തമിഴിലെ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുകയാണ് ജയിലര്‍ 2. 75ാം വയസിലും തന്റെ സ്വാഗും സ്‌റ്റൈലും കൊണ്ട് തലൈവര്‍ നിറഞ്ഞാടിയപ്പോള്‍ ആരാധകര്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. കരിയറിലെ മൂന്നാമത്തെ 500 കോടി ജയിലര്‍ 2ലൂടെ സ്വന്തമാക്കിയ രജിനിയുടെ ലക്ഷ്യം തമിഴിലെ ആദ്യ 1000 കോടിയാണ്.

കേരളത്തിലും ഗംഭീര കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് 50 കോടി നേടിയ ചിത്രം ഇതിനോടകം 62 കോടിയോളം സ്വന്തമാക്കി. കേരളത്തില്‍ ഒരു തമിഴ് സിനിമയുടെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ എന്ന റെക്കോഡും ജയിലര്‍ 2 സ്വന്തം പേരിലാക്കിക്കഴിഞ്ഞു. വിജയ് ചിത്രം ലിയോയെ മറികടന്നാണ് തലൈവര്‍ ഒന്നാമതെത്തിയത്.

കേരളത്തില്‍ ഒന്നിലധികം 50 കോടി സിനിമകളുള്ള ഒരേയൊരു നടനെന്ന നേട്ടവും ഇതിനോടകം രജിനി സ്വന്തം പേരിലാക്കി. മലയാളത്തില്‍ മോഹന്‍ലാലും നിവിന്‍ പോളിയും മാത്രമുള്ള ലിസ്റ്റിലാണ് സ്‌റ്റൈല്‍ മന്നന്റെ റോയല്‍ എന്‍ട്രി. ജയിലര്‍ 2ന്റെ റിലീസിന് മുമ്പ് കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പ് ഫാക്ടര്‍ മോഹന്‍ലാലിന്റെ സാന്നിധ്യമായിരുന്നു.

എന്നാല്‍ മോഹന്‍ലാലിന്റെ കാമിയോക്ക് പ്രതീക്ഷിച്ച ഇംപാക്ടില്ലെന്ന് ആദ്യദിനം തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ മോഹന്‍ലാല്‍ ഫാന്‍സ് ജയിലര്‍ 2നെ കൈയൊഴിഞ്ഞു. ലാല്‍ ഫാന്‍സിന്റെ സപ്പോര്‍ട്ടില്ലാതെയാണ് ജയിലര്‍ 2 കേരളത്തില്‍ ഇത്രയും വലിയ കളക്ഷന്‍ നേടിയത്. ഇതിന് പിന്നാലെ മറ്റൊരു നേട്ടവും ചിത്രം സ്വന്തമാക്കി.

ജയിലര്‍ 2 ഇത്രയുമുയര്‍ന്ന കളക്ഷന്‍ നേടിയതോടെ കേരള ബോക്‌സ് ഓഫീസിലെ ടോപ് 25 ലിസ്റ്റില്‍ നിന്ന് മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി പുറത്തായിരിക്കുകയാണ്. കേരളത്തില്‍ മമ്മൂട്ടിയുടെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ ഭീഷ്മ പര്‍വ്വത്തിന്റെ പേരിലാണ്. 47 കോടിയാണ് ചിത്രത്തിന്റെ കേരള കളക്ഷന്‍. യഷ്, റിഷബ് ഷെട്ടി തുടങ്ങി അന്യഭാഷാ താരങ്ങള്‍ വരെ കേരളത്തില്‍ നിന്ന് 50 കോടി നേടിയിട്ടും മമ്മൂട്ടിക്ക് ഈ നേട്ടം സ്വന്തമാക്കാനായില്ല.

60 കോടി നേടിയെങ്കിലും ജയിലര്‍ 2ന്റെ തേരോട്ടം ഇവിടെ അവസാനിക്കില്ലെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. കെ.ജി.എഫ് 2 (67 കോടി), ബാഹുബലി 2 (74 കോടി) എന്നീ ചിത്രങ്ങളെ മറികടക്കുകയാകും ജയിലര്‍ 2ന്റെ ലക്ഷ്യം. മോഹന്‍ലാലിന്റെ ക്യാരക്ടറിന് കുറച്ചധികം പ്രാധാന്യമുണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യചിത്രമായി ജയിലര്‍ 2 മാറിയേനെയെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു.

കേരളത്തില്‍ മാത്രമല്ല, ആന്ധ്ര/ തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലും ചിത്രത്തിന് ഗംഭീര കളക്ഷനാണ് ജയിലര്‍ 2ന് ലഭിക്കുന്നത്. രജിനികാന്ത് എന്ന താരത്തിന്റെ ബ്രാന്‍ഡ് വാല്യുവാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നത്.

Content Highlight: Mammootty out from top 25 list in Kerala Box Office after massive run of  Jailer 2 movie