viral on social media about Shahi Kabir