മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നെന്ന് നടി രജിഷ വിജയൻ. മമ്മൂട്ടിയുമായി പത്ത് വർഷത്തെ ബന്ധമുണ്ടെന്നും, അദ്ദേഹത്തോട് പലതവണ അവസരം ചോദിച്ചിരുന്നെന്നും രജിഷ പറഞ്ഞു. ഒടുവിൽ മമ്മൂട്ടി തന്നെ ‘കളങ്കാവൽ’ എന്ന സിനിമയുടെ കഥ കേൾക്കാൻ തന്നോട്  ആവശ്യപ്പെടുകയായിരുന്നുവെന്നും താരം വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ തമിഴ് സിനിമയായ സർദാർ-2 വിന്റെ പ്രൊമോഷന്റെ ഭാഗമായി സിനി ഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘മമ്മൂക്കയുമായി പത്ത് വർഷത്തെ ബോണ്ടുണ്ട് എനിക്ക്. ഒരുപാട് തവണ മമ്മൂക്കയോട് ചോദിച്ചിട്ടുണ്ട്, എന്തെങ്കിലും ഒരു ചാൻസ് ഉണ്ടെങ്കിൽ പറയണമെന്ന്. ബാക്ക്ഗ്രൗണ്ടിൽ നടന്നുപോകുന്ന സീൻ ആണെങ്കിലും കുഴപ്പമില്ല, മമ്മൂക്കയ്‌ക്കൊപ്പം ഒരു ഷോട്ട് എങ്കിലും വേണമെന്ന് ഞാൻ പറയാറുണ്ടായിരുന്നു’, രജിഷ പറഞ്ഞു.

രജിഷ വിജയൻ. Photo. Facebook.com

ലെജൻഡറി താരങ്ങൾക്കൊപ്പം ഒരൊറ്റ രംഗത്തിലെങ്കിലും അഭിനയിക്കണമെന്ന് തോന്നുന്നത് സ്വാഭാവികമാണെന്നും രജിഷ പറയുന്നു. സീനിയർ താരങ്ങൾ എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് നേരിട്ട് കാണാനുള്ള ആഗ്രഹമാണ് തനിക്കുമുണ്ടായിരുന്നതെന്ന് താരം പറഞ്ഞു.

‘ഒരു സീനിയർ ക്രിക്കറ്റ് പ്ലെയറിനൊപ്പം ഒരു ജൂനിയർ കളിക്കാരൻ കളിക്കാൻ ആഗ്രഹിക്കില്ലേ, അതുപോലെയാണ്. ലെജൻഡ് ആയിട്ടുള്ള നടൻമാർ എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് കാണാനുള്ള ഒരു കൗതുകവും ആഗ്രഹവും നമുക്കുണ്ടാകില്ലേ. എനിക്ക് മമ്മൂക്ക എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് ഒരു വട്ടം നേരിട്ട് കാണണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ’, രജിഷ പറഞ്ഞു.

കളങ്കാവൽ ചെയ്യുന്നതിനായി മമ്മൂട്ടി തന്നോട് കഥ കേൾക്കാൻ ആവശ്യപെടുകയായിരുന്നു. മമ്മൂട്ടിക്ക് ശേഷം സംവിധായകൻ ജിതിൻ കെ. ജോസ് കഥ പറഞ്ഞ ആദ്യ വ്യക്തി താനായിരുന്നുവെന്നും രജിഷ പറഞ്ഞു.

‘അങ്ങനെ ഒരിക്കൽ മമ്മൂക്ക എന്നോട് ഒരു കഥയുണ്ട് അത് കേട്ട് നോക്കാൻ വേണ്ടി പറയുകയായിരുന്നു. മമ്മൂക്കയോട് കഥ പറഞ്ഞ ശേഷം ജിതിൻ പിന്നെ എന്നോട് കഥ പറയുകയായിരുന്നു. മമ്മൂക്കയ്ക്ക് ശേഷം കാളങ്കാവലിന്റെ കഥ കേൾക്കുന്ന ആൾ ഞാനാണ്. സിനിമയിലെ ഏത് ഫീമെയിൽ കഥാപാത്രത്തെ എടുക്കണം എന്നുള്ള ചോയ്സ് എനിക്കുണ്ടായിരുന്നു. ഏത് കഥാപാത്രമാണ് വേണ്ടത് എന്ന് എന്നോട് ചൂസ് ചെയ്യാൻ വേണ്ടി പറഞ്ഞിട്ടുണ്ടായിരുന്നു,’നടി പറഞ്ഞു.

അതിൽ ദിവ്യ എന്ന കഥാപാത്രമാണ് താരത്തിന് കൂടുതൽ ഇഷ്ടപ്പെട്ടത്. കഥാപാത്രം തനിക്ക് ചെയ്യാൻ ഇഷ്ടപ്പെട്ടതിനൊപ്പം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരവും ലഭിക്കുന്നതായിരുന്നു പ്രധാന ആകർഷണം എന്നും താരം പറഞ്ഞു.

കളങ്കാവൽ. Photo. IMDb

‘അതിൽ ദിവ്യ എന്ന കഥാപാത്രമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. സിനിമയിൽ നമുക്കായി എന്തെങ്കിലും ചെയ്യാൻ വേണ്ടിയിട്ടും പറ്റും, മമ്മൂക്കയ്‌ക്കൊപ്പം ഷോട്ടും കിട്ടും. പിന്നെ അത് നല്ല സിനിമയാണ്, നല്ല ഡയറക്ടറുമാണ്. അപ്പോൾ അത് ചെയ്യാൻ പറ്റിയതിൽ ഭയങ്കര സന്തോഷം ഉണ്ടായി’, രജിഷ കൂട്ടിച്ചേർത്തു.

Content Highlight: Rajisha Vijayan opens up about her desire to act alongside Mammootty